വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Photo - Mathrubhumi archives
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Photo - Mathrubhumi archives

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിന് ​ഗവർണറുടെ അം​ഗീകാരം. നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. നിയമസഭയിൽ ചർച്ച കൂടാതെ ആയിരുന്നു നേരത്തേ ബില്ല് സർക്കാർ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ​ഗവർണർക്ക് അയക്കുകയായിരുന്നു. 

ചർച്ച ചെയ്യാതെ പാസാക്കിയതിനാൽ ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ​ഗവർണർക്ക് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ച ​ഗവർണർ, സർക്കാരിനോട് വിശദീകരണം ചോദിച്ചു. ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്ന് സർക്കാർ ​ഗവർണറെ അറിയിച്ചു. 

ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ​ഗവർണർ ബില്ലിൽ ഒപ്പിട്ടത്. ബില്ല് നിയമമായതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. 2011-ലെ സെൻസെസ് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ അടിസ്ഥാനത്തിലാകും വാർഡ് പുനർനിർണയം നടക്കുക. 

Content Highlights: governor signed the ward division bill