മരണപ്പാച്ചിൽ; ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ ജീപ്പും ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

ഇടുക്കി: കുമളി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ ജീപ്പും കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജീപ്പിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ജീപ്പിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. ജീപ്പിൻ്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്നവരും ബസിലുണ്ടായിരുന്നവരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അവിടെ നിന്ന് തേനി മെഡിക്കൽ കോളജിലേക്കും മാറ്റി.
തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന മിക്ക ജീപ്പുകളും അമിതവേഗതയിലാണെന്നും അപകടം പതിവാണെന്നും മുമ്പും പരാതി ഉയർന്നിട്ടുണ്ട്. ദിവസേന നിരവധി ജീപ്പുകളാണ് ഇത്തരത്തിൽ തൊഴിലാളികളുമായി തമിഴ്നാട്ടിൽ നിന്നും ഇടുക്കിയിലെ ഏലക്കാടുകളിലേക്ക് എത്തുന്നത്. വിഷയത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
Content Highlights: accident near Kumily, Idukki. Bus and jeep collide, injuring 10. Details on the cause and rescue efforts.