ഡി-റിസർവ്ഡ് കോച്ച്: കേരളത്തിൽ 24 തീവണ്ടികൾ മാത്രം റെയിൽവേ പട്ടിക പുനഃപരിശോധിക്കുന്നു

പയ്യന്നൂർ: തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ പുനഃപരിശോധിക്കുന്നു. നിലവിൽ കേരളത്തിൽ ഡി-റിസർവ്ഡ് സൗകര്യമുള്ളത് 24 തീവണ്ടികളിൽ മാത്രം. ദക്ഷിണ റെയിൽവേയിൽ 30 തീവണ്ടികളിലും. തിരക്കില്ലാത്ത റൂട്ടുകളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ ഉപയോഗം നിലനിർത്തണോ എന്നതടക്കമാണ് പരിശോധിക്കുന്നത്.
സാധാരണ കോച്ച് എൽ.എച്ച്.ബി.യിലേക്ക് മാറിയപ്പോൾ പല വണ്ടികളിലും കോച്ചുഘടന മാറിയിരുന്നു. അതും റെയിൽവേ പരിശോധിക്കും. ഡിവിഷൻതലത്തിൽ ക്രോഡീകരിച്ച പട്ടിക ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിനാണ് നൽകേണ്ടത്.
അൺ റിസർവ്ഡ്-സീസൺ ടിക്കറ്റിൽ വൻ വർധനയുണ്ടായിട്ടും പുതിയ പട്ടികയിൽ കൂടുതൽ വണ്ടികളെ ഉൾപ്പെടുത്തുമെന്ന എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ രണ്ടു ഡിവിഷനുകൾ. 2023-ലെ പട്ടികയിലുള്ള ഡി-റിസർവ്ഡ് കോച്ചുകളാണ് ഇപ്പോഴും തുടരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംവരണം അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.
2023-ൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കൂട്ടിയപ്പോൾ മലബാർ എക്സ്പ്രസിന് ഒരു ഡി-കോച്ച് നഷ്ടപ്പെട്ടു. അത് പുനഃസ്ഥാപിച്ചില്ല. ഉത്തര മലബാറിലെ രാവിലത്തെ യാത്രയെ ഇത് ബാധിച്ചു.
മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റിൽ (12686) മംഗളൂരു-കണ്ണൂർ സെക്ഷനിൽ ഡി-റിസർവ്ഡ് കോച്ച് അനുവദിക്കണമെന്നതും പരിഗണിച്ചിട്ടില്ല. കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസിന് (16512) മൂന്ന് ഡി-റിസർവ്ഡ് കോച്ചുകൾ ഉണ്ട്. എന്നാൽ രാവിലെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വണ്ടിക്ക് ഈ സൗകര്യം ഇല്ല. ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്റർ റൂട്ടിൽ സംവരണ കോച്ച് റെയിൽവേ കൂട്ടാത്തതിൽ വൻ പ്രതിഷേധമുയർന്നിരുന്നു.
ഡി-റിസർവ്ഡ് കോച്ച്
ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയിൽവേ ചില കോച്ചുകൾ ഡി-റിസർവ്ഡായി സംവരണം ചെയ്തത്. യാത്രയുടെ ആദ്യഘട്ടത്തിലോ അവസാനഘട്ടത്തിലോ ജനറൽ ടിക്കറ്റുകാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളിലാണ് ഈ സംവിധാനം ഉള്ളത്. സ്റ്റേഷനിൽനിന്ന് പകൽ ടിക്കറ്റ് എടുക്കാം. സ്ലീപ്പർ ടിക്കറ്റിനെക്കാൾ നിരക്ക് കുറവാണ്. സീസൺ ടിക്കറ്റുകാർക്കും കോച്ചിൽ കയറാം. ഒഴിവുള്ള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പറ്റു. റിസർവ് ടിക്കറ്റുമായി കയറുന്നവർ വന്നാൽ ഒഴിഞ്ഞുകൊടുക്കണം.
Content Highlights: Railway is reviewing the list of D-reserved coaches in trains., Currently, only 24 trains in Kerala and 30 in Southern Railway have D-reserved facilities., Kerala divisions hope for more trains to be added despite rising ticket demands., Changes in LHB coaches and reduction of sleeper cars have impacted morning commutes in North Kerala.