പ്രസിഡന്റിന് പോലും മെമ്പര്‍ഷിപ്പില്ലെന്ന് അബ്ദുള്‍ വഹാബ്; ഐ.എന്‍.എല്ലില്‍ വീണ്ടും ഭിന്നതരൂക്ഷം

കോഴിക്കോട്: എറണാകുളത്തെ തെരുവ് തല്ലിനുശേഷം മധ്യസ്ഥ ചര്‍ച്ചവെച്ച് സൗമ്യതയിലെത്തിയ ഐ.എന്‍.എല്ലില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് വിഭാഗവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗവും. കാന്തപുരവുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകളിലെ ധാരണകള്‍ എല്ലാം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗം തകിടം മറിച്ചുവെന്നും ഇത്തരത്തില്‍ മുന്നോട്ട് പോവാനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ. പി അബ്ദുള്‍ വവാബ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നുവെന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്. എന്നാല്‍ എനിക്ക് പറയാനുള്ളത് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് പോലും മെമ്പര്‍ഷിപ്പ് നല്‍കിയിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം നല്‍കിയ സീതാറാം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വഹാബിന്റെ ഇഷ്ടക്കാരനായ എന്‍.കെ അബ്ദുള്‍ അസീസിനെയായിരുന്നു വവാബ് വിഭാഗം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് കാസിം ഇരിക്കൂര്‍ വിഭാഗം പറയുന്നത്. ഇതോടെയാണ് പിളര്‍പ്പിലേക്കെന്ന രീതിയിലേക്ക് ഐ.എന്‍.എല്‍ പോവുന്നത്. സംസ്ഥാന പ്രസിഡന്റിനോടോ മറ്റോ ആലോചിക്കാതെ കോഴിക്കോട് കാസിം ഇരിക്കൂറിന്റേയും മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റേയും നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഇത് പാര്‍ട്ടി വിരുദ്ധമാണ്. അഡ്‌ഹോക് കമ്മിറ്റിയില്‍ പോലും ദേശീയ നേതൃത്വത്തെ കൂട്ട് പിടിച്ച് കാസിം ഇരിക്കൂര്‍ ഗ്രൂപ്പ് കളി നടത്തുകയാണ്. ഇതിന്റെ വക്താവായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാറിയെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി. ഐ.എന്‍.എന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബ് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
ഗുണ്ടാ സംഘങ്ങളാണ് താങ്കളെ നിയന്ത്രിക്കുന്നത് എന്നാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറയുന്നത്?
ആരാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടിയില്‍ തന്നെ ഏറ്റവും സൗമ്യനായ നേതാവ് എന്നാണ് എന്നെ അറിയപ്പെടുന്നത്. എന്റെ സൗമ്യത ഒന്ന് കൊണ്ട് മാത്രമാണ് അഹമ്മദ് ദേവര്‍ കോവില്‍ ഇപ്പോള്‍ കോഴിക്കോട് സൗത്തില്‍ നിന്നും മന്ത്രിയായി വിജയിച്ചത്. അത് എല്ലാവാരും ഓര്‍ത്താല്‍ നന്നാവും. ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി നില്‍ക്കേണ്ട മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാനായതോടെ ഗ്രൂപ്പ് നേതാവായിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇടതുപക്ഷം നല്‍കിയ മന്ത്രി സ്ഥാനം കാലാവധി കഴിയുന്നത് വരെയുണ്ടാവും. പക്ഷെ അത് എങ്ങനെയായിരിക്കണമെന്നൊക്കെ വഴിയേ തീരുമാനിക്കാം.
പി.ടി.എ റഹീമിനൊപ്പം ചേര്‍ന്ന് താങ്കള്‍ ഐ.എന്‍.എല്‍ കേരള രൂപീകരിച്ച് മുന്നോട്ട് പോവുമെന്നൊക്കെ കേള്‍ക്കുന്നുണ്ടല്ലോ?
അത് അവരുടെ ആരോപണം മാത്രമാണ്. ഐ.എന്‍.എല്‍ ആയിട്ട് തന്നെ മുന്നോട്ട പോവാനാണ് തീരുമാനം. പി.ടി.എ റഹീം ഇടതുപക്ഷത്തെ ഒരു എം.എല്‍.എ തന്നെയല്ലേ. അവരുമായി ഒരു വേദി പങ്കിട്ടുവെന്നതിന്റെ പേരില്‍ എന്തിനാണ് ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്‌നത്തിന് കാരണം. ദേശീയ നേതൃത്വം പാര്‍ട്ടിയെ മതേതര ലൈനില്‍ നിന്നും മറ്റൊരു തരത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ്. അതിനെ അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ തവണ ദേശീയ പ്രസിഡന്റ് എസ്.ഡി.പി.ഐക്ക് അടക്കം പിന്തുണ നല്‍കി. ഇപ്പോള്‍ നടക്കുന്ന യു.പി തിരഞ്ഞെടുപ്പില്‍ പോലും മതേതര കാഴ്ചപ്പാടിന് പകരം കുറെ മത സംഘടനകളെ കൂടെ കൂട്ടി മത്സരിക്കാന്‍ നോക്കുകയാണ്. പക്ഷെ ഇത് ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും പിരിച്ച് വിടല്‍ പോലുള്ള നടപടിയെടുക്കുകയുമാണ്.
