ഗോഡ്സയെ പ്രകീര്ത്തിച്ച് കമന്റ്: എന്.ഐ.ടി. പ്രൊഫസര് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല

കോഴിക്കോട്: ഗോഡ്സയെ പ്രകീര്ത്തിച്ച് സാമൂഹികമാധ്യമങ്ങളില് കമന്റിട്ട കോഴിക്കോട് എന്.ഐ.ടി.യിലെ പ്രൊഫസര് ഷൈജ ആണ്ടവന് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. ആരോഗ്യകാരണങ്ങളാല് ചൊവ്വാഴ്ച ഹാജരാകാന് കഴിയില്ലെന്നാണ് കുന്ദമംഗലം പോലീസിനെ അറിയിച്ചത്. കലാപാഹ്വാന കേസില് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്കിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് പോലീസ് പ്രൊഫസറുടെ മൊഴിയെടുത്തിരുന്നു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് നേരിട്ട് ഹാജരാകാന് നിര്ദേശം നല്കിയത്.
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില് കൃഷ്ണരാജ് എന്ന പ്രൊഫൈലില്നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില് അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന് കമന്റിട്ടത്. ഗോഡ്സെയെ പ്രകീര്ത്തിച്ചതില് ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോള് കമന്റ് പിന്വലിക്കുകയായിരുന്നു. എന്നാല്, സംഭവത്തില് എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നല്കിയ പരാതിയില് കലാപാഹ്വാനത്തിന് കുന്ദമംഗലം പോലീസ് കേസെടുക്കുകയായിരുന്നു.
Content Highlights: godse praising comment nit professor shaija andavan will not appear for interrogation