പിണറായിസർക്കാർ മുതലാളിത്തത്തിനുള്ള ബദലല്ല, പിണറായിഭരണകൂടമല്ല 'പിണറായിഭരണം' എന്നതാണ് ശരി- ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ | ഫോട്ടോ: മാതൃഭൂമി
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: പിണറായിസര്‍ക്കാര്‍ മുതലാളിത്തത്തിനുള്ള ബദലല്ലെന്നും അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ കേളുഏട്ടന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷമുന്നണിസര്‍ക്കാരിനെ മുതലാളിത്ത ബൂര്‍ഷ്വാഭരണകൂടത്തിനുള്ള സമ്പൂര്‍ണ സോഷ്യലിസ്റ്റ് ബദല്‍ എന്നനിലയില്‍ കാണരുത്. ഇന്ത്യയിലെ ഭരണകൂടത്തിന്റെ കീഴിലാണ് കേരളം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗവുമാണ്. പിണറായിഭരണകൂടം എന്നുപറയുന്നത് തെറ്റാണ്. പിണറായിഭരണം എന്നുപറയുന്നതാണ് ശരി.

ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു ജനകീയ ബദല്‍ രൂപപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിയുന്നുണ്ട്. അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനായതും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണ്. പിണറായിസര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യുഡിഎഫ് മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

എ.പ്രദീപ് കുമാര്‍ അധ്യക്ഷനായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, പി. സതീദേവി, കെ.കെ. ലതിക, വി. വസീഫ് എന്നിവര്‍ സംസാരിച്ചു.

Content Highlights: CPM state secretary MV Govindan clarifies Pinarayi government`s stand on capitalism