ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

#ബി.ബാലഗോപാൽ
ഗുരുവായൂര്‍ ക്ഷേത്രം | ഫയല്‍ചിത്രം | ഫോട്ടോ: പി.പി. ബിനോജ്/ മാതൃഭൂമി
ഗുരുവായൂര്‍ ക്ഷേത്രം | ഫയല്‍ചിത്രം | ഫോട്ടോ: പി.പി. ബിനോജ്/ മാതൃഭൂമി

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഭരണം മാറിയതിനുശേഷം പിൻവലിച്ചിരുന്നു.

ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. ഗുരുവായൂർ ദേവസ്വം നിയമനങ്ങൾക്കു ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978-ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19–ാം വകുപ്പിന് നിയമസാധുതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിലെ 9–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. എന്നാൽ ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന സർക്കാർ തങ്ങളുടെ അപ്പീൽ പിൻവലിച്ചിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശുപാർശയിൽ നിയമനം ലഭിച്ചവരുടെ ജോലിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം പുതിയ റിക്രൂട്ട്മെന്റിനായി നടത്തിയ പരീക്ഷയ്ക്ക് ഇനി നിയമ സാധുത ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ സ്റ്റാന്റിങ് കോൺസൽ എം.ആർ. രമേശ് ബാബു, സ്റ്റാന്റിംഗ് കോൺസൽ സുൽഫിക്കർ അലി എന്നിവർ ഹാജരായി. ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ, അഭിഭാഷകൻ ജിഷ്ണു എം.എൽ. എന്നിവരും ഉദ്യോഗാർഥികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി എന്നിവരും ഹാജരായി. കേസിലെ എതിർ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവർ ഹാജരായി.

Content Highlights: The Supreme Court upheld the High Court ruling that the Devaswom Recruitment Board has no authority over Guruvayur Devaswom recruitments, confirming that appointment powers remain with the Devaswom Managing Committee.