കേരളോത്സവം: പഞ്ചഗുസ്തി മത്സരത്തിൽ പരിക്കേറ്റ ദിയ അഷറഫിന് ചികിത്സാ സഹായം നൽകാൻ സർക്കാർ ഉത്തരവ്

കോഴിക്കോട്: കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയ്ക്ക് ചികിത്സാ സഹായം നൽകാൻ സർക്കാർ ഉത്തരവ്. നവംബർ 13-ന് കുന്ദമംഗലത്ത് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ കാരന്തൂർ സ്വദേശിയായ ദിയ അഷ്റഫ് പങ്കെടുത്തിരുന്നു. ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39-കാരിയായ വനിതാ എതിരാളിയോട് മത്സരിക്കുന്നതിനിടെയാണ് ദിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മത്സരത്തിനിടെ ദിയയുടെ കൈമുട്ടിന് മുകളിലെ എല്ലുപൊട്ടി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ദിയയുടെ വലതു കൈവിരലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ചികിത്സയ്ക്കായി ഇതിനോടകം വലിയ തുക ചെലവായി. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുളളവരെ വിവരം അറിയിക്കുകയും പല തവണ പരാതി നൽകുകയും ചെയ്തിട്ടും അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ലെന്ന് ആരോപണങ്ങളുയർന്നിരുന്നു.
Content Highlights: girl injured during arm wrestling government help to treatment