ജർമനിയിലെ തീപ്പിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; തീരാനോവായി അഞ്ജലിയും സിവിനും നോവയും

കാലടി (എറണാകുളം) : ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച കാലടി തോട്ടകം സ്വദേശി സിവിൻ ജോണിയുടെയും കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെയും മൃതദേഹങ്ങൾ വിമാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ചു.
ബന്ധുക്കളും കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബിയും മറ്റു ജനപ്രതിനിധികളും നോർക്ക ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ആലുവയിലെ സി.എ. ആശുപത്രിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി. തീപ്പിടിത്തത്തിൽ പുകശ്വസിച്ചു മരിച്ച ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം രാത്രിയോടെ എത്തിച്ചു.
സിവിന്റെ മൃതദേഹം രാവിലെ 6.30-ഓടെ തോട്ടകത്തുള്ള വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനും പ്രാർഥനാശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്ക് രണ്ടിന് മാണിക്യമംഗലം സെയ്ന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടന്നു.
വീട്ടിൽനടന്ന ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് പൊട്ടയ്ക്കലും ദേവാലയത്തിൽനടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് മാർ തോമസ് ചക്യേത്തും സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ജോസ് ചാതേലിയുമാണ് കാർമികരായത്.
ബെന്നി ബഹനാൻ എം.പി., അൻവർ സാദത്ത് എം.എൽ.എ., അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ. ജോയ് തുടങ്ങി ഒട്ടേറെപേർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.
ജർമനിയിൽ ജോലിയിൽ പ്രവേശിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കേയാണ് സിവിൻ ദുരന്തത്തിൽ മരിച്ചത്. ജോലിമോഹങ്ങളുമായി ഒരുമാസം മുൻപാണ് സിവിൻ ജർമനിക്ക് പോയത്. അഞ്ജലിയുടെ മൃതദേഹം സ്വദേശമായ കൊല്ലം പെരിനാടിലേക്ക് കൊണ്ടുപോയി.
Content Highlights: Bodies of Sivin Johny and Anjali brought to Nedumbassery airport., Funeral of Sivin Johny held at Manickamangalam St. Rockies Church cemetery., Sivin had only four days left before starting his new job in Germany., Body of Nova Sabu from Idukki was also scheduled to arrive later at night.