അതിവേഗ റെയിൽ ഇടനാഴി; മലയാളികൾക്ക് പുറത്തുപോകുമ്പോൾ ഗുണംകിട്ടുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: പൊതുബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. എന്നാൽ റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നൽകിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ എന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമാണ് മന്ത്രി ചോദിച്ചത്.
ബജറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് റെയിൽവേ ഇടനാഴികളെക്കുറിച്ച് വാർത്താ സമ്മേളനം നടത്തിയ അദ്ദേഹം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണിതെന്നും വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുപറഞ്ഞാണ് നേട്ടമുണ്ടാകുമെന്ന് പറഞ്ഞത്.
ഇതോടെ കേരളത്തിന് ഇതെങ്ങനെ നേട്ടമാകുമെന്നും കേരളത്തിലൂടെ ഇടനാഴി കടന്നുപോകുമോ എന്നും അദ്ദേഹത്തോട് ചോദിച്ചു. അതിനാണ് അദ്ദേഹം മലയാളികൾ മറ്റു സംസ്ഥാനങ്ങളിലൊക്കെ പോകുമ്പോൾ അവർക്ക് ഇത് ഗുണം ചെയ്യുമെന്ന് മറുപടി നൽകിയത്. അതേസമയം കേരളത്തിലൂടെ ഈ റെയിൽ ഇടനാഴി കടന്നുപോകില്ല എന്നാണ് റെയിൽവേ കേന്ദ്രങ്ങളിൽനിന്ന് വ്യക്തമാക്കുന്നത്. നാളെ (തിങ്കളാഴ്ച) അശ്വനി വൈഷ്ണവ് ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്. കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നാളെ വ്യക്തത വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: High-Speed Rail Corridors: Kerala to Benefit, Route Uncertainty Remains