പച്ചക്കറികൾ മുതൽ പലവ്യഞ്ജനങ്ങൾ വരെ; തീവിലയിൽ തിളച്ച് വിപണി, വിലക്കയറ്റത്തിൽ ആശ്വാസമായി സപ്ലൈകോ

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലഞ്ഞ് സാധാരണക്കാർ. പച്ചക്കറി മുതൽ അരി, പഞ്ചസാര, പാചകയെണ്ണ തുടങ്ങിയവയുടെ വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് താളംതെറ്റി. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ അവശ്യസാധനങ്ങളുടെയെല്ലാം വില വർധിച്ചിട്ടുണ്ട്.
ജയ അരിക്ക് ചില്ലറവിപണിയിൽ 48.50 രൂപയാണ്. കുത്തരി 49.50, വടി അരി 65. പച്ചക്കറി കിറ്റിന് 150 രൂപയായി. വെളിച്ചെണ്ണയ്ക്ക് മാത്രമാണ് വില കുറഞ്ഞത്.
അരിക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. അഞ്ചുമാസം മുൻപ് 40 രൂപയായിരുന്ന ജയ അരിക്ക് ഇപ്പോൾ 48.50 രൂപയാണ് വില. 40.50 രൂപയായിരുന്ന കുത്തരിക്ക് 49.50 രൂപയായി. 52.50 രൂപയായിരുന്ന വടി അരിക്ക് ഇപ്പോൾ 65 രൂപയാണ് വില. ചെറുപയറിന് കിലോ 140 രൂപയാണ് വില. 30 രൂപയായിരുന്ന പച്ചരിക്ക് 39.50 രൂപയാണ് ഇപ്പോഴത്തെ വില. പഞ്ചസാര 40-ൽ നിന്ന് 65 രൂപയിലേക്ക് എത്തി. ഉഴുന്നിന് കിലോക്ക് 115 രൂപ ആയിരുന്നത് 150 രൂപയായി. രണ്ടുമാസത്തിനുള്ളിലാണ് ഇത്രയും വില ഉയർന്നത്. മുളകുപൊടിക്ക് കിലോക്ക് 530 രൂപയാണ് വില. അഞ്ചുമാസം മുൻപ് 470 രൂപയായിരുന്നു. ചെറിയ ഉള്ളിക്ക് 80 രൂപയിൽനിന്ന് 220 രൂപയായും സവാളയ്ക്ക് 40 രൂപയിൽനിന്ന് 80 രൂപയായും വിലയുയർന്നു. വെളുത്തുള്ളിക്ക് 100 രൂപയിൽനിന്ന് 260 രൂപയായി. പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങൾ തുടങ്ങിയവയ്ക്കും 20 മുതൽ 40 രൂപ വരെ വർധനയുണ്ടായി.
അയൽസംസ്ഥാനങ്ങളിലെ കനത്ത മഴയും കൃഷിനാശവും പച്ചക്കറികളുടെയും ഉള്ളിയുടെയും വിതരണത്തെ ബാധിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ വിലയാണ് കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ കുറഞ്ഞത്. വിലക്കയറ്റത്തിനിടയിലും വെളിച്ചെണ്ണയുടെ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. കഴിഞ്ഞവർഷം കിലോക്ക് 400 രൂപയ്ക്ക് മുകളിലായിരുന്ന വെളിച്ചെണ്ണ ഇപ്പോൾ 220 രൂപയായി കുറഞ്ഞു.
ആശ്വാസമായി സപ്ലൈകോ
കേരളത്തിൽ പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 13 സബ്സിഡി ഇനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് കുടുംബങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. സബ്സിഡി സാധനങ്ങൾ ലഭിക്കാൻ റേഷൻ കാർഡ് നിർബന്ധമാണ്.
ചെറുപയർ (ഒരു കിലോ)-85, ഉഴുന്ന്–87, കടല-63, വൻപയർ-68, തുവര പരിപ്പ്-83, മുളക്-136.5, മല്ലി (500 ഗ്രാം)- 47.25, പഞ്ചസാര (ഒരു കിലോ–34.65, വെളിച്ചെണ്ണ – 229, ജയഅരി- 33, കുറുവ അരി-33, മട്ട അരി–33, പച്ചരി-29 എന്നിങ്ങനെയാണ് സപ്ലൈകോ വില.
കച്ചവടക്കാർക്ക് പ്രതിസന്ധി
പെട്രോൾ, ഡീസൽ വിലവർധനവ് ചരക്ക് ഗതാഗതത്തിനുണ്ടാകുന്ന മാറ്റങ്ങളും യുദ്ധവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആകാം നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് കാരണം. രണ്ടുമാസത്തിനുള്ളിലാണ് വിലക്കയറ്റം തീവ്രമായത്. കച്ചവടക്കാർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
-ബിജു ചാച്ചൻ (വ്യാപാരി, തൂവയൂർ)
ഇരട്ടിച്ചെലവ്
ആറുമാസത്തിന് മുൻപ് നിത്യോപയോഗ സാധനങ്ങൾക്ക് മുടക്കിയിരുന്ന തുകയുടെ ഇരട്ടിയാണ് ഇപ്പോൾ ചെലവ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നത്. സപ്ലൈകോയും റേഷൻകടകളുമൊക്കെയാണ് ആശ്വാസം.
-ബി.ആർ. സരസ്വതിയമ്മ (വീട്ടമ്മ, മണ്ണടി)
Content Highlights: Sharp price increases in rice, vegetables, sugar, and pulses over five months have strained family budgets in Kerala, though Supplyco outlets offering 13 subsidized essentials provide major relief to consumers.