പഴയ ഉദ്യോഗസ്ഥര്‍ ആനക്കോട്ടയിലെത്തി; പ്രിയപ്പെട്ട ആനകളെ കാണാന്‍...

• ഗുരുവായൂർ ആനക്കോട്ടയിലെ റിട്ട. ജീവനക്കാരുടെ വകയായുള്ള ആനയൂട്ട്, കൊമ്പൻ ജൂനിയർ വിഷ്ണുവിന് ചോറുരുള നൽകി കെ.പി. കരുണാകരൻ ഉദ്ഘാടനംചെയ്യുന്നു
• ഗുരുവായൂർ ആനക്കോട്ടയിലെ റിട്ട. ജീവനക്കാരുടെ വകയായുള്ള ആനയൂട്ട്, കൊമ്പൻ ജൂനിയർ വിഷ്ണുവിന് ചോറുരുള നൽകി കെ.പി. കരുണാകരൻ ഉദ്ഘാടനംചെയ്യുന്നു

ഗുരുവായൂര്‍: ആനക്കോട്ടയില്‍ വര്‍ഷങ്ങളോളം ജോലിയെടുത്ത് വിരമിച്ച ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒന്നിച്ചെത്തി. തങ്ങളുടെ പ്രിയപ്പെട്ട ആനകളെ കാണാനും ഊട്ട് നല്‍കാനുമായിരുന്നു അത്. മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരും മാനേജര്‍മാരുമടക്കം 50-ഓളം പേരാണ് ആനക്കോട്ടയുടെ സുവര്‍ണജൂബിലിദിനത്തില്‍ ഒത്തുകൂടിയത്. 

1975-ല്‍ ആനക്കോട്ട ആരംഭിക്കുന്ന സമയത്ത് സൂപ്രണ്ടായിരുന്ന കെ.പി. കരുണാകരനായിരുന്നു സംഘത്തിലെ മുതിര്‍ന്ന അംഗം. അദ്ദേഹമായിരുന്നു ആനയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്‍വീനര്‍ സി.വി. വിജയന്‍ അധ്യക്ഷനായി. ബി. ഹരികൃഷ്ണമേനോന്‍, പി.വി. സോമസുന്ദരന്‍, ശിവദാസ് മൂത്തേടത്ത്, എം. അരവിന്ദാക്ഷന്‍, ആര്‍. രാജഗോപാലന്‍, എം.പി. ശങ്കരനാരായണന്‍, വി. മുരളി, ആര്‍. പരമേശ്വരന്‍, ആര്‍. നാരായണന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കൊമ്പന്‍ വലിയ വിഷ്ണുവിന് ആദ്യം ഉരുള നല്‍കി. പിന്നാലെ അനന്തനാരായണന്‍, രാജശേഖരന്‍, രശ്മി, അക്ഷയകൃഷ്ണന്‍, കൃഷ്ണനാരായണന്‍, ഗോപീകൃഷ്ണന്‍ തുടങ്ങിയ ആനകള്‍ക്കും നല്‍കി. എല്ലാ ജൂണ്‍ 26-നും ആനയൂട്ട് നടത്താറുണ്ടെങ്കിലും ഇത്തവണത്തേത് വിശേഷത നിറഞ്ഞതായിരുന്നു.

പഴയകാല ആനക്കാരന്‍ മണ്ണാരത്ത് ശങ്കരനാരായണനെയും വിരമിക്കുന്ന ആനക്കാരന്‍ നളരാജനെയും ആദരിച്ചു. പുന്നത്തൂര്‍ കോവിലകത്തിന്റെ ഇപ്പോഴത്തെ പ്രതിനിധികളായ വിജയന്‍ പുന്നത്തൂരും സതീഷ് രാജയും എത്തിയിരുന്നു.

Content Highlights: Former Guruvayur Devaswom officials reunited at the elephant camp