ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം: കേസ് മരവിച്ചെങ്കിലും വിവാദം തീരുന്നില്ല

#എം.കെ. രാജശേഖരൻ
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

തൃശ്ശൂർ: ഗുരുവായൂരപ്പന്റെ മൂന്നു തിരുവാഭരണങ്ങൾ കാണാനില്ല- 1985 മാർച്ച് 31-ന് അന്നത്തെ മേൽശാന്തി സ്ഥാനമൊഴിഞ്ഞ സമയത്താണ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്. അധികമാരും അതറിഞ്ഞില്ല. പക്ഷേ, ഏപ്രിൽ എട്ടിലെ മാതൃഭൂമി പത്രത്തിലൂടെ വാർത്ത പുറംലോകമറിഞ്ഞു. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു നേരേവരെ വിഷയം കത്തിപ്പടർന്നു. 29 വർഷത്തിനുശേഷം പ്രധാന മാല മണിക്കിണറിൽനിന്ന് കണ്ടെത്തുന്നതുവരെ ദുരൂഹത തുടർന്നു. ഇപ്പോഴും അവശേഷിക്കുന്നുണ്ട് ചില ദുരൂഹതകൾ.

ശബരിമല സ്വർണക്കൊള്ള ചർച്ചചെയ്യപ്പെടുന്നതിനിടെ കഴിഞ്ഞദിവസം ഗുരുവായൂരിലെ തിരുവാഭരണം സംബന്ധിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായം പറഞ്ഞിരുന്നു.

‘‘ഗുരുവായൂരിലെ നഷ്ടത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണനുണ്ണിയുടെ റിപ്പോർട്ടിൽ വലിയ കണ്ടെത്തലുകളുണ്ടായിരുന്നു. ലക്ഷങ്ങളുെട നഷ്ടം അടിവരയിട്ടു പറഞ്ഞത് കോൺഗ്രസിന്റെ കാലത്തെ ഭരണത്തെപ്പറ്റിയായിരുന്നു. കരുണാകരനായിരുന്നല്ലോ അന്ന് മുഖ്യമന്ത്രി. ഈ നഷ്ടം തിരിച്ചുപിടിക്കാൻ ഇതുവരെ സാധിച്ചില്ലല്ലോ. തിരുവാഭരണം തിരിച്ചുകിട്ടിയില്ലല്ലോ’’ - ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം.

തിരുവാഭരണത്തിന്റെ പ്രധാനഭാഗം തിരികെക്കിട്ടിയത് മറച്ചുവെച്ച് ആരോപണമുന്നയിച്ചതിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു.

ഗുരുവായൂരിൽ അന്ന് നടന്നത്

കക്കാട് ദാമോദരൻ നമ്പൂതിരിയിൽനിന്ന് മേൽശാന്തിസ്ഥാനം ഏൽക്കാനെത്തിയ തീയന്നൂർ കൃഷ്ണൻനമ്പൂതിരി രേഖകൾ പരിശോധിച്ചപ്പോഴാണ് മൂന്നു മാലകൾ കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്. മാതൃഭൂമി ലേഖകനായിരുന്ന ജനു ഗുരുവായൂരിന് ലഭിച്ച രഹസ്യവിവരപ്രകാരമുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് നഷ്ടം പുറംലോകമറിയുന്നത്.

അഞ്ചുദിവസംകഴിഞ്ഞ് 1985 ഏപ്രിൽ 13-ന് ദേവസ്വം പോലീസിൽ പരാതി നൽകി. ആഭരണങ്ങളുടെ സൂക്ഷിപ്പ് ചുമതലയുള്ള മേൽശാന്തി ദാമോദരൻനമ്പൂതിരിയെയും മകൻ ദേവദാസനെയും പ്രതിയാക്കി കേസെടുത്തു. ദാമോദരൻ നമ്പൂതിരിയിൽനിന്ന് നഷ്ടപരിഹാരമായി 50,000 രൂപ ദേവസ്വം ഈടാക്കി. പക്ഷേ, കുറ്റം തെളിയിക്കാനായില്ല. നടപടികൾ തുടരുന്നതിനിടെ ദാമോദരൻനമ്പൂതിരി മരിച്ചു.

87-ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ മാളയിലും ദേവസ്വം ചെയർമാനായി രുന്ന പി.ടി. മോഹനകൃഷ്ണൻ പൊന്നാനിയിലും കോൺഗ്രസ് സ്ഥാനാർഥികളായി. തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികൾ ഇവരാണെന്ന നിലയിൽ പ്രതിപക്ഷം പ്രചാരണം നടത്തിയെങ്കിലും രണ്ടുപേരും ജയിച്ചു. കുറ്റം തെളിയിക്കാൻപറ്റാത്ത സാഹചര്യത്തിൽ 1993-ൽ ദേവദാസനെ കോടതി വെറുതേവിട്ടു.

