'പട്ടിസ്നേഹം നല്ലത്, കടിയും സഹിക്കേണ്ടിവരും'; ജനുവരി-മേയ് മാസങ്ങളിൽ 'സമ്മർചാർജ്' കൊണ്ടുവരാൻ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമേകുന്ന നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ 'സമ്മര്‍ ചാര്‍ജ്' എന്ന രീതിയില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന നിർദേശം റെഗുലേറ്ററി കമ്മീഷനുമുന്നിൽ വെച്ചു. ഇതിനുപുറമേ, ഈ വര്‍ഷം 4.45 ശതമാനം നിരക്ക് വര്‍ധനവും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ 6400 കോടിയുടെ സഞ്ചിത കമ്മിയാണ് ഉള്ളത്. വൈദ്യുതി വാങ്ങല്‍ ചിലവില്‍ ഉണ്ടായ വര്‍ധവ് കാരണം വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് ബോര്‍ഡിന്റെ വാദം. നിലവില്‍ ഒരുയൂണിറ്റ് വൈദ്യുതിക്ക് ബോര്‍ഡിന് ചെലവ് 14 രൂപയ്ക്ക് മുകളിലാണ്. അതിനാല്‍ 4.45 ശതമാനം നിരക്ക് വര്‍ധനവിനാണ് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചത്.
യൂണിറ്റിന് 30 പൈസയാണ് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിലൂടെ 812.16 കോടിയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. 2025-26 വര്‍ഷത്തില്‍ 2.75 ശതമാനം വര്‍ധനവും 2026-27 വര്‍ഷത്തില്‍ 0.25 ശതമാനം വര്‍ധനവുമാണ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ 2024-25 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സമ്മര്‍ താരിഫ് ആയി യൂണിറ്റിന് 10 അധികമായി ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചിട്ടുണ്ട്.
പട്ടിസ്നേഹം നല്ലത്, അപ്പോൾ അതിന്‍റെ കടിയും സഹിക്കേണ്ടിവരും- ബിജു പ്രഭാകര്‍
സംസ്ഥാനത്ത് വൈദ്യുതോത്പാദനത്തിന് പുതിയ നിക്ഷേപങ്ങള്‍ വന്നില്ലെങ്കില്‍ നിരക്ക് വര്‍ധന ഇനിയും വേണ്ടിവരുമെന്ന് തിരുവനന്തപുരത്ത് നടന്ന ഹിയറിങ്ങില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പല ജലവൈദ്യുത പദ്ധതികള്‍ക്കും എതിര്‍പ്പുകള്‍ തടസ്സമാകുന്നു. അതിരപ്പള്ളി പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ നാളെ ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് ഹിയറിങ് നടന്നത്.
പരിസ്ഥിതിവാദമൊക്കെ നല്ലതുതന്നെ. അങ്ങനെയെങ്കില്‍ നിരക്ക് വര്‍ധന സഹിക്കേണ്ടിവരും. പട്ടിയെ സ്‌നേഹിക്കുന്നതൊക്കെ നല്ലതാണ്, പകരം അതിന്റെ കടി സഹിക്കാന്‍ തയ്യാറാകണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അതിരപ്പള്ളി പദ്ധതിക്കും ആണവനിലയ പദ്ധതിക്കും വേണ്ടി റഗുലേറ്ററി കമ്മീഷന് മുന്‍പാകെ ആവശ്യം ഉന്നയിച്ചാല്‍ നാളെ വിവാദമാകും. അതിരപ്പള്ളിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തിനിടെ 101 മെഗാവാട്ടിന്റെ പദ്ധതി മാത്രമാണ് ഗ്രിഡ്ഡിലേക്ക് ചേര്‍ക്കാനായത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെ ഉടനെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 12,983 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നത്. ഈ വര്‍ഷം 15,000 കോടിയുടെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും അദ്ദേഹം റെഗുലേറ്ററികമ്മീഷന്‍ നടത്തിയ ഹിയറിങ്ങിനിടെ വ്യക്തമാക്കി.
അതേസമയം, ഉപഭോക്താക്കള്‍ ഏറ്റവും കൂടുതൽ പരാതി ഉന്നയിക്കുന്ന റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയിലും ചെയര്‍മാന്‍ വിശദീകരണം നല്‍കി. ഇന്ത്യയില്‍ റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. പകല്‍സമയത്ത് ഉത്പാദനം കൂടുതലാണ്. ഇതിന് തുക കുറവാണ്. എന്നാല്‍, രാത്രിയിലെ ഉപയോഗത്തിനുവേണ്ടി വാങ്ങുന്ന വൈദ്യുതിക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുന്നു. 1500 മെഗാവാട്ട് കൂടി ഗ്രിഡ്ഡിലേക്ക് ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3300 മെഗാവാട്ട് വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി സ്‌റ്റോറേജ് സംവിധാനം സ്ഥാപിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. മെഗാവാട്ടിന് 3.5 കോടിയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.
കെ.എസ്.ഇ.ബി ചെയര്‍മാന്‍ സംസാരിക്കുന്നതിനിടെ പ്രതിഷേധം
ബിജു പ്രഭാകർ സംസാരിക്കുന്നതിനിടെ സദസ്സില്‍നിന്ന് ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ഹിയറിങ്ങിനെത്തിയവരെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ബിജു പ്രഭാകര്‍ പറയാനുള്ളത് പറയും കേള്‍ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ കേള്‍ക്കുകയെന്ന് മറുപടി നല്‍കിയതോടെ ബഹളം രൂക്ഷമായി. ഒടുവില്‍ കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള ഇടപെടലിനെ തുടര്‍ന്നാണ് ബഹളം അടങ്ങിയത്.
Content Highlights: If electricity production in state is not sufficient rate hike will be necessary says biju prabhakar