മക്കളുടെ പ്രായം അറിയാത്ത അമ്മ, സഹായിക്കാൻ ശ്രമിച്ചവർക്കു പഴി, നിർബന്ധിച്ചാൽ ആത്മഹത്യാഭീഷണി; മൃതദേഹം രഹസ്യമായി മറവുചെയ്യാനും ശ്രമം

ഹരിപ്പാട്: ‘പത്തു വർഷത്തിനിടെ 30 വയസ്സുകാരി ഏഴു പ്രസവിച്ചെങ്കിലും ഒരു കുട്ടിക്കും ജനനസർട്ടിഫിക്കറ്റില്ല. ആധാർ കാർഡില്ല. പ്രതിരോധകുത്തിവെപ്പിന്റെ രേഖകളുമില്ല. പത്തുവയസ്സുള്ള മൂത്തകുട്ടിയടക്കം ആരും സ്കൂളിൽ പോകുന്നില്ല. കുട്ടികളെ കുളിപ്പിക്കാറില്ല, വല്ലപ്പോഴും ഭക്ഷണം കൊടുത്താലായി. രണ്ടും മൂന്നും മാസത്തിനിടെ വാടകവീടുകൾ മാറും. ആരുമായും സഹകരിക്കില്ല’- ഹരിപ്പാട്ടു പോഷകാഹാരക്കുറവു മൂലം മരിച്ച രണ്ടുവയസ്സുകാരന്റെ അമ്മയുടെ ജീവിതരീതിയെപ്പറ്റി ഐ.സി.ഡി.എസ്. അധികൃതരും സന്നദ്ധപ്രവർത്തകരും നാട്ടുകാരും പറയുന്നത് ഒരുപോലെ.
അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. മറ്റൊരാളുടെ വാഹനമാണ്. അതിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ടാണ് ദമ്പതിമാരുടെ ചെലവു നടക്കുന്നത്. കുട്ടികളെ സംരക്ഷിക്കാൻ ഇരുവരും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. രണ്ടുവയസ്സുകാരന്റെ മരണത്തെത്തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് ഇവരുടെ വാടകവീടു പരിശോധിച്ചപ്പോൾ തീർത്തും വൃത്തിഹീനമായ സാഹചര്യമാണു കണ്ടത്. തുണികളും പാത്രങ്ങളും വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മരിച്ച കുട്ടിയടക്കം അന്തിയുറങ്ങിയിരുന്നത്. മാസംതികയാതെ ജനിച്ച കുട്ടിയായിരുന്നു. ശ്വാസംമുട്ടൽ പോലുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും മരുന്നു കൊടുത്തിരുന്നില്ല.
ഇവർ വാടകയ്ക്കു താമസിച്ചിരുന്ന മാന്നാർ, മുതുകുളം, കുമാരപുരം എന്നിവിടങ്ങളിലെ അങ്കണവാടി ജീവനക്കാരും ആശ പ്രവർത്തകരും കുട്ടികളുടെ പരിചരണത്തിനു ശ്രമിച്ചതായാണറിയുന്നത്. മുതുകുളത്തും കാർത്തികപ്പള്ളിയിലും കുട്ടികളെ സ്കൂളിൽ ചേർത്തെങ്കിലും വിടാൻ അമ്മ തയ്യാറായില്ല. നേരത്തേ ഇവരുടെ മറ്റൊരു കുഞ്ഞും മരിച്ചിരുന്നു. പോഷകാഹാരക്കുറവുമൂലം ആരോഗ്യം നശിച്ച ആ കുഞ്ഞ് അമ്മയുടെ കൈയിൽനിന്ന് വഴുതിവീണു മരിച്ചതായാണ് ഐ.സി.ഡി.എസ്. അധികൃതരുടെ റിപ്പോർട്ടിലുള്ളത്.
മക്കളുടെ പ്രായം അറിയാത്ത അമ്മ
മൂത്തകുഞ്ഞിന് എത്ര വയസ്സുണ്ടെന്ന് അങ്കണവാടി ജീവനക്കാരി ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. അടുത്തിടെ വീട്ടിലെത്തി ഇവരെ കണ്ടപ്പോഴായിരുന്നു അത്. മൂത്തകുട്ടിക്കു 10 വയസ്സാണ്. രണ്ടാമത്തെയാളിന് ഏഴ്. ഇളയകുട്ടികൾക്ക് അഞ്ചും മൂന്നും വയസ്സ്. നാലും പെൺകുട്ടികളാണ്. രണ്ട് ആൺകുട്ടികൾ മരിച്ചു. ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനിച്ച ഏഴാമത്തെ കുഞ്ഞ് അമ്മയ്ക്കൊപ്പം അവിടെ പരിചരണത്തിലാണ്.
മൂത്ത രണ്ടു കുട്ടികളെ ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലും മറ്റു രണ്ടുപേരെ ശിശുവിഹാറിലും കുറച്ചുകാലം സംരക്ഷിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മധ്യവേനലവധിക്ക് അച്ഛൻ ഇവരെ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീടു മടക്കിയയച്ചില്ല. രണ്ടുവയസ്സുകാരന്റെ മരണത്തെത്തുടർന്ന് നാലു പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.
