വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ബോംബാകും...ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചുതോവാളയില്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ മരണത്തിനിടയാക്കിയ കുക്കര്‍
കൊച്ചുതോവാളയില്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ മരണത്തിനിടയാക്കിയ കുക്കര്‍

കട്ടപ്പന: കൊച്ചുതോവാള പൂവേഴ്സ് മൗണ്ടില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചതോടെ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുകയാണ് അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറായ റെജി വി.കുര്യാക്കോസ്.

മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുക. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം. ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും.

ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക. ഇല്ലെങ്കില്‍ വാല്‍വിനുള്ളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.

കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക. മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.

പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു
കട്ടപ്പന: ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ് മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയായതിനാല്‍ ഏതാനും ദിവസമായി വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് ഷിബുവായിരുന്നു.

രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിച്ചു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ഷിബു മരിച്ചു. മക്കള്‍: അന്ന, ഹെലന്‍.

Content Highlights: pressure cooker blast, pressure cooker valve