ചരിത്രം, സാഗരം സാക്ഷി; പായ്‌വഞ്ചിയിൽ ലോകംചുറ്റി അവർ തിരിച്ചെത്തുന്നു

ലെഫ്. കമാൻഡർമാരായ തമിഴ്‌നാട് സ്വദേശിനി എ. രൂപയും മലയാളിയായ കെ. ദിൽനയും ഇന്ത്യൻ നാവികസേനയുടെ പായ്‌വഞ്ചിയായ 'തരിണി'യിൽ ലോകംചുറ്റിയുള്ള സമുദ്രസഞ്ചാരത്തിനിടയിൽ
ലെഫ്. കമാൻഡർമാരായ തമിഴ്‌നാട് സ്വദേശിനി എ. രൂപയും മലയാളിയായ കെ. ദിൽനയും ഇന്ത്യൻ നാവികസേനയുടെ പായ്‌വഞ്ചിയായ 'തരിണി'യിൽ ലോകംചുറ്റിയുള്ള സമുദ്രസഞ്ചാരത്തിനിടയിൽ

കൊച്ചി: “ക്ഷോഭിച്ചലറുന്ന സമുദ്രമാണ് ഞങ്ങൾക്കുചുറ്റുമുള്ളത്. മണിക്കൂറിൽ 65 നോട്ടിക്കൽമൈൽ വേഗത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റും അതിശൈത്യവുമൊക്കെ പ്രതിസന്ധിയും വെല്ലുവിളിയുമായുണ്ട്...” -കഴിഞ്ഞ ദിവസം സാറ്റലൈറ്റ് ഫോണിലൂടെ ദിൽനയുടെയും രൂപയുടെയും സ്വരം ഇന്ത്യയുടെ തീരത്തെത്തുമ്പോൾ നാവികസേനാ ഉദ്യോഗസ്ഥർ അല്പം ആശങ്കയിലായിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർക്കും ഉലയാത്ത ആത്മവിശ്വാസമുണ്ട്, ദിൽനയും രൂപയും വിജയകരമായിത്തന്നെ തീരമണയും.

നാവികസേനയുടെ ‘തരിണി’ എന്ന പായ്‌വഞ്ചിയിൽ ലോകംചുറ്റിയുള്ള സമുദ്രയാത്രകഴിഞ്ഞ് ദിൽനയും രൂപയും 29-ന് ഗോവയിൽ തിരിച്ചെത്തും. ലെഫ്. കമാൻഡറായ കോഴിക്കോട്ടുകാരി കെ. ദിൽനയും കൂട്ടുകാരിയായ തമിഴ്‌നാട്ടുകാരി ലെഫ്. കമാൻഡർ എ. രൂപയും ഒക്ടോബർ രണ്ടിനാണ് ഗോവയിൽനിന്ന് പായ്‌വഞ്ചിയിൽ യാത്രതിരിച്ചത്. മൂന്നുവർഷംമുൻപ്‌ കൊച്ചിയിൽനിന്ന് ഗോവയിലേക്ക് സമുദ്രസഞ്ചാരംനടത്തിയാണ് പായ്‌വഞ്ചിയോട്ടത്തിനുള്ള പരിശീലനംതുടങ്ങിയത്. അതിനുശേഷം ഗോവയിൽനിന്ന് വിശാഖപട്ടണത്തേക്കും ഗോവയിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കും അവിടെനിന്ന് ബ്രസീലിലെ റിയോ ഡി ജനൈറോയിലേക്കും സഞ്ചരിച്ചതോടെ ആത്മവിശ്വാസമേറി. പായ്‌വഞ്ചിയിൽ ലോകംചുറ്റിയിട്ടുള്ള കമാൻഡർ അഭിലാഷ് ടോമിയുടെ പരിശീലനവും നിർദേശങ്ങളും ഇവർക്ക് തുണയായി.

ആർമിയിൽ ജവാനായിരുന്ന അച്ഛൻ ദേവദാസനും അമ്മ റീജയും നൽകിയ പിന്തുണയാണ് തന്റെയുള്ളിൽ സൈനികമോഹങ്ങൾ ഉണർത്തിയതെന്നാണ് ദിൽന പറയുന്നത്. വ്യാഴാഴ്ച ഗോവയിലെ മോർമുഗാവോ തുറമുഖത്തെ നാവികരുടെ ഫ്ളാഗ് ഇൻ ചടങ്ങിൽ കേന്ദ്ര ­പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിക്കും.

Content Highlights: Two Indian Navy officers, Dilna & Roopa, are returning to Goa after completing a global voyage