ഭിന്നശേഷിയോട് പൊരുതി അർജുൻ സർക്കാർ ജീവനക്കാരനായി; PSC വഴി നിയമനം കോടതിയിൽ

ഭിന്നശേഷിയോട് പൊരുതി പി.എസ്.സി. നിയമനംനേടിയ അർജുൻരാജിനെ മേയർ ഒ. സദാശിവൻ ആദരിച്ചപ്പോൾ
ഭിന്നശേഷിയോട് പൊരുതി പി.എസ്.സി. നിയമനംനേടിയ അർജുൻരാജിനെ മേയർ ഒ. സദാശിവൻ ആദരിച്ചപ്പോൾ

കോഴിക്കോട്: ഭിന്നശേഷിക്കാരായ മക്കളെ പി.എസ്.സി. എഴുതിച്ച് സർക്കാരുദ്യോഗസ്ഥരാക്കണമെന്ന് ആഗ്രഹിക്കുന്നവർതന്നെ കുറവായിരിക്കും. അത് ഇന്റലക്ച്വൽ ഡിസെബിലിറ്റിപോലുള്ള പ്രശ്‌നങ്ങളാകുമ്പോൾ അധികമാരും അതിനായി ശ്രമിക്കുകയുമില്ല. എന്നാൽ, പത്രത്തിൽവന്ന ഒരു പി.എസ്.സി. അറിയിപ്പിൽ ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാമെന്നുകണ്ടപ്പോൾ, മകനെ സർക്കാർജോലിക്കാരനാക്കാൻ ഒരുശ്രമം നടത്തിനോക്കാൻതന്നെ ദീപ തീരുമാനിച്ചു. ദീപ മുന്നിൽനിന്ന് വഴിതെളിച്ചപ്പോൾ അർജുന്റെ ആഗ്രഹം വിജയംകണ്ടു. 2025 നവംബർ 17 മുതൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഓഫീസ് അറ്റന്റൻഡറായി (എ.ഒ.) ആർ. അർജുൻരാജ് ചുമതലയേറ്റു.

ഇത്തരം കുട്ടികളെ ചേർത്തുനിർത്തുകയും അവരുടെ മുന്നോട്ടുപോക്കിന് സഹായിക്കുകയുംചെയ്യുന്ന യു.എൽ. കെയർ നായനാർസദനത്തിൽനിന്ന് സർക്കാർജോലികിട്ടുന്ന ആദ്യകുട്ടിയുമായി അർജുൻ. അതിന്റെ സന്തോഷത്തിലാണ് ഭാരവാഹികളും സഹപാഠികളും രക്ഷിതാക്കളും.

ഇന്റലക്ച്വൽ ഡിസെബിലിറ്റിയുള്ളതിനാൽത്തന്നെ പഠിക്കാനൊക്കെ അർജുന് ബുദ്ധിമുട്ടായിരുന്നു. പ്ലസ്ടു പഠനം പൂർത്തിയാക്കി. രണ്ടുവർഷത്തിനുശേഷമാണ് നായനാർ ബാലികാസദനത്തിലെത്തുന്നത്. അവിടെനിന്ന് പരിശീലനംനേടിയ അർജുൻ കുറച്ചുമാസം ഡെന്റൽ ക്ലിനിക്കുകളിൽ ജോലിചെയ്തു.

'പി.എസ്.സി.യുടെ ചില പോസ്റ്റുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാമെന്നുതന്നെ അറിയില്ലായിരുന്നു. പത്രത്തിൽ കണ്ടപ്പോഴാണ് അറിഞ്ഞത്. അപേക്ഷിച്ചശേഷം, പി.എസ്.സി. ക്വസ്റ്റ്യൻബാങ്ക് വാങ്ങി ചോദ്യവും ഉത്തരവും ഞാൻ വായിച്ചുകൊടുക്കുകയായിരുന്നു. അവനതുകേട്ട് പതുക്കെ പഠിച്ചു. പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെക്കാൻ അനുമതിലഭിച്ചു. ഉത്തരത്തിനുനേരേ കറുപ്പിക്കാനൊക്കെ അവന് ബുദ്ധിമുട്ടായിരുന്നതിനാലാണിത്. പരീക്ഷകഴിഞ്ഞപ്പോഴേ ജയിക്കുമെന്ന് അവൻ പറഞ്ഞിരുന്നു. പക്ഷേ ആദ്യശ്രമത്തിൽത്തന്നെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷം' -ദീപ പറയുന്നു.

കുതിരവട്ടം ഫോക്കസിലാണ് അർജുൻ താമസം. എല്ലാത്തിനും പിന്തുണയുമായി അച്ഛൻ ആർ. രാജേന്ദ്രകുമാറും കൂടെയുണ്ട്. പ്രവാസിയായിരുന്ന രാജേന്ദ്രകുമാറിന്റെയും പി.വി. ദീപയുടെയും ഏകമകനാണ് അർജുൻ.

Content Highlights: Discover the inspiring journey of R. Arjunraj, who overcame intellectual disability to secure a government job as an Office Attendant in Kozhikode, Kerala. A testament to perseverance and support.