മാതൃഭൂമിയിലേക്കൊരു ഫോൺവിളി

1994 ജൂലായ് 19-ന് മാതൃഭൂമി തൃശ്ശൂർ ഓഫീസിലേക്ക് ഒരു ഫോൺവന്നു. മേൽശാന്തിയോട് വിരോധമുള്ളവർ അദ്ദേഹത്തെ കള്ളനാക്കാനായി തിരുവാഭരണം ശ്രീകോവിലിനുമുന്നിലെ മണിക്കിണറിലേക്ക് ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പേരുചോദിച്ചപ്പോൾ ഫോൺ കട്ടായി.

പത്താംദിവസം മാതൃഭൂമി ഓഫീസിലേക്ക് ഒരു കവറെത്തി. മാലകൾ കിണറ്റിലുണ്ടെന്നായിരുന്നു കുറിപ്പ്. ഈ കുറിപ്പ് പരസ്യമായി കൊടുക്കാൻ 200 രൂപ ഫീസിനത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. മാതൃഭൂമിയിൽനിന്ന് ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു. അവിടെയും ഇത്തരമൊരു കത്ത് കിട്ടിയിരുന്നു. രത്നാഭരണം കിണറ്റിലെന്ന വാർത്ത സ്ഥിരീകരണം ആവശ്യമുണ്ടെന്ന വിധത്തിൽ മാതൃഭൂമി ഒന്നാം പോജിൽത്തന്നെ പിറ്റേന്ന് പ്രസിദ്ധീകരിച്ചു. ഇതിനിടെ ഒരുതവണ കിണർ വറ്റിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.

2013 മാർച്ചിൽ കിണർ വീണ്ടും വറ്റിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീട് 2014 ഏപ്രിൽ 25-നാണ് പരിചയസമ്പന്നരായ 14 പണിക്കാരുമായി കിണറ്റിലെ ചെളി നീക്കാൻ ശ്രമം നടത്തിയത്. വെള്ളം വറ്റിയപ്പോൾ പവിത്രമായ സാളഗ്രാമങ്ങൾ കിട്ടി. നീക്കിയ ചെളി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് നാഗപടത്താലി എന്ന രത്നഹാരവും മറ്റും കിട്ടിയത്.

60 ഗ്രാം തൂക്കമുള്ള മാലയിൽ 29 അമൂല്യനീലക്കല്ലുകളാണ് പതിച്ചിരുന്നത്. വലിയ കല്ലുവെച്ച ലോക്കറ്റുമുണ്ട്. ഇതിനുപുറമേ പച്ച പാലക്കാക്കല്ലുപതിച്ച മാലയുടെ 15 കഷണവും കിട്ടി. നഷ്ടപ്പെട്ട മാലയാണെന്ന് തന്ത്രിയും ദേവസ്വം അധികൃതരും സ്ഥിരീകരിച്ചതോടെ ലോക്കറിലേക്ക് മാറ്റി.

നഷ്ടപ്പെട്ട കൂടുതൽ ആഭരണം തേടിയുള്ള അന്വേഷണവും ആരാണിവ കിണറ്റിലേക്കിട്ടതെന്ന അന്വേഷണവും ഇതോടെ തീർത്തും മന്ദഗതിയിലായി. മാല തിരികെലഭിക്കുന്നതിനു മുൻപ് ഇതിന്റെപേരിൽ ഏറെ പഴികേട്ട കെ. കരുണാകരൻ മരിക്കുകയും ചെയ്തു.

മാതൃഭൂമി പത്രം നടത്തിയത് വലിയ ഇടപെടൽ

: ശബരിമല സ്വർണക്കൊള്ളയുടെ ജാള്യത മറയ്ക്കാനായിട്ടാണ് എം.വി. ഗോവിന്ദൻ ഗുരുവായൂരിലെ തിരുവാഭരണവിഷയം പറഞ്ഞത്. ഇതാകെ അബദ്ധമായി. അക്കാലത്തുതന്നെ കെ. കരുണാകരനെ ഏറെ വേട്ടയാടിയതാണ്. ഗുരുവായൂർ വിഷയത്തിൽ മാതൃഭൂമി പത്രമാണ് വലിയ ഇടപെടൽ നടത്തിയത്. എന്റെ പ്രതികരണം പത്രത്തിന്റെ മുൻകാല വാർത്തകൾ വായിച്ചതിനുശേഷമാണ്. അബദ്ധങ്ങൾ എഴുന്നള്ളിക്കരുതെന്നാണ് സിപിഎമ്മിനോടുള്ള അഭ്യർഥന. കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹൻ ദേവസ്വം ചെയർമാനായിരിക്കുന്ന കാലത്താണ് മണിക്കിണർ വറ്റിച്ച് മാല കണ്ടെടുത്തത്. ആരോ മേൽശാന്തിയെ ചതിച്ചതാണെന്നു വ്യക്തമാണ്.

-വി.ഡി. സതീശൻ പ്രതിപക്ഷനേതാവ്‌

Content Highlights: Unravel the 29-year mystery of Guruvayoor temple`s missing ornaments. Learn how jewels were found and the political fallout that ensued. Read the shocking details.