ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം; ക്ലാസുകള്‍ ഇക്കൊല്ലം മുതല്‍

#ജെയിന്‍ എസ്. രാജു| മാതൃഭൂമി ന്യൂസ്
File Photo: Mathrubhumi
File Photo: Mathrubhumi

പൈനാവ്: ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം. 100 കുട്ടികള്‍ക്കുള്ള ബാച്ചിനുള്ള അംഗീകാരമാണ് ലഭിച്ചത്. ഇക്കൊല്ലം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കും. 

2013-ലാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്. അതിനു ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചിരിക്കുത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായെന്ന റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥി പ്രവേശനത്തിനുള്ള ആദ്യം അനുമതി നിഷേധിച്ചത്. 

എന്നാല്‍ ആ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് പിന്നീട് സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഇടുക്കി വികസന കമ്മിഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിലായിരുന്നു വിശദമായ റിപ്പോര്‍ട്ട് നാഷണല്‍ മെഡിക്കല്‍ കമ്മിഷന് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് അപേക്ഷ പുനഃപരിശോധിക്കപ്പെട്ടത്.

Content Highlights: idukki medical college gets accreditation from national medical commission