അപകടത്തില്‍ പൂര്‍ണമായും തരിപ്പണമായ വാഹനങ്ങള്‍ വീണ്ടും നിരത്തില്‍; ഇന്‍ഷുറന്‍സ് കമ്പനികളെ കുറ്റപ്പെടുത്തി എംവിഡി

തിരുവനന്തപുരം: നന്നാക്കിയെടുക്കാന്‍ പറ്റാത്തവിധം അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ വീണ്ടും നിരത്തിലിറങ്ങുന്നതിനു പിന്നില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വീഴ്ചയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടോട്ടല്‍ ലോസ് ആയി കണക്കാക്കി വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുമ്പോള്‍ രജിസ്ട്രേഷന് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, വാഹന രജിസ്ട്രേഷന് റദ്ദാക്കാതെ നഷ്ടപരിഹാരം നല്‍കുകയും ഈ വാഹനം ഏറ്റെടുത്ത് മറ്റൊരാള്‍ക്ക് വില്ക്കുകയുംചെയ്യുന്നെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് 2024-ല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നല്കിയ നിര്‍ദേശങ്ങള്‍ ചില കമ്പനികള്‍ പാലിക്കാത്തതാണ് കാരണം.
ഇന്‍ഷുറന്‍സ് തുകയുടെ 75 ശതമാനത്തിലധികം അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമ്പോഴാണ് വാഹനം ടോട്ടല്ലോസായി കണക്കാക്കുന്നത്. ഇന്‍ഷുറന്‍സ് തുക മുഴുവനായി അനുവദിക്കുകയും രജിസ്ട്രേഷന് റദ്ദാക്കി വാഹനം കമ്പനി ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. രജിസ്ട്രേഷന് റദ്ദായാല്‍ വാഹനത്തിന് ലോഹവിലയേ കിട്ടൂ. നഷ്ടപരിഹാരത്തിന്റെ ഭൂരിഭാഗവും കമ്പനി നല്‍കേണ്ടിവരും. ഇതൊഴിവാക്കാന്‍ ഉടമയുമായി ധാരണയുണ്ടാക്കിയശേഷം വാഹനം വാങ്ങാന്‍ ആളെ കണ്ടെത്തും. വാഹനവില കഴിച്ചിട്ടുള്ള തുകയാകും ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുക.
ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെ ലക്ഷ്യം തട്ടിക്കൂട്ടി നന്നാക്കി വീണ്ടും വില്‍ക്കുകയാണ്. അപകടത്തില്‍പ്പെട്ട വിവരം മറച്ചുവെച്ചാകും വില്‍പ്പന. ചട്ടക്കൂടും, ചേസിസും തകര്‍ന്ന വാഹനങ്ങള്‍ വീണ്ടും നിരത്തിലെത്തുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണ്.
നിയമത്തില്‍ പഴുത്
പൂര്‍ണമായി തകര്‍ന്ന സ്വകാര്യവാഹനം വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഫിറ്റ്നസ് നേടണമെന്ന വ്യവസ്ഥ നിയമത്തിലില്ല. നിര്‍ബന്ധിത പൊളിക്കല്‍ നിഷ്കര്‍ഷിച്ചിട്ടില്ല. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍വാഹന നിയമത്തില്‍ അവ്യക്തയുണ്ട്.
ഉടമകള്‍ ചെയ്യേണ്ടത്
അപകടത്തില്‍പ്പെട്ട വാഹനം ഉപേക്ഷിക്കേണ്ടിവന്നാല്‍ രജിസ്ട്രേഷന് റദ്ദാക്കി കൈമാറുക. ഇതിന്റെപേരില്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിയില്ല.
Content Highlights: MVD alleges insurance companies are enabling totalled vehicles to be repaired and resold, jeopardizing road safety by bypassing registration cancellation rules.