3,000 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; ഹൈറിച്ച് ഉടമകളുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാന്‍ കോടതിയുത്തരവ്

'ഹൈറിച്ച്' ഉടമകളായ കെ.ഡി.പ്രതാപനും ശ്രീന പ്രതാപനും | Photo: highrich.net & youtube.com/@highrichonlineshoppeoffici1701
'ഹൈറിച്ച്' ഉടമകളായ കെ.ഡി.പ്രതാപനും ശ്രീന പ്രതാപനും | Photo: highrich.net & youtube.com/@highrichonlineshoppeoffici1701

തൃശ്ശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ കോടതിയുത്തരവ്. തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എം. രതീഷ്‌കുമാറിന്റേതാണ് ഉത്തരവ്. നേരത്തേ സ്വത്ത് താത്കാലികമായി ജപ്തിചെയ്ത് ഉത്തരവിറങ്ങിയിരുന്നു. ഇത് സ്ഥിരപ്പെടുത്തുകയാണ് ഇപ്പോള്‍ കോടതി ചെയ്തത്.

ഹൈറിച്ചിന്റെയും നടത്തിപ്പുകാരുടെയും സ്വത്തും ബാങ്ക് അക്കൗണ്ടുകളും വാഹനങ്ങളും മറ്റുമാണ് സ്ഥിരമായി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മണിച്ചെയിന്‍ മാതൃകയിലുളള 3,000 കോടിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണ് കമ്പനി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ആറാട്ടുപുഴ കൊല്ലാട്ട് പ്രതാപന്‍, ഭാര്യ ശ്രീനാ പ്രതാപന്‍ എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടുന്നത്.

വ്യത്യസ്ത പേരുകളിലുളള സ്‌കീമുകളിലേക്ക് വലിയ തുകകള്‍ വന്‍ പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുമാണ് ഹൈറിച്ച് ഉടമകള്‍ തട്ടിപ്പു നടത്തിയത്. കേസില്‍ കമ്പനി പുറപ്പെടുവിച്ച ബോണ്ടുകള്‍ അടക്കമുള്ള രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ബോണ്ടുകള്‍ വ്യാജമാണെന്ന് പ്രതിഭാഗം വാദമുന്നയിച്ചു.

കമ്പനിയുടെ വെബ്‌സൈറ്റ് നിര്‍മിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറെക്കൊണ്ടു തന്നെ വെബ്‌സൈറ്റ് പരിശോധിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേകം ഹര്‍ജി ഫയല്‍ ചെയ്തു. ഇതിനൊപ്പം പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 70 രേഖകളും ഹാജരാക്കി. വെബ്‌സൈറ്റ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്. കേസില്‍ സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോളാണ് വാദം നടത്തിയത്.

Content Highlights: Kerala court orders attachment of Highric Online Shoppe`s assets in a ₹3000 crore investment scam