ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം; ഐ.എം.എ. സമരത്തിലേക്ക്

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. വാര്‍ത്താസമ്മേളനത്തില്‍ അിറയിച്ചു.
17-ന് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെ ചികിത്സയില്‍നിന്ന് മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അതിക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് ഇരുന്നൂറിലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ ഐ.എം.എ. സ്വാഗതം ചെയ്യുന്നെന്ന് പ്രസിഡന്റ് സുള്‍ഫി നൂഹു, സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ അറിയിച്ചു.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഐ.എം.എ. ഉന്നയിച്ചിട്ടുണ്ട്.
Content Highlights: indian medical association strike