ചാടാൻ കുറച്ചത് 19 കിലോ, ജയിലിൽ കൂടിയത് 20 കിലോ; ഗോവിന്ദച്ചാമി ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം

#ന്യൂസ് ഡെസ്ക്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യലിനായി കണ്ണൂർ പൊലീസ് ട്രെയ്നിങ് സെന്ററിൽ എത്തിച്ചപ്പോൾ. (ഫയൽച്ചിത്രം)
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യലിനായി കണ്ണൂർ പൊലീസ് ട്രെയ്നിങ് സെന്ററിൽ എത്തിച്ചപ്പോൾ. (ഫയൽച്ചിത്രം)

കണ്ണൂർ: നിഗൂഢതനിറഞ്ഞ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ചാമിയുടെ ജയിൽജീവിതത്തിനും ശരീരത്തിനും സംഭവിച്ചത്‌ ഒരുപാട് മാറ്റം. ഭാരം 20 കിലോ കൂടി. 74 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി തടവുചാടാൻ 10 മാസംകൊണ്ട്‌ കുറച്ചത് 19 കിലോഗ്രാം. ഉച്ചയ്ക്കും രാത്രിയിലും രണ്ടുവീതം ചപ്പാത്തിയും വെള്ളവും മാത്രം കഴിച്ചാണ് ശരീരഭാരം കുറച്ചത്. ജയിൽച്ചാട്ടത്തിനുശേഷം വിയ്യൂർ അതിസുരക്ഷാജയിലിലേക്ക് മാറ്റിയ ഗോവിന്ദച്ചാമിയുടെ ശരീരഭാരം 55-ൽനിന്ന് 75 കിലോയായി. ഉദ്യോഗസ്ഥരോടും സഹതടവുകാരോടും എന്നും കലഹിച്ചിരുന്ന ഗോവിന്ദച്ചാമി ഇപ്പോൾ അടിമുടി ശാന്തൻ. ഏകാന്തതടവിലാണെങ്കിലും ഭക്ഷണം കൃത്യമായി കഴിക്കുന്നു.

2025 ജൂലായ്‌ 24-ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാം ബ്ലോക്കിൽനിന്നാണ് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി തടവ് ചാടിയത്. മൂന്ന് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്ന്‌ പിടികൂടുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ്‌ വിയ്യൂർ അതിസുരക്ഷാജയിലിലേക്ക് മാറ്റിയത്‌.

തമിഴ്നാട്ടിലേക്ക് മാറ്റണം സാർ

‘എങ്കളുടെ ഉൗരിൽ തമിള്നാട്ടിൽ... അങ്കെ ജയിലിലേക്ക് മാറ്റണം... സാർ... ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ ഏക ‘ഡിമാൻഡാണിത്’. 15 വർഷമായി ജയിലിൽ കിടക്കുന്നു. പരോൾ പോലുമില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ എല്ലാദിവസവും ബിരിയാണിയും ബീഡിയും ആവശ്യപ്പെട്ട് അധികൃതർക്കുമുന്നിൽ പരാതിപറയുകയും നിലവിലെ ഭക്ഷണം കൊള്ളില്ലെന്ന് പറഞ്ഞ് നിരാഹാരമിരിക്കുകയും ചെയ്തിരുന്ന ഗോവിന്ദച്ചാമി ഇപ്പോൾ വിളന്പുന്നതെന്തും കഴിക്കുന്ന തരത്തിലായിട്ടുണ്ട്‌. 24 മണിക്കൂറും സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമുള്ള ഒറ്റയാൾ സെല്ലിലാണ് വിയ്യൂർ അതിസുരക്ഷാജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ശൗചാലയം ഉൾപ്പെടെ മുറിയിലുണ്ട്. ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറക്കുന്നത്. യാതൊരു ജോലിയും ഇതുവരെ നൽകിയിട്ടില്ല. തൊട്ടടുത്തുതന്നെ ഉദ്യോഗസ്ഥരുടെ മുറിയുമുണ്ട്.