കടുവ ചാടിയത് ഡോക്ടർക്കുനേരെ, മനു തടുത്തു, ഷീൽഡ് വലിച്ചുകീറി, വെടിവെച്ചത് സ്വയരക്ഷയ്ക്ക് -DFO

ഡിഎഫ്ഒ എൻ. രാജേഷ്, കടുവയെ മയക്കുവെടി വെയ്ക്കുന്നു | സ്ക്രീൻ​ഗ്രാബ്
ഡിഎഫ്ഒ എൻ. രാജേഷ്, കടുവയെ മയക്കുവെടി വെയ്ക്കുന്നു | സ്ക്രീൻ​ഗ്രാബ്

വണ്ടിപ്പെരിയാർ (ഇടുക്കി): ​ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ചപ്പോൾ ആദ്യത്തെ വെടി കൊണ്ടില്ലെന്ന് ഡിഎഫ്ഒ എൻ. രാജേഷ്. മൃ​ഗത്തിന്റെ ദേഹത്ത് മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ സാധാരണ 15 മിനിറ്റ് സമയമെടുക്കും പ്രവർത്തിച്ച് തുടങ്ങാൻ. അത്രയുംനേരം കാത്തിരുന്നിട്ടും കടുവ അനങ്ങുന്നുണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമതൊരു വെടികൂടി വെയ്ക്കാൻ തയ്യാറെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവരികയായിരുന്നെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോക്ടറുടെ നേരെയാണ് ചാടിയതെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് മനു എന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ ഷീൽഡുകൊണ്ട് പ്രതിരോധിച്ചതെന്നും എൻ. രാജേഷ് പറഞ്ഞു.

"മനുവിന്റെ ഷീൽഡിൽ അടിച്ച കടുവ അത് വലിച്ചുകീറുകയായിരുന്നു. കടുവയുടെ രണ്ടാമത്തെ അടി മനുവിന്റെ ഹെൽമറ്റിലായിരുന്നു. അത് പൊട്ടി താഴെ വീണു. മൂന്നാമത്തെ അടി മനുവിന്റെ തലയ്ക്ക് അടിക്കാൻ തുടങ്ങുമ്പോൾ കടുവയെ വെടിവെയ്ക്കേണ്ടിവരികയായിരുന്നു. വെടിയേറ്റ കടുവ ചത്തു. സ്വയരക്ഷയ്ക്കായാണ് വെടിവെയ്ക്കേണ്ടിവന്നത്. കാരണം മനുഷ്യ ജീവനാണ് എല്ലാ ജീവന്റെയും മുകളിൽ വിലയുള്ളത്." ഡിഎഫ്ഒ കൂട്ടിച്ചേർത്തു.

​ഗ്രാമ്പിയിൽ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത്. രണ്ടുപേരും കുമളിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ദൗത്യസംഘം ചെല്ലുമ്പോൾ കടുവ അവശനായി കിടക്കുകയായിരുന്നു. പല്ലുകളും നഖങ്ങളും കൊഴിഞ്ഞ അവസ്ഥയിലായിരുന്നു കടുവ. മൃ​ഗവേട്ടക്കാരുടെ കെണിയിൽവീണാണ് കടുവയ്ക്ക് പരിക്കേറ്റത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അവശനിലയിലാണ് കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നും റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. ചൊവ്വാഴ്ചയാണ് കടുവയുടെ പോസ്റ്റ്മോർട്ടം.

Content Highlights: A tiger in Idukki, was shot after attacking forest officers during a tranquilizer dart operation