മൈക്രോഫിനാൻസിലൂടെ പാവങ്ങളുടെ കണ്ണീരൊപ്പി, അതിനാണ് പദ്മഭൂഷൺ ലഭിച്ചതെന്ന് വെള്ളാപ്പള്ളി

കോട്ടയം: മൈക്രോഫിനാൻസിലൂടെ പാവങ്ങളുടെ കണ്ണീരൊപ്പിയതിനാണ് തനിക്ക് പദ്മഭൂഷൺ ലഭിച്ചതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രസർക്കാരിന്റെ അവാർഡ് സമുദായാംഗങ്ങൾക്കെല്ലാം അവകാശപ്പെട്ടതാണ്. ഒറ്റയ്ക്ക് നിന്നാൽ താൻ വെറും ‘സീറോ’. തനിക്കൊപ്പം സമുദായാംഗങ്ങൾ വന്നപ്പോഴാണ് ‘ഹീറോ’ ആയത്. അതിനാൽ, ശ്രീനാരായണഗുരുവിന്റെ അനുഗ്രഹംകൊണ്ട് കിട്ടിയതെല്ലാം സമുദായത്തിനും ഗുരുപാദങ്ങളിലും സമർപ്പിക്കുന്നു -വെള്ളാപ്പള്ളി പറഞ്ഞു. നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തിൽ വെള്ളിയാഴ്ച കോട്ടയം എസ്‍.എൻ.ഡി.പി. യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടസ്സങ്ങളും പ്രശ്നങ്ങളും വകവയ്ക്കാതെ മൈക്രോഫിനാൻസ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ യൂണിയൻ പ്രസിഡന്റ് കൂടെനിന്നതാണ്. പിന്നീട് പുറത്തുപോയി കേസ് കൊടുത്തു. എന്നിട്ടും അത് വകവെക്കാതെ താൻ മുന്നോട്ടുപോയി. ഒരുപാട് പ്രതിബന്ധങ്ങളുണ്ടായി. സമുദായാംഗങ്ങളും ഒപ്പം ഉണ്ടായിരുന്നതിനാൽ ഒന്നും ഏശിയില്ല.
തനിക്ക് പാർലമന്ററി മോഹമില്ല, അങ്ങനെ മോഹമുണ്ടെന്ന് തോന്നിയാൽ തന്നെ ഊളമ്പാറയിലെത്തിക്കണം. സമുദായത്തെ തകർക്കാൻ പല രൂപത്തിലും ഭാവത്തിലും ആളുകൾ വരും. നമ്മളിൽപ്പെട്ടവനെത്തന്നെ കൂലിക്കെടുത്ത് പറയിപ്പിക്കാൻ ആളുകളുണ്ട്. നമുക്ക് നിലപാടുണ്ട്, ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’. സമുദായം ഏല്പിച്ച കസേരയുടെ മഹത്വം തനിക്കറിയാം. അതിന് അപചയം വരുത്തുന്ന ഒരു കർമ്മവും തന്നിൽനിന്നുണ്ടാകില്ല.
ജനാധിപത്യത്തിൽ വോട്ടിനാണ് വില. ഈഴവന്റെ വോട്ട് വിലയുള്ളതായി മാറണം. മറ്റുള്ളവർ മണിമാളികകൾവെച്ച് ഉയരുമ്പോൾ വീണ്ടും സഹായം കൊടുക്കാൻ പദ്ധതികൾ വരുന്നു. സമുദായത്തിലെ പാവങ്ങൾക്കുവേണ്ടി പറയാൻ ജനാധിപത്യത്തിൽ വേണ്ടത്ര പ്രതിനിധികളില്ല. 30 കൊല്ലംകൊണ്ടാണ് ഈഴവർക്കിടയിൽ മാറ്റമുണ്ടായത്. എന്നിട്ടും ആരും പരിഗണന തന്നിട്ടില്ല.
ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിൽ നിയമങ്ങളുണ്ട്. ഇതൊന്നും ആരുടെയും കുടുംബത്തിൽനിന്ന് തരുന്നതല്ല. പക്ഷേ, അതിനുള്ള തിരിച്ചറിവ് നമ്മൾക്കില്ല. ഇതറിയാവുന്ന പലരും ആനുകൂല്യങ്ങൾ വാങ്ങിക്കൊണ്ടുപോകുമ്പോൾ നമ്മൾ നോക്കിനിൽക്കുന്നു. ഇത് പറഞ്ഞാൽ ജാതിയായി. ജാതി പറയാമോ എന്ന് ചോദിച്ചുകൊണ്ട് ശ്രീനാരായണഗുരുദേവനെ മുന്നിൽനിർത്തി ഈഴവരെ തളർത്താനും തകർക്കാനുമാണ് പലരും ശ്രമിക്കുന്നത്. രാജ്യത്ത് സമാധാനം നിലനിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം ഗുരുവിന്റെ ദർശനമാണ്. അതിനാൽ ഓരോ ഗുരുമന്ദിരങ്ങൾക്കും സർക്കാർ ധനസഹായം നൽകിയാൽ എന്താണ് കുഴപ്പം. കർണാടകത്തിൽ ഗുരുമന്ദിരം പണിയാൽ രണ്ടുലക്ഷം രൂപ ഗ്രാൻറ് നൽകുന്നുണ്ട്. ഇവിടെ ‘ഗോവിന്ദ’-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Content Highlights: got padmabhushan for serving poor with micro finance says vellappally natesan