കുരുക്കാകുന്ന കൂടിക്കാഴ്ച; അജിത്കുമാർ രണ്ടാം വിക്കറ്റായാൽ പി ശശിയുടെ കസേരയ്ക്കും കാറ്റുപിടിച്ചേക്കും

#പി.മുരളീധരന്‍
എം.ആര്‍. അജിത് കുമാര്‍, പി. ശശി | Photo: Mathrubhumi
എം.ആര്‍. അജിത് കുമാര്‍, പി. ശശി | Photo: Mathrubhumi

ആര്‍.എസ്.എസ്. നേതാവ് ദത്താത്രേയ ഹൊസബാളെയെ കണ്ടത് സ്ഥിരീകരിച്ചതോടെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ കൈവിടാന്‍ സി.പി.എം. നിര്‍ബന്ധിതമായേക്കും. അങ്ങനെ സംഭവിച്ചാല്‍, പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാഷയില്‍ 'രണ്ടാം വിക്കറ്റ്' വീണാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കസേരയ്ക്കും കാറ്റുപിടിച്ചേക്കും. വെള്ളിയാഴ്ച സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദനും ശനിയാഴ്ച സജി ചെറിയാനും അജിത് കുമാര്‍, ആര്‍.എസ്.എസ്. നേതാവിനെ കണ്ടതില്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞുവെങ്കിലും സ്വന്തം പാര്‍ട്ടി അണികള്‍ക്കു മുന്നില്‍ ഏറെക്കാലം അങ്ങനെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ സാങ്കേതികമായി പിഴവൊന്നുമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും നേതാക്കന്മാരെ കാണുന്നതില്‍ വിലക്കൊന്നുമില്ല. പക്ഷേ, അജിത്തിന്റെ സന്ദര്‍ശനത്തില്‍ ചില തകരാറുകള്‍ ചൂണ്ടിക്കാണിക്കുന്നു മുതിര്‍ന്ന ചില പോലീസുദ്യോഗസ്ഥര്‍. 'ഇതില്‍ ആദ്യത്തേത് അദ്ദേഹം ആര്‍.എസ്.എസിന്റെ നേതാവിനെ ചെന്നുകണ്ടതാണ്. സാധാരണ രാഷ്ട്രീയകക്ഷികളുടെയും മറ്റും നേതാക്കള്‍ വന്നു കാണുകയാണ് പതിവ്. നിരോധനത്തിനു മുമ്പ് പി.എഫ്.ഐയുടെ നേതാക്കള്‍ പോലും പോലീസിലെ ഉന്നതരെ വന്നു കാണുകയും അവര്‍ക്കുള്ള പരാതികളും ആവശ്യങ്ങളും അപേക്ഷകളും മുന്നില്‍ വയ്ക്കുകയും ചെയ്യുമായിരുന്നു. അതില്‍ തെറ്റില്ല താനും. പക്ഷേ ഈ നേതാക്കളെ പോയി കണ്ടതും അതിന് ഒരു രഹസ്യാത്മക സ്വഭാവം ഉണ്ടായതുമാണ് പ്രശ്നം. എന്തിനായിരുന്നു സന്ദര്‍ശനം, അത് രഹസ്യമായി സൂക്ഷിച്ചതിന് എന്താണ് കാരണം എന്നീ ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നു വരും'- സര്‍വീസില്‍നിന്ന് വിരമിച്ച ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.

സ്വന്തം നിലയ്ക്ക് അജിത്തിന് ആര്‍.എസ്.എസ് നേതാവിനെ കാണേണ്ട കാര്യമുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ പ്രീണിപ്പിച്ച് കേന്ദ്രത്തില്‍ ഉന്നതമായ ഒരു സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല അദ്ദേഹം എന്നത് വ്യക്തമാണ്. അതെളുപ്പവുമല്ല. കേന്ദ്രത്തില്‍ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടണമെങ്കില്‍ എംപാനല്‍ ചെയ്യപ്പെടണം, അതിന് അവിടെ മുന്‍പരിചയവും മറ്റും വേണം അതുകൊണ്ട് അങ്ങോട്ട് പോയി കണ്ടതുകൊണ്ടോ, മണിയടിച്ചതുകൊണ്ടോ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവുകയില്ല. അതിനാല്‍ അദ്ദേഹം പോകണമെങ്കില്‍ അതിന് മറ്റെന്തെങ്കിലും ഒരു പ്രേരണ ഉണ്ടായിരുന്നിരിക്കണം. പുറമേക്ക് കാണുന്നത്ര കരുത്തനായ ഒരു ഉദ്യോഗസ്ഥന്‍ അല്ല അജിത് കുമാര്‍, അദ്ദേഹം സര്‍ക്കാരിനെ ധിക്കരിച്ചുള്ള നിലപാട് എടുക്കാന്‍ സാധ്യതയില്ല എന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രായോഗിക ബുദ്ധിയുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നതും അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതും മുമ്പ് പതിവായിരുന്നു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ബി.ജെ.പിക്കാരുമായും നല്ല ബന്ധം സ്ഥാപിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജിത് കുമാറിന്റെ സഹപാഠിയും നാട്ടുകാരനുമാണ് വിജ്ഞാഭാരതിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ജയകുമാര്‍. അദ്ദേഹവും ഒത്താണ് ഹൊസബാളെയെ പോയിക്കണ്ടത് എന്ന വിശദീകരണവും നിലനില്‍ക്കുന്നതല്ല. പ്രത്യേകിച്ച്, കോവളത്തുവെച്ച് രണ്ടു തവണ ആര്‍.എസ്.എസ് നേതാവ് രാംമാധവിനെ കണ്ടുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍. കൂടെ പഠിച്ചവര്‍ പലരും ഉണ്ടാകും. ആര്‍ക്കൊപ്പം നടക്കണം, ആരെ കാണണം, തന്നിരിക്കുന്ന പദവി എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ബോധ്യത്തോടെയുള്ള തീരുമാനങ്ങള്‍ ആണ് ഒരു പോലീസുദ്യോഗസ്ഥന്‍ എടുക്കേണ്ടത്. അവിടെ അജിത് കുമാറിന് പിഴച്ചതായി സമീപകാലത്ത് സര്‍വീസില്‍നിന്ന് വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പക്ഷേ ഇത്തവണത്തെ പൂരം കലക്കിയതില്‍ ഈ സന്ദര്‍ശനത്തിന് റോള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച നടന്നിരിക്കുന്നത് കഴിഞ്ഞവര്‍ഷമാണ്. അന്ന് സുരേഷ് ഗോപി അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും എന്നതില്‍ വ്യക്തമല്ലായിരുന്നു- അദ്ദേഹം പറഞ്ഞു.

അന്തര്‍ധാരാ ആരോപണവും സി.പി.ഐയും പാര്‍ട്ടി സമ്മേളനങ്ങളും

ഇനി സി.പി.എമ്മിന്റെ കാര്യം. ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ശത്രുക്കളായ സി.പി.എം നയിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ പലകുറി ആര്‍.എസ്.എസ് നേതാക്കളെ കാണുന്നത് സാങ്കേതികമായി എത്രതന്നെ ശരിയായിരുന്നാലും ജനങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കാനാവില്ല. എ.ഡി.ജി.പിയുടെ സന്ദര്‍ശനം സംബന്ധിച്ച് തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടാവാത്തത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യത്തിനും ഉത്തരം പറയുക എളുപ്പമല്ല.

പിണറായി വിജയന്‍ | Photo: Mathrubhumi 

തനിക്കും മകള്‍ക്കുമെതിരായ കേസുകളില്‍ കേന്ദ്രഅന്വേഷണം അട്ടിമറിക്കുന്നതിന് പ്രതിഫലമായി തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്തു കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കാന്‍ തുടങ്ങിയിട്ട് ദീര്‍ഘകാലമായി. പി.വി. അന്‍വറിന്റെ കടുത്ത ആരോപണങ്ങളുണ്ടായിട്ടും അജിത്തിനെ നിലനിര്‍ത്തി അന്വേഷിക്കാന്‍ ഉത്തരവിട്ട പിണറായി വിജയന് ഇനിയും പ്രതിരോധിക്കുക അത്ര എളുപ്പമാവില്ല. ഇപ്പോള്‍ നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ അജിത് കുമാര്‍ അധികാരത്തില്‍ തുടരുന്നതും വലിയ ചര്‍ച്ചയാവുമെന്നുറപ്പാണ്.

എ.ഡി.ജി.പിയുടെ സ്വകാര്യ സന്ദര്‍ശനത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ സി.പി.ഐ. ക്ഷുഭിതരാണ്. തുടക്കം മുതല്‍ പൂരം പോലീസ് കലക്കിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് സി.പി.ഐ. ആരോപിച്ചിരുന്നു. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

അജിത് കുമാറിന്റെ സന്ദര്‍ശന വാര്‍ത്ത ആദ്യമായി ഉന്നയിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട ഇ.പി. ജയരാജന്റെ പദവി പോയെന്നും ഇവിടെ ആരുടെ പദവി ആണ് പോകേണ്ടത് എന്നും ചോദിക്കുന്നു രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗും സര്‍ക്കാരിന്റെ സംഘപരിവാര്‍ ബന്ധത്തില്‍ അസ്വസ്ഥരാണ്. അവരുന്നയിച്ച ചോദ്യങ്ങള്‍ പൊതുസമൂഹവും ഏറ്റെടുക്കുന്നതോടെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമാവുമെന്നു വേണം കരുതാന്‍.

Content Highlights: if ajith kumar becomes the second wicket p sasi likely to be affected