തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് 

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ്‌ ഖാമിസ് അല്‍ അസ്മിയ ഇന്ത്യയില്‍നിന്നും യു.എ.ഇയിലേക്ക് മടങ്ങി. ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തുനിന്നു ഡല്‍ഹി വഴി യു.എ.ഇയിലേക്ക് മടങ്ങിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നിര്‍ണായക മൊഴികള്‍ നല്‍കിയതിനു പിന്നാലെ അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നതിനിടെയാണ് മടങ്ങിയത്. നയതന്ത്രപരിരക്ഷ ഉപയോഗിച്ചാണ് അറ്റാഷെ യു.എ.ഇയിലേക്ക് പോയത് എന്നാണ് സൂചനകള്‍. 

ജൂലൈ 5-ന് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണമടങ്ങിയ കാര്‍ഗോ അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരത്തെത്തിയത്. കേസ്‌ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. 

അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ യുഎഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ യു.എ.ഇയിലേക്ക് മടങ്ങിയത്. യു.എ.ഇ. നിര്‍ദേശിച്ചത് പ്രകാരമാണോ അറ്റാഷെ മടങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിച്ചിട്ടില്ല. 

Content Highlights: Gold Smuggling Case UAE attaché in India

Content Highlights: