ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് ഓറഞ്ച് അലേര്‍ട്ട്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്.). ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരള തീരത്ത് ഞായറാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 

തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഐ.എന്‍.സി.ഒ.ഐ.എസ് മുന്നറിയിപ്പിലുണ്ട്. കന്യാകുമാരി തീരങ്ങളിലാണ് പ്രധാനമായും കള്ളക്കടല്‍ പ്രതിഭാസത്തിനുള്ള സാധ്യത കല്‍പ്പിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. 

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ മത്സ്യബന്ധന യാനങ്ങള്‍ എന്നിവ കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിടുന്നത് കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന് തിരമാലക്കും സാധ്യതയുള്ള സാഹചര്യത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്ക് അടുപ്പിക്കുന്നതും. ആയതിനാല്‍ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു. 

സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

Content Highlights: INCOIS issues orange alert for Kerala coast due to high waves and potential for rough sea.