മീൻപ്രിയം തുറന്നുപറഞ്ഞു; മുട്ടുവേദന മുഖ്യമന്ത്രിയോടും, ഉച്ചാരണപ്പിശകിൽ ക്ഷമചോദിച്ച് ഗവർണർ

നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നയപ്രഖ്യാപന പ്രസംഗം ടാബിൽ നോക്കി വായിക്കുന്നു. സ്‌പീക്കർ.എ.എൻ.ഷംസീർ സമീപം, നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ വിശ്വനാഥ് രാജേന്ദ്ര ആർലേക്കർ നിയമസഭയിലേക്ക് എത്തുന്നു. സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.ബി. രാജേഷ്‌ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ മീൻവിഭവങ്ങളോടുള്ള പ്രിയം തുറന്നുപറഞ്ഞ് ഗോവക്കാരനായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോട് കാൽമുട്ടുവേദനയെപ്പറ്റിയും പറഞ്ഞു. മുട്ടുവേദനയുണ്ടായിട്ടും രണ്ടുമണിക്കൂറോളം ഒറ്റനിൽപ്പിൽത്തന്നെ ഗവർണർ നയപ്രഖ്യാപനം പൂർത്തിയാക്കി.

മത്സ്യമേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളിലാണ് ആർലേക്കർ സന്തോഷം പ്രകടിപ്പിച്ചതും താനും മീൻകഴിക്കുന്നയാളാണെന്ന്‌ പറഞ്ഞതും. ഗവർണറുടെ സന്തോഷപ്രകടനം ഭരണപക്ഷ അംഗങ്ങൾ കൈയടിയോടെ സ്വീകരിക്കുകയുംചെയ്തു. നയപ്രഖ്യാപനം പൂർത്തിയാക്കി പുറത്തേക്ക് പോകുന്നതിനിടെയാണ് ഇടതുകാൽമുട്ട് ചൂണ്ടിക്കാട്ടി വേദനയെപ്പറ്റി മുഖ്യമന്ത്രിയോട് പറഞ്ഞത്. സ്പീക്കറുടെ ഡയസിൽനിന്ന് പടവുകളിറങ്ങാൻ അൽപ്പം പ്രയാസപ്പെടുകയും ചെയ്തു.

മെസി വരുമോ ഇല്ലയോ?

2025-ൽ അർജന്റീന ഫുട്‌ബോൾ ടീമിനെ സൗഹൃദമത്സരത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഗവർണർ വായിച്ചപ്പോൾ പ്രതിപക്ഷനിരയിൽനിന്ന് ചോദ്യമുയർന്നു: ‘മെസി വരുമോ?’ അർജന്റീന ടീം വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ അടുത്തിടെ പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്ഥിരീകരണമൊന്നുമുണ്ടായില്ല.

ഇംഗ്ലീഷിൽ തയ്യാറാക്കിയ നയപ്രഖ്യാപനമാണ് വായിച്ചതെങ്കിലും പദ്ധതികളുടെയും സ്ഥലങ്ങളുടെയുമൊക്കെ മലയാളത്തിലുള്ള പേരുപറയാൻ ഗവർണർ പാടുപെട്ടു. വാക്കുകളിൽ ‘സംരംഭകസഭ’യായിരുന്നു കഠിനം. ആചാരസ്ഥാനീയർ, കോലധികാരികൾ, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയും ഗവർണറെ ബുദ്ധിമുട്ടിച്ചു. ഉച്ചാരണപ്പിശകിൽ അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തു.

Content Highlights: Governor Rajendra Arlekar`s speech in Kerala Assembly