അമൃതാനന്ദമയി മഠത്തിലെ ആനയുടെ കസ്റ്റഡി: സബ് കോടതി ഉത്തരവ് റദ്ദാക്കി

കേരള ഹൈക്കോടതി | ഫോട്ടോ: മാതൃഭൂമി
കേരള ഹൈക്കോടതി | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലുണ്ടായിരുന്ന 'രാമൻ' എന്ന ആനയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതി പുറപ്പെടുവിച്ച ഇൻജങ്ഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും പുറപ്പെടുവിച്ച ഉത്തരവ് മറച്ചുവെച്ചാണ് തൃശ്ശൂർ സ്വദേശിയായ കൃഷ്ണൻകുട്ടി സബ് കോടതിയെ സമീപിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ ഉത്തരവ്.

ആനയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മജിസ്ട്രേറ്റ് കോടതി മാതാ അമൃതാനന്ദമയി മഠത്തിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂർ സ്വദേശി തത്‌സ്ഥിതി തുടരാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിയെ സമീപിച്ചത്. പക്ഷേ, ഉടമസ്ഥത സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകൾ മറച്ചുവെച്ചു. സബ് കോടതി തത്‌സ്ഥിതി തുടരാനാണ് ഉത്തരവിട്ടത്. സബ് കോടതി ഉത്തരവിനെതിരേ അമൃതാനന്ദമയി മഠത്തിൽ താമസിക്കുന്ന ജയകൃഷ്ണൻ മേനോനാണ് ഹൈക്കോടതിയെ സമീപിച്ചത്.

മദപ്പാടിനെ തുടർന്ന് ആനയുടെ സംരക്ഷണം നേരത്തേ തൃശ്ശൂർ സ്വദേശിയെ ഏൽപ്പിച്ചിരുന്നു. തുടർന്നാണ് ആനയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം ഉണ്ടാകുന്നത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുകയും കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദേശിച്ച് മജിസ്‌ട്രേറ്റ് കോടതിയിലേക്ക്‌ മടക്കുകയും ചെയ്തു. തുടർന്ന് ഉടമസ്ഥതയുടെ കാര്യത്തിൽ മഠത്തിന് അനുകൂലമായി മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഉത്തരവുണ്ടായി. ഇതിനുപിന്നാലെ വസ്തുതകൾ മറച്ചുവെച്ച് തൃശ്ശൂർ സ്വദേശി ഇരിങ്ങാലക്കുട സബ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. ഈ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ആനയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹർജിക്കാരനായി അഡ്വ. സി. ഉണ്ണികൃഷ്ണനാണ് ഹാജരായത്.

Content Highlights: Kerala High Court quashes Sub Court`s injunction order regarding the custody of `Raman` elephant at Mata Amritanandamayi. Owner dispute highlighted.