ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നൽകണം- മനുഷ്യാവകാശ കമ്മീഷൻ

മരിച്ച ജോയി, തിരച്ചിലിനു വേണ്ടി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും ചേര്‍ന്ന് മാലിന്യം നീക്കുന്നു.
മരിച്ച ജോയി, തിരച്ചിലിനു വേണ്ടി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും ചേര്‍ന്ന് മാലിന്യം നീക്കുന്നു.

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീട് നിർമ്മിച്ചുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ന​ഗരസഭ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.

13 ലക്ഷം റെയിൽവേയും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും കുടുംബത്തിന് കെെമാറിയിട്ടുണ്ടെന്ന് ന​ഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി ലഭിച്ചാൽ ലെെഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ന​ഗരസഭ വീട് നിർമ്മിച്ച് നൽകുമെന്നും റിപ്പോർട്ടിലുണ്ട്. 

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ ഡോ.​ ഗിന്നസ് മാടസ്വാമി, അജു ചെറിയാൻ, വി.ദേവദാസ്, എ.അക്ബർ അലി എന്നീ പൊതുപ്രവർത്തകരും പരാതി സമർപ്പിച്ചിരുന്നു. 

Content Highlights: house should be built and given to joy who drowned in amayizhanchan canal