ഹംദാനെ കാക്കണേ അയ്യപ്പാ...ആത്മമിത്രത്തിന്റെ മകനുവേണ്ടി ഇരുമുടിക്കെട്ടുമേന്തി പ്രമോദ് നടക്കുന്നു, സ്വാമിയെ കാണാൻ

കൊളത്തൂർ: ഹംദാൻ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായപ്പോൾ പ്രമോദ് മനസ്സുരുകി നേർന്നതാണ് അവന് സുഖമായാലുടൻ നടന്ന് ശബരിമലയിലെത്തി വഴിപാട് നടത്താമെന്ന്.
മലപ്പുറം പാങ്ങ്, ചേണ്ടി സ്വദേശി നാസർമാനുവിന്റെ മകൻ ഹംദാനുവേണ്ടി ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് സന്നിധാനത്തിലേക്കു നടക്കുകയാണ് പുന്നയൂർക്കുളത്തെ പ്രമോദ് സ്വാമി. ദിവസവും ഏതാണ്ട് 22 കിലോമീറ്റർ നടക്കും. ഇപ്പോൾ ഗുരുവായൂർ പിന്നിട്ടു. എട്ടുമാസംമുൻപ് ബൈക്കപകടത്തിൽ പരിക്കേറ്റ ഹംദാൻ വെല്ലൂർ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം ഈയിടെയാണ് തിരിച്ചെത്തിയത്.
പുന്നയൂർക്കുളത്തിനടുത്ത് ചെറായിയിൽ കനാലോരത്ത് ചൂണ്ടയിടുന്നതിനിടയിലാണ് നാസർമാനുവും പ്രമോദും പരിചയക്കാരായത്. ഗൾഫിൽ ബിസിനസുകാരനാണ് നാസർമാനു. ഒരിക്കൽ അപ്രതീക്ഷിതമായി പ്രമോദിനെ കാണാൻ പോയപ്പോഴാണ് ആ വീടിന്റെ പ്രാരബ്ധം നാസർമാനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തകർന്നുവീഴാറായ ആ വീട് നന്നാക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. നാട്ടിൽ നാസർ മാനുവിന്റെ ബിസിനസ് കാര്യം നോക്കി നടത്താൻ പ്രമോദിനെ ഒപ്പംകൂട്ടി. 14 വർഷത്തെ വളർച്ചയുണ്ട് ആ സൗഹൃദത്തിന്. പ്രമോദിന് ഇപ്പോൾ പ്രായം 50. നാസർമാനുവിന് 54. ചൂണ്ടൽപ്പടവിൽ തുടങ്ങിയ ആ സ്നേഹബന്ധത്തിന്റെ ആഴവും കരുതലുമാണ് ആത്മമിത്രത്തിന്റെ മകനുവേണ്ടി നടന്ന് ശബരിമലകയറി വഴിപാട് നടത്താൻ പ്രമോദിന് കരുത്തേകുന്നത്.
Content Highlights: Pramod is walking to Sabarimala to fulfill a vow for his friend's son, Hamdan, who recovered from a severe accident., Hamdan is the son of Nazarmanu from Panga, Malappuram., Pramod and Nazarmanu share a 14-year-long deep friendship rooted in mutual help and respect., Nazarmanu had previously helped Pramod rebuild his dilapidated house.