നിയമസഭാ കൈയാങ്കളി കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍

#സ്വന്തം ലേഖകന്‍
ഫയല്‍ ചിത്രം | ഫോട്ടോ:മാതൃഭൂമി
ഫയല്‍ ചിത്രം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി സര്‍ക്കാര്‍ അഭിഭാഷകന്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു അഭിഭാഷകന്റെ വാദം. നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പ്രതികളുടെ പ്രവൃത്തിയെന്നും ഇത് നിയമസഭാ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണെന്നും അഭിഭാഷകന്‍ വാദിച്ചു. 

കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലാണ് ഇന്ന് വാദം കേട്ടത്. അക്രമിക്കണമെന്ന് ഉദ്ദേശം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ഉണ്ടായതെന്നും ഇവര്‍ വാദിച്ചു. 

സ്പീക്കറുടെ ഡയസില്‍ കയറിയതില്‍ ആറ് എംഎല്‍എമാര്‍ മാത്രമല്ല തോമസ് ഐസക്ക്, ബി. സത്യന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടാക്കിയത് തങ്ങളല്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ വേഷത്തിലെത്തിയ പോലീസുകാരാണെന്നും ഇവര്‍ വാദിച്ചു. മാത്രമല്ല 140 എംഎല്‍എമാരെയും മന്ത്രിമാരെയും സാക്ഷികളാക്കിയില്ലെന്നും പോലീസുകാരെ മാത്രമാണ് സാക്ഷികളാക്കിയതെന്നും ഇവര്‍ ഉന്നയിച്ചു.

Content Highlights: Government oppose discharge petition in assembly ruckus case

Content Highlights: