മരണം തോറ്റു; ഓര്‍മകളുടെ ജീവിതവുമായി അയാള്‍

കെ.പി. കേശവമേനോന്‍ 51 വര്‍ഷംമുന്‍പ് തനിക്കയച്ച കത്തുകളുമായി രാമകൃഷ്ണന്‍
കെ.പി. കേശവമേനോന്‍ 51 വര്‍ഷംമുന്‍പ് തനിക്കയച്ച കത്തുകളുമായി രാമകൃഷ്ണന്‍

കൊച്ചി: 'രാമകൃഷ്ണന്‍ അയച്ച എഴുത്തു കിട്ടി. അത്യധികം വേദനയോട് കൂടിയാണ് ഞാന്‍ ആ കത്ത് മുഴുവനും രണ്ട് പ്രാവശ്യം വായിച്ചത്. ഉടനെത്തന്നെ ആ കത്ത് ഒരു പ്രസിദ്ധനായ ഡോക്ടറെ കാണിച്ചു. 'ഡോക്ടര്‍ സി.കെ. രാമചന്ദ്രന്‍' -51 വര്‍ഷംമുമ്പ് തനിക്കുകിട്ടിയ കത്ത് ഇന്നും നിധിപോലെ രാമകൃഷ്ണന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ആ കത്തും അതിലൂടെ ലഭിച്ച 'പുനര്‍ജന്മ'വും രാമകൃഷ്ണന്‍ എങ്ങനെ മറക്കാനാണ്.

മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോന് എഴുതിയ കത്തുകളിലൂടെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥയാണ് രാമകൃഷ്ണന്റെ ജീവിതം. അങ്കമാലി പുളിയനം സ്വദേശിയായ രാമകൃഷ്ണന് 1972-ലാണ് ശരീരത്തിലെ മാംസപേശികള്‍ മുറുകി അവയവങ്ങള്‍ ചലനരഹിതമാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയുംചെയ്യുന്ന 'മൈസ്‌തേനിയ ഗ്രാവിസ്' എന്ന അത്യപൂര്‍വരോഗം പിടിപെടുന്നത്.

ഈ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഫലപ്രദമായ മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മരണമല്ലാതെ മറ്റൊന്നും രാമകൃഷ്ണന്റെ മുന്നിലുണ്ടായിരുന്നില്ല. 19-കാരനായ രാമകൃഷ്ണന്‍ രോഗവും വീട്ടിലെ ദാരിദ്ര്യവും അടക്കമുള്ള സങ്കടങ്ങളില്‍ നീറിനില്‍ക്കുമ്പോഴാണ് കെ.പി. കേശവമേനോനെ ഓര്‍ത്തത്.

''നാലാംക്ലാസുവരെമാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും മാതൃഭൂമി പത്രം സ്ഥിരമായി വായിച്ചിരുന്നയാളായിരുന്നു ഞാന്‍. പത്രത്തില്‍ കേശവമേനോന്‍ സാര്‍ എഴുതിയിരുന്ന 'നാം മുന്നോട്ട്' എന്ന കോളമാണ് എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നത്.

അക്കാലത്ത് 1500 രൂപ വിലയുള്ള മെറ്റലസ് ഗുളിക അമേരിക്കയില്‍നിന്ന് കൊണ്ടുവരാന്‍ വിമാനക്കൂലി വേറെയും കൊടുക്കണം. ദരിദ്രനായ എനിക്ക് അത് സാധിക്കാത്തതിനാല്‍ മരണം ഉറപ്പിച്ച നിമിഷത്തിലാണ് ഞാന്‍ കേശവമേനോന്‍ സാറിന് കത്തെഴുതിയത്. കത്തുവായിച്ച അദ്ദേഹം മറുപടി അയക്കുകയും കോഴിക്കോട്ടേക്ക് ചെല്ലാന്‍ നിര്‍ദേശിക്കുകയുംചെയ്തു.

കോഴിക്കോട്ട് അദ്ദേഹം പരിചയപ്പെടുത്തിയ ഡോ. രാമചന്ദ്രന്റെ ചികിത്സയ്ക്കിടയില്‍ പലവട്ടം കേശവമേനോന്‍ സാര്‍ ആശുപത്രിയില്‍ എന്നെ കാണാനെത്തി. രാമചന്ദ്രന്‍ ഡോക്ടറാണ് എനിക്ക് ആദ്യമായി മെറ്റലസ് ഗുളിക തന്നത്'' -രാമകൃഷ്ണന്‍ പറയുന്നു. രോഗം ഭേദമായതോടെ റോട്ടറി ക്ലബ്ബിന്റെയുംമറ്റും സഹായത്തോടെ കിട്ടിയ പെട്ടിക്കട നടത്തിയായിരുന്നു രാമകൃഷ്ണന്റെ ജീവിതം. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയും ചെയ്തു. കൃഷിക്കായി എടുത്ത കടം തീരാത്ത സങ്കടത്തിലും കൃഷി രാമകൃഷ്ണന്റെ ജീവനാണ്. ഇപ്പോള്‍ 70 വയസ്സായ രാമകൃഷ്ണന്‍ ഭാര്യയുമൊത്ത് അങ്കമാലിയിലാണ് താമസം. രണ്ടുപെണ്‍മക്കള്‍ വിവാഹിതരാണ്.

Content Highlights: he lives with memories of kp kesava menon