‘ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രി- പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു. താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനോട് പരാതിപ്പെട്ടു. സെക്രട്ടറിയെ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്തു നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ഫയലുകളിൽ നടപടികൾ നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
പുതിയ മെഡിക്കൽ കോളേജായി നിർദേശിച്ച തിരുവനന്തപുരം ജനറൽ ആശുപത്രി, നഴ്‌സിങ് കോളേജ് ഹോസ്റ്റലുകളുടെ നിർമാണം അറ്റകുറ്റപ്പണി എന്നിവയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സി.എസ്.ആർ. ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടും അനുമതി നൽകുന്നതടക്കമുള്ള ഫയലുകളിൽ തീരുമാനം നീളുന്നതായും മന്ത്രി പറയുന്നു.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻകാലങ്ങളിൽ മരുന്ന് വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച പരിശോധന നടത്താൻ മൂന്നുമാസം മുൻപ് നൽകിയ നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. മെഡിക്കൽകോളേജുകളിലെ സിവിൽ, ഇലക്‌ട്രിക്കൽ, നിർമാണപ്രവൃത്തികൾ, ബയോ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണിക്ക് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരണമെന്ന നിർദേശം എന്നിവയും ഫയലിൽ ഉറങ്ങുന്നു.
നിർമാണം പൂർത്തിയായിട്ടും വിവിധ കാരണങ്ങളാൽ ഉപയോഗിക്കാത്ത ധാരാളം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങിയ ഉപകരണങ്ങളും കെട്ട് പൊട്ടിക്കാതെ കിടക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകാനുള്ള നിർദേശവും എങ്ങുമെത്തിയില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ എം.ഡി. 19.5 ലക്ഷം രൂപ മുടക്കി ടെന്നീസ് ക്ലബിൽ അംഗത്വമെടുക്കാനുണ്ടായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
ക്ഷാമം നേരിട്ടിട്ടും മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
എല്ലാം വകുപ്പിനുള്ളിലെ കാര്യങ്ങൾ -പ്രിൻസിപ്പൽ സെക്രട്ടറി
ഫയലുകൾ പിടിച്ചുവെക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കാൻ ഷർമിള മേരി ജോസഫ് വിസമ്മതിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതെല്ലാം വകുപ്പിനുള്ളിലുള്ള കാര്യങ്ങളല്ലേയെന്നായിരുന്നു പ്രതികരണം.
Content Highlights: Kerala Health Minister filed a complaint with the Chief Minister against Principal Secretary Sharmila Mary Joseph. The Minister alleged that 35 files recommended for action are being delayed by the Principal Secretary. Pending files relate to corruption inquiries, CSR approvals, master plan preparation, and KMSCL drug purchases. Tensions escalated over delays in taking tender action for medicine purchases amidst shortages. The Principal Secretary declined to comment on the allegations, describing it as an internal departmental matter.