മൃതദേഹം രഹസ്യമായി മറവുചെയ്യാൻ ശ്രമം
പോഷകാഹാരക്കുറവും രക്തക്കുറവും മൂലം മരിച്ച രണ്ടുവയസ്സുകാരന്റെ മൃതദേഹം, അച്ഛൻ രഹസ്യമായി മറവുചെയ്യാൻ ശ്രമിച്ചിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ബോധരഹിതനായ കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം കാർത്തികപ്പള്ളിയിലുള്ള സഹോദരന്റെ വീടിനുസമീപം സംസ്കരിക്കാനാണ് അച്ഛൻ ശ്രമിച്ചത്. മൂന്നുവർഷം മുൻപു മരിച്ച മറ്റൊരു കുഞ്ഞിനെയും അവിടെയാണു സംസ്കരിച്ചത്.
മരണത്തിൽ നാട്ടുകാരും പൊതുപ്രവർത്തകരും ദുരൂഹതയാരോപിച്ചു. വിവരം ശേഖരിക്കാനെത്തിയ അങ്കണവാടി ജീവനക്കാരെ കുട്ടിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഐ.സി.ഡി.എസ്. അധികൃതരുടെകൂടി പരാതിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.
സഹായിക്കാൻ ശ്രമിച്ചവർക്കു പഴി, നിർബന്ധിച്ചാൽ ആത്മഹത്യാഭീഷണി
കുമാരപുരത്ത് കടത്തിണ്ണയിലാണ് രണ്ടുമാസം മുൻപ് കുഞ്ഞുങ്ങളുമായി ദമ്പതിമാർ കഴിഞ്ഞിരുന്നത്. ഓഗസ്റ്റ് മൂന്നിന് അങ്കണവാടി ജീവനക്കാരും പോലീസും ജനപ്രതിനിധികളുമിടപെട്ട് അമ്മയെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ ഗാന്ധിഭവനിലെത്തിച്ചു. പത്തനാപുരത്ത് നാലുസെന്റ് ഭൂമിയും വീടും ഇവർക്കു ഗാന്ധിഭവൻ അധികൃതർ വാഗ്ദാനംചെയ്തു. അച്ഛന് അവിടെ ജോലിനൽകാമെന്നും പറഞ്ഞു.
എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ മടങ്ങിപ്പോകണമെന്ന് അമ്മ വാശിപിടിച്ചു. നാട്ടിൽ വാടകവീടു തരപ്പെടുത്തിയതിനാൽ ഭാര്യയെയും മക്കളെയും വിട്ടുനൽകണമെന്ന് അച്ഛനും ആവശ്യപ്പെട്ടു. വിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി, നാലുദിവസം ഭക്ഷണം കഴിക്കാതെ പ്രധിഷേധിച്ചതായും പറയുന്നു. ഓഗസ്റ്റ് 13-ന് ഗാന്ധിഭവനിൽനിന്ന് യുവതിയെയും മക്കളെയും വിട്ടു. തുടർന്നാണ്, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്.
ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ പലപ്രാവശ്യം കുട്ടികളുടെ സംരക്ഷണത്തിനു നടപടിയെടുക്കാമെന്നറിയിച്ച് മാതാപിതാക്കളെ സമീപിച്ചിരുന്നു. മുതിർന്ന കുട്ടികളെ സ്കൂളിലും ഇളയവരെ അങ്കണവാടിയിലും അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചമുൻപ് മൂന്നുവയസ്സുള്ള കുട്ടിയെ അങ്കണവാടിയിൽ വിട്ടു. കുട്ടികൾക്കുള്ള പോഷകാഹാരം അങ്കണവാടിവഴി കൊടുത്തിരുന്നതായാണ് ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിൽ ഭക്ഷണവും പരിചരണവും കിട്ടാതെവന്നതാണ് കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചതെന്നും പറയുന്നു.
ഒരാഴ്ചമുൻപും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ കുട്ടികളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ താമസസ്ഥലത്തെത്തിയിരുന്നു. എന്നാൽ, ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ യുവതി മടക്കിയയക്കുകയായിരുന്നു.
ബാലാവകാശ കമ്മിഷൻ കേസെടുത്തു
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ടി.സി. ജലജമോളാണു കേസെടുത്തത്. ജില്ല മെഡിക്കൽ ഓഫീസർ, ജില്ല ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എന്നിവരോടു കമ്മിഷൻ വിശദീകരണം തേടി.
Content Highlights: A two-year-old child died due to malnutrition and severe neglect in Haripad, Alappuzha., The 30-year-old mother gave birth to seven children in ten years, none of whom have birth certificates or Aadhaar cards., The state child rights commission has suo motu registered a case and sought reports from officials., Child Welfare Committee (CWC) has taken custody of the remaining four girls.