പശ്ചിമേഷ്യൻ പ്രതിസന്ധി; സ്വർണത്തിന്റെ തീരുവ ഉയർത്തിയേക്കും, ഇന്ധനവില കൂട്ടാൻ സാധ്യത

കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പ്രത്യാഘാതം എന്ന നിലയിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 105 ഡോളറിലേക്ക് ഉയർന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം 95 കടന്നതും ചില നിയന്ത്രണങ്ങൾക്കിടയാക്കുമെന്ന് സൂചന. സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായി ഇറക്കുമതിത്തീരുവ ആറു ശതമാനത്തിൽനിന്ന് പത്തോ, പന്ത്രണ്ടോ ആക്കാൻ കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. ചിലപ്പോൾ 15 ആയേക്കും.

സ്വർണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗം ചെയ്യാൻ നയപരമായ തീരുമാനം കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ, പെട്രോൾ-ഡീസൽ വില ഉയർത്തുമെന്ന അഭ്യൂഹം ശക്തമാണ്. ക്രൂഡ് വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ, രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കെല്ലാംകൂടി 10 ആഴ്ചയ്ക്കിടെ ഒരുലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

ഇന്ധനവില കൂട്ടാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ 13 രൂപയിൽനിന്ന് മൂന്നുരൂപയായി കുറച്ചിരുന്നു. ഡീസലിന്റെ തീരുവ 10 രൂപയെന്നത് പൂർണമായി ഒഴിവാക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷവും ഒരു ലിറ്റർ പെട്രോളിന് മുകളിൽ 18 രൂപയുടെയും ഡീസലിന് 25 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒരുവർഷത്തേക്ക് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്തതോടെയാണ് നടപടികൾ ചർച്ചയായത്.

Content Highlights: Crude oil prices surged to $105 per barrel., Rupee value depreciated beyond 95 against the dollar., Government considering increasing gold import duty to 10-15%., Public sector oil companies facing losses exceeding 1 lakh crore., PM Modi urges reduced gold consumption and non-essential foreign travel.