അന്നയുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മിഷൻ; സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: പുണെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ
മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മിഷൻ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ, ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയിൽനടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് - അമ്മ എഴുതിയ കത്തിൽ പറഞ്ഞിരുന്നു.
Content Highlights: Human Rights Body Takes Suo Motu Cognizance Of Anna Sebastian Perayils Death