പേര് നിർദേശിച്ചതിൽ മുഖ്യനോട് വിയോജിപ്പ്; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടിക അംഗീകരിക്കാതെ മന്ത്രിമാർ

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് മൂന്നംഗങ്ങളെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ. മതിയായ കൂടിയാലോചനയില്ലാതെ നിർദേശിച്ച പട്ടിക അംഗീകരിക്കാൻ മന്ത്രിമാർ തയ്യാറായില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസാണ് പട്ടിക തയ്യാറാക്കിയത്.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരാണ് അംഗങ്ങളെ നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പട്ടിക ഹിന്ദു മന്ത്രിമാർ അംഗീകരിക്കുന്നതാണ് രീതി. മുഖ്യമന്ത്രിയടക്കം ഒൻപത് പേരാണ് ഹിന്ദുവിഭാഗത്തിലുള്ളത്. ഇവരിൽ കെ.എ. തുളസി മാത്രമാണ് ഒപ്പിട്ടത്. മറ്റ് മന്ത്രിമാർ ഫയൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന വിവരം തുളസി അറിയുന്നത് അതിനുശേഷവും.
രണ്ടംഗങ്ങൾ പൊതുവിഭാഗത്തിൽനിന്നും ഒരാൾ ജീവനക്കാരുടെ പ്രതിനിധിയായുമാണ് വരേണ്ടത്. ഇതനുസരിച്ച് പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രനടക്കം രണ്ടു കോൺഗ്രസുകാരും ഒരു ജീവനക്കാരനും ഉൾപ്പെട്ട പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി. ഈ പേരുകൾ സംബന്ധിച്ച് പാർട്ടിയിലോ, മന്ത്രിമാരുമായോ ചർച്ച നടത്തിയില്ലെന്നതാണ് പരാതി.
പൊതുവിഭാഗത്തിൽനിന്നുള്ള രണ്ടുപേരും നായർ സമുദായത്തിൽ നിന്നുള്ളവരാണ്. ജീവനക്കാരുടെ പ്രതിനിധി ഈഴവവിഭാഗത്തിൽനിന്നും. പൊതുവിഭാഗത്തിൽനിന്നുതന്നെ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ചില മന്ത്രിമാർ ഉന്നയിച്ചു. പിണറായി സർക്കാരിന്റെ അവസാനകാലത്ത് ചെയർമാനടക്കം രണ്ടുപേരെ നിയമിച്ചിരുന്നു. കോൺഗ്രസിൽനിന്ന് ചേരിമാറിയെത്തിയ എ.വി. ഗോപിനാഥാണ് ഇപ്പോൾ ചെയർമാൻ. ഇവർക്ക് ഒരു വർഷത്തിലേറെ കാലാവധിയുണ്ട്.
ദേവസ്വം ബോർഡുകളിൽ ചെയർമാനും അംഗങ്ങളുമാകാൻ കോൺഗ്രസ് നേതൃത്വം നേതാക്കളിൽനിന്നുള്ള വലിയ സമ്മർദം നേരിടുന്നുണ്ട്. ബോർഡ്, കോർപ്പറേഷൻ നിയമനം വൈകുന്നതിലും പാർട്ടിയിൽ എതിർപ്പ് ശക്തമാണ്.
ഇത്തരം ഫയലുകളിൽ ഇത്രദിവസത്തിനകം മന്ത്രിമാർ ഒപ്പിടണമെന്ന് നിബന്ധനയില്ല. മുഖ്യമന്ത്രി കാര്യം വിശദീകരിച്ചാൽ ഒരുപക്ഷേ, എല്ലാവരും ശുപാർശ അംഗീകരിച്ചെന്നുവരാം. എങ്കിലും ആദ്യഘട്ടത്തിലുണ്ടായ വിസമ്മതം അസ്വാഭാവികമാണ്, അതും കൂട്ടത്തോടെ. വൈദ്യുതിക്കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ താനറിഞ്ഞത് പത്രത്തിൽനിന്നാണെന്ന് പറഞ്ഞ് വകുപ്പുമന്ത്രി സണ്ണി ജോസഫ് മുൻപ് രംഗത്തുവന്നത് വിവാദമായിരുന്നു.
Content Highlights: Ministers disagreed with the Chief Minister over Guruvayur Devaswom Board nominations., The CM's office prepared the list without prior consultation with Hindu ministers as per norms., Only one minister signed the file while others withheld it, raising concerns over representation., The controversy highlights growing internal pressure within the ruling party regarding board and corporation appointments.