എന്താണ് വീണ്ടും പ്രശ്‌നത്തിന് കാരണം?
എറണാകുളത്തെ പ്രശ്‌നത്തിന് ശേഷം കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചരച്ചയില്‍ ഉണ്ടാക്കിയ ധാരണാ പത്രത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലുമൊക്കെ ഒപ്പിട്ടതാണ്. അതില്‍ പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഒന്നാമത്തെ ഉപാധി മെമ്പര്‍ഷിപ്പ് പരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് ഇരുഭാഗത്ത് നിന്നും അഞ്ച് പേര്‍ വീതമുള്ള ഒരു കമ്മിറ്റിയെ ഉണ്ടാക്കി ആ കമ്മിറ്റി യോഗം ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കണമെന്നായിരുന്നു. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ആ കമ്മിറ്റിയുണ്ടാക്കിയത്. പതിനാലാം തീയതി കമ്മിറ്റി യോഗം ചേര്‍ന്നു. എന്നിട്ട് പതിനാല് ജില്ലകള്‍ക്കും റിട്ടേണിംഗ് ഓഫീസറെ വെച്ചിരുന്നു. ഇവരെ കയ്യിലായിരുന്നു മെമ്പര്‍ഷിപ്പ് കൊടുക്കേണ്ടിയിരുന്നത്. പക്ഷെ അവരെ വിളിക്കുകയോ അവരുടെ കൈയില്‍ ഇതുവരെ മെമ്പര്‍ഷിപ്പ് കൊടുക്കുകയോ എന്തിന് അവര്‍ക്ക് പോലും മെമ്പര്‍ഷിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. എന്നിട്ടാണ് മെമ്പര്‍ഷിപ്പ് വിതരണം പുരോഗമിക്കുന്നുവെന്ന് പറയുന്നത്. മറ്റൊരു പ്രധാന ധാരണ ദേശീയ നേതൃത്വം കേരളത്തിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാന്‍ പാടില്ല എന്നായിരുന്നു. പക്ഷെ ദേശീയ പ്രസിഡന്റിനെ ഉപയോഗിച്ച് കൊണ്ട് ഇവര്‍ നിരന്തരം കേരളത്തിന്റെ കാര്യത്തില്‍ ഇപെടിയിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മെമ്പര്‍ഷിപ്പില്‍ കൂടെയല്ലാതെ വന്ന ദേശീയ കമ്മിറ്റി ഗൂഗിള്‍ മീറ്റ് വിളിച്ച് മെമ്പര്‍ഷിപ്പില്‍ കൂടി വന്ന കേരളത്തിലെ മൂന്ന് കമ്മിറ്റികളെ പിരിച്ച് വിട്ടത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്.
സീതാറാം മില്ലിംഗ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് താങ്കള്‍ മുന്നോട്ട് വെച്ച എന്‍.കെ അബ്ദുള്‍ അസീസിനെ അവര്‍ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്?
എന്‍.കെ അബ്ദുള്‍ അസീസാണ് അന്ന് കൊച്ചിയില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്നാണ് അവര്‍ ആരോപിക്കുന്നത്. അതിന്റെ പേരില്‍ അസീസിനെതിരേ അച്ചടക്ക നടപടിയുമെടുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ യാഥാര്‍ഥ്യം ഇതല്ലെന്ന് തനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അസീസിന്റെ പേര് നിര്‍ദേശിച്ചത്. ഇവിടെ യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ചാനല്‍ ചര്‍ച്ചകളിലടക്കം മിക്കപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായി എത്തുന്നത് എന്‍.കെ അബ്ദുള്‍ അസീസാണ്. അദ്ദേഹത്തിന് നല്ല പൊതു ശ്രദ്ധ കിട്ടുന്നുമുണ്ട്. ഇതൊന്നും പക്ഷെ കാസിം ഇരിക്കൂര്‍ വിഭാഗത്തിന് പിടിക്കുന്നില്ല. അതുകൊണ്ടാണ് അസീസിനെതിരേ ആരോപണവുമായി വരുന്നത്. പാര്‍ട്ടിക്ക് ജനകീയ അടിത്തറയുള്ളത് കോഴിക്കോടും മലപ്പുറവുമാണ്. അത് കഴിഞ്ഞാല്‍ മാത്രമാണ് കാസര്‍കോട്. ഈ ജില്ലകളിലെ തൊണ്ണൂറ് ശതമാനം ആളുകളും തനിക്കൊപ്പമാണ്. ഇത് കാസിം ഇരിക്കൂറിനും അറിയാം. പുതിയ സംസ്ഥാന കമ്മിറ്റി വരുമ്പോള്‍ ഈ ജില്ലകളിലെ തന്നോടൊപ്പമുള്ള കുറേ പേരെ മാറ്റി നിര്‍ത്തേണ്ടത് കാസിം ഇരിക്കൂറിന്റെ ആവശ്യമാണ്. അപ്പോള്‍ മാത്രമാണ് പാര്‍ട്ടിയെ കൈപിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് കഴിയുകയുള്ളൂ. അതിനുള്ള ഗൂഢ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
Content Highlights: