ഡൽഹിസമരങ്ങളിലെ ‘മല്ലു’ സാന്നിധ്യം: വിശദാംശങ്ങൾ തിരഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് പോകുന്ന പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത യുവതീയുവാക്കളുടെ പശ്ചാത്തലം കേന്ദ്ര രഹസ്യാന്വേഷണവിഭാഗം നിരീക്ഷിക്കുന്നു. അംഗീകൃത രാഷ്ട്രീയസംഘടനകളിലല്ലാത്ത നൂറുകണക്കിനാളുകൾ കേരളത്തിൽനിന്ന് സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ യുവത എങ്ങനെ എത്തുന്നുവെന്നും അവരുടെ പിന്നിൽ ആരൊക്കെയാണെന്നും കണ്ടെത്തി റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ സംസ്ഥാന പോലീസിനോട് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് തയ്യാറാക്കും.
സമരത്തിനെത്തുന്ന അംഗീകൃത വിദ്യാർഥി-യുവജന സംഘടനയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും സ്ഥലവും നേതാക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത യുവതീയുവാക്കൾ കൂട്ടമായി കേരളത്തിൽനിന്ന് സമരത്തിൽ എത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. തീവ്രസ്വഭാവമുള്ള സംഘടനകളിലുള്ളവർ, നിരോധിത സംഘടനയുടെ മുൻ പ്രവർത്തകർ എന്നിവർ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവർ സംഘടിച്ച് സമരത്തിനെത്തുന്നതായി രഹസ്യാന്വേഷണവിഭാഗം കരുതുന്നു.
പ്രതിഷേധക്കാർ എവിടെയാണ് താമസിക്കുന്നത്, ഡൽഹിയിലെ പ്രാദേശികബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. പ്രധാന പ്രകടനങ്ങളിലും ആസൂത്രിതമായ പൊതുയോഗങ്ങളിലും മികച്ച തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ഇന്റലിജൻസ് വിവരശേഖരണ സംവിധാനം പുനഃക്രമീകരിക്കാനും ശക്തിപ്പെടുത്താനും ഡൽഹി പോലീസും തീരുമാനിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സി.ജെ.പി. സമരത്തിൽ കൃത്യമായ വിവരങ്ങൾ മുൻകൂട്ടി പോലീസിന് ലഭിച്ചില്ലെന്ന് രഹസ്യാന്വേഷണവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നാണ് വിവരശേഖരണ സംവിധാനം പുനഃക്രമീകരിച്ചത്.
രഹസ്യാന്വേഷണവിഭാഗം ശേഖരിക്കുന്ന നിർണായക വിവരങ്ങൾ
സമരത്തിനായി ഡൽഹിയിലെത്തുന്നവരുടെ പശ്ചാത്തലം, പ്രാദേശിക ബന്ധങ്ങൾ, തീവ്രവാദ-നിരോധിത സംഘടനകളുമായുള്ള ബന്ധം, സഹകരിക്കുന്ന സംഘടനകൾ, സമരത്തിനായുള്ള തയ്യാറെടുപ്പുകൾ, എത്തുന്നവരുടെ എണ്ണം, ആളുകളെ സംഘടിപ്പിക്കുന്ന രീതി, നേതാക്കളുടെ പങ്ക്, അവർക്ക് താമസസൗകര്യം ഒരുക്കുന്ന സ്ഥലങ്ങൾ, സംഘാടകർ, സാമ്പത്തികസഹായം, പ്രാദേശിക ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിനും സ്പെഷ്യൽ ബ്രാഞ്ചിനും നിർദേശം നൽകി. ഏത് സംസ്ഥാനത്തുനിന്ന് എത്രപേർ വരുന്നു, അവരെ എങ്ങനെ അണിനിരത്തുന്നു, പ്രധാന നേതാക്കളുടെയും സംഘാടകരുടെയും വിവരങ്ങൾ എന്നിവയും രേഖപ്പെടുത്തും.
Content Highlights: Central intelligence agencies are investigating the background of non-political youth traveling from Kerala to Delhi for protests. Reports indicate that hundreds of youth not affiliated with recognized political parties have reached the national capital. Central agencies requested detailed background reports from the Kerala State Police and Special Branch. Individuals associated with radical or banned organizations are under strict intelligence surveillance. Delhi Police tightened and reorganized intelligence gathering to closely monitor protest venues, local contacts, and funding sources.