പുല്ലുചെത്തലും കാടുവെട്ടും ഇനി തൊഴിലുറപ്പിൽ ഇല്ല

പത്തനംതിട്ട: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളിൽ ഏറ്റവും അധികം നടക്കുന്ന പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്‌പാദനക്ഷമമായ പ്രവൃത്തികൾ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ആവശ്യപ്പെട്ടു.
നിലം ഉഴൽ, വിതയ്ക്കൽ, കൊയ്ത്ത്, ഭൂമി നിരപ്പാക്കൽ, തട്ടുതിരിക്കൽ എന്നിവയും അനുവദിക്കില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങൾ, കിണറുകൾ, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാലുകളുടെ നിർമാണവും പുനരുദ്ധാരണവും, ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കൽ, നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി ഒരുക്കൽ, കുഴികൾ തയ്യാറാക്കി തൈ നടീൽ, രണ്ടുവർഷത്തേക്ക് പരിപാലനം എന്നിവ ചെയ്യാം.
ജൈവവേലി, കാർഷികോത്പന്ന സംഭരണകേന്ദ്രം, പശുവിൻകൂട്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിർമിക്കാം. തീറ്റപ്പുൽ കൃഷി ചെയ്യാം. അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിർമിക്കാം. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികൾ ജലസേചന വകുപ്പിന്റെ അനുമതി, സാങ്കേതിക സഹായം എന്നിവയ്ക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാം.
ഇത്തരം പദ്ധതി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ 2024-25 വാർഷിക മാസ്റ്റർ സർക്കുലർ പ്രകാരമുള്ള വ്യവസ്ഥകളും പാലിക്കണം. അങ്കണവാടികളുടെ നിർമാണം തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമപ്പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും അതിനൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇവിടം കേന്ദ്രീകരിച്ച് പോഷകത്തോട്ടങ്ങൾ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights: Grass cutting and forest cutting are no longer Employment Guarantee scheme