കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ 'കള്ളപ്പണ നിക്ഷേപം' എന്ന് ഇഡി കണ്ടെത്തൽ; റെയ്ഡ്

#സ്വന്തം ലേഖകൻ
എരഞ്ഞിപ്പാലം നാഗത്താൻപറമ്പിൽ ജഗത്തിന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽനിൽക്കുന്ന കേന്ദ്രസേനാംഗങ്ങൾ
എരഞ്ഞിപ്പാലം നാഗത്താൻപറമ്പിൽ ജഗത്തിന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽനിൽക്കുന്ന കേന്ദ്രസേനാംഗങ്ങൾ

കൊച്ചി: വിദേശത്തുനിന്ന് കേരളത്തിലേക്ക് കിലോക്കണക്കിന് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ മലയാളികൾ 'കള്ളപ്പണ നിക്ഷേപം' ഇറക്കിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. പിടിയിലായ ദമ്പതിമാർ ഹൈബ്രിഡ് കഞ്ചാവിന്റെ രാജ്യത്തെ പ്രധാന ഏജന്റുമാരെന്നും തെളിഞ്ഞു.

ഒരുമാസംമുൻപ് എറണാകുളം പെരുമ്പാവൂരിൽനിന്ന് പോലീസിന്റെ ഡാൻസാഫ് സംഘം 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച സംഭവത്തിലാണ് വൻതോതിൽ കള്ളപ്പണം ഒഴുകിയെന്ന് കണ്ടെത്തിയത്. ഹവാല-ബിനാമി ഇടപാടുകളും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് സ്വദേശികളായ അബു താഹിർ, ഹരികൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ ജഗത്ത്, ജെയ്സൽ എന്നിവരുടെ വീടുകളിൽ ഇ.ഡി. സംഘം റെയ്ഡ് നടത്തി. മുണ്ടൂർ, വീരമംഗലം, താമരശ്ശേരി, എരിഞ്ഞപ്പാലം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ മുതൽ ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്. ബാങ്ക് ഇടപാട് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് സംഘം പെരുമ്പാവൂർ മാറമ്പള്ളിയിൽ ഒരു സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചതിൽ നിന്നാണ് കേസിന്റെ തുടക്കം. ഞാറയ്ക്കൽ സ്വദേശി ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽനിന്ന് ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ആയുഷും ഭാര്യ അനിഖയും താമസിച്ചിരുന്ന പെരുമ്പാവൂർ തെക്കുംഭാഗം കുന്നുവഴിയിലെ ഫ്‌ളാറ്റിൽനിന്ന് 16.50 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. രണ്ടാഴ്ച മുൻപാണ് ഇവർ ഫ്‌ളാറ്റ് വാടകയ്ക്കെടുത്തിരുന്നത്. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന മറികടന്നാണ് കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് ഇവരിലേക്ക് എത്തിയത്. ദമ്പതിമാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു.

ഇ.ഡി. വ്യാഴാഴ്ച റെയ്ഡ് നടത്തിയതിൽ ജെയ്സൽ ഒഴികെയുള്ളവരെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു. തായ്ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. ജെയ്സലാണ് വിദേശത്ത് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന. കഞ്ചാവ് കടത്താൻ ആളുകളെ ഏജന്റുമാരായി റിക്രൂട്ട് ചെയ്ത് ഇവരെ വിദേശത്ത് എത്തിക്കും. അവിടെനിന്ന് കഞ്ചാവുമായി തിരികെ കേരളത്തിലും. വിമാനത്താവളത്തിന് പുറത്ത് ഇവരിൽനിന്ന് കഞ്ചാവ് മറ്റൊരു സംഘം കൈപ്പറ്റിയാണ് വിതരണത്തിനായി എത്തിക്കുക. ആയുഷും ഭാര്യ അനിഖയുമാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഏജന്റുമാർ പുറത്തെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ഇവർക്ക് വലിയൊരു വിതരണശൃംഖല തന്നെയുണ്ട്.

Content Highlights: ED raided multiple locations in Kerala over an 18 crore hybrid ganja smuggling case., Investigates black money investments and hawala transactions., Couples acted as major agents for smuggling hybrid ganja from Thailand., Customs clearance at Kochi airport was bypassed by the smuggling network.