വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, അപകടം ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ്

വട്ടവട: ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മാരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. ബാലചന്ദ്രന്റെ ഭാര്യയാണ് പരിക്കേറ്റ മാരിയമ്മ. മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകത്തിൽപെട്ടത്.
ശക്തമായ മഴയെ തുടർന്നാണ് ഇവർ ഷെഡ്ഡിലേക്ക് മാറിയത്. ഈ സമയത്താണ് മണ്ണിടിഞ്ഞ് ഷെഡ്ഡിനുമുകളിൽ വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പ്രദേശത്ത് ഉച്ചമുതൽ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒപ്പം ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് ഒറ്റപ്പെട്ട മഴ പെയ്തിരുന്നതായും കനത്ത മഴ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടെന്നും ഇത് പരിഹരിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.
ഇത്തരം വിദൂര പ്രദേശങ്ങളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം ചികിത്സാസംവിധാനം എന്നിവ മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Two farmers, Chinnamma and Balachandran, died and another woman was critically injured when a landslide hit a farm shed during heavy rain in Kottakamboor, Vattavada, Idukki. Locals led the rescue operations.