46 പി.എസ്.സി. പട്ടികകൾ, കേസും; എന്നിട്ടും ഡയറ്റ് ലക്ചർമാരെ തിരുകിക്കയറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ നീക്കം

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് പട്ടികയിലുള്ള രണ്ടായിരത്തോളം ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കെ, ഡെപ്യൂട്ടേഷനിലുള്ള ഡയറ്റ് ലക്ചർമാരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ നീക്കം. ഇതിനായി പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡി. സജിത് ബാബു 28-ന് അധ്യാപകരുടെ യോഗം വിളിച്ചു. തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ഡയറ്റുകളിലെ പ്രിൻസിപ്പൽമാരെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളുടെ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അന്തിമവാദം കേൾക്കാനിരിക്കേയാണ് നടപടി.
2018-ൽ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കെ.എസ്.ടി.എ. സംസ്ഥാന -ജില്ലാനേതാക്കളായ അധ്യാപകരും കൂട്ടത്തിലുണ്ട്. നിയമനംകിട്ടാൻ ഇവരിൽപ്പലരും ഭരണപക്ഷ സംഘടനകളിലേക്ക് കൂടുമാറിയെന്നാണ് വിവരം.
ഡയറ്റ് ലക്ചറർ തസ്തികയിലേക്ക് പി.എസ്.സി. സ്പെഷ്യൽ റൂളനുസരിച്ചുള്ള നിയമന നടപടി 2025 ജനുവരിയിൽ തുടങ്ങിയിരുന്നു. ഇതുവരെ 160 പേരെ നിയമിച്ചു. 23 വിഷയങ്ങളിലായി 46 പി.എസ്.സി. റാങ്ക് പട്ടികകളുണ്ട്.
സാധാരണയായി ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നവർക്ക് അതേ തസ്തികയിൽ സ്ഥിരനിയമനം നൽകാൻ വ്യവസ്ഥയില്ല. എൽ.ഡി.എഫ്. ഭരണകാലത്ത് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട 89 പേർ സ്ഥിരനിയമനത്തിനു ശ്രമിച്ചത് ’മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. 2024 ജനുവരിയിൽ ഈ ലക്ചറർമാരെ സ്വന്തം സ്ഥാപനങ്ങളിലേക്കു തിരിച്ചയയ്ക്കാൻ ഉത്തരവിറക്കി. ഇതിