ബിലീവേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടെന്ന് ആദായനികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ചര്‍ച്ചിന് കീഴിലെ 30 ട്രസ്റ്റുകളില്‍ അധികവും കടലാസില്‍ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളില്‍ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പരിശോധന തുടങ്ങിയത്. ഡല്‍ഹിയടക്കം ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങള്‍ ഉളള ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 14.5 കോടിയോളം രൂപ വിവിധയിടങ്ങളില്‍നിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ, വന്‍തോതില്‍ വിദേശ സാമ്പത്തികസഹായം സ്വീകരിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. റെയ്ഡിനേക്കുറിച്ച് സഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിവിധ സംസ്ഥാനങ്ങളില്‍ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. ഇതിനായി ഇടപെടല്‍ നടത്തിയവരും അന്വേഷണ പരിധിയിലുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. എന്നാല്‍ ഇങ്ങനെ എത്തിയ പണം ഉപയോഗിച്ച് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇതിനിടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇ.ഡിയുടെ അന്വേഷണവും ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള പ്രഥമിക നടപടിക്രമങ്ങളിലാണ് ഇ.ഡിയുള്ളത്.
Content Highlights: income Tax Department has said that crores of hawala transactions-Believers Eastern Church
Content Highlights: