സര്‍വേ ഡയറക്ടറുടെ സ്ഥലംമാറ്റം; സര്‍ക്കാരിനെതിരെ ഐ.എ.എസ്. അസോസിയേഷന്റെ പ്രമേയം

#ആര്‍. ശ്രീജിത്ത/ മാതൃഭൂമി ന്യൂസ്‌
Photo: Mathrubhumi Archives| Biju Varghese
Photo: Mathrubhumi Archives| Biju Varghese

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ വി.ആര്‍.പ്രേം കുമാറിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിനെതിരെ ഐ.എ.എസ്. അസോസിയേഷന്റെ പ്രമേയം. സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് കേഡര്‍ മാനേജ്‌മെന്റ് ശരിയല്ലെന്നും ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. അതേസമയം പ്രേംകുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ച സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദാക്കാനാണ് ഭരണതലത്തില്‍ ധാരണ. 

ഐ.എ.എസ്. അസോസിയേഷന്റെ മാനേജിങ് കമ്മറ്റി യോഗം അസോസിയേഷന്റെ യോഗം തിരുവനന്തപുരത്ത് ശനിയാഴ്ച ചേര്‍ന്നിരുന്നു. സര്‍വ ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റമാണ് ഈ യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമായത്. സംസ്ഥാനത്ത് സിവില്‍ സര്‍വീസ് കേഡര്‍ മാനേജ്‌മെന്റ് ഫലപ്രദമല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ജൂനിയര്‍ ഓഫീസര്‍മാരെ അടിക്കടി മാറ്റുന്നു. അവര്‍ക്ക് ഒരു സ്ഥാനത്തിരുന്ന് പഠിക്കാനുള്ള സാവകാശം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. 

ഒരു ഉദ്യോഗസ്ഥനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഒരു സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് 2014ല്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചതാണ്. അത്തരം നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തുന്ന നടപടിയാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ഐ.എ.എസ്. അസോസിയേഷന്റെ നേതൃത്വത്തിനും വീഴ്ചയുണ്ടാകുന്നുണ്ടെന്ന വിമര്‍ശനവും മാനേജിങ് കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. 

സംസ്ഥാനത്തെ കേഡര്‍ മാനേജ്‌മെന്റില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള പരസ്യപ്രസ്താവനയാണ് ഐ.എ.എസ്. അസോസിയേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. സിവില്‍ സര്‍വീസ് ബോര്‍ഡ് സംസ്ഥാനത്തുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ല. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നതു കൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും ശരിയായ വിധത്തില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രമേയം പറയുന്നു. മാനേജിങ് കമ്മറ്റിയുടെ വിമര്‍ശനത്തിനു പിന്നാലെ ഐ.എ.എസ്. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി ഏപ്രില്‍ ആദ്യം വിളിച്ചു ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. 

content highlights: ias association passes resolution against government over transfer of survey director 

Content Highlights: