ഡോ. സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ പുതിയ വി.സി.; ഗവര്‍ണര്‍ കൂടിയാലോചന നടത്തിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. നേരത്തെ സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.) വി.സി. ആയിരുന്നു സിസ.
2022 ല്‍ കെ.ടി.യു. വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി.സി.യായി നിയമിച്ചത്.
എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ രംഗത്തിറങ്ങി. സര്‍ക്കാറിന്റെ അനുമതി കൂടാതെ വൈസ് ചാന്‍സലറായി ചുമതലയേറ്റെന്ന് ആരോപിച്ച് സിസയ്‌ക്കെതിരേ സര്‍ക്കാര്‍ അച്ചടക്ക നടപടിയിലേക്ക് നീങ്ങി. എന്നാല്‍ ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടു.
സിസ തോമസിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്കനടപടി, 2023 മാര്‍ച്ച് 30-നാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് ഫയലില്‍ സ്വീകരിച്ചിരുന്നില്ല.
ഗവര്‍ണറുടേത് ഏകപക്ഷീയമായ നടപടി- മന്ത്രി ആര്‍. ബിന്ദു
അതേസമയം സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തി. ഹൈക്കോടതി നിര്‍ദേശത്തിന് വിരുദ്ധമായ നിയമനമാണ് ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വളരെ വ്യക്തമായി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ക്ക് വിരുദ്ധമായും കെ.ടി.യു. നിയമത്തിന് വിരുദ്ധമായുമാണ് നിയമനമെന്നും മന്ത്രി പറഞ്ഞു.
Content Highlights: governor appoints dr ciza thomas as vc of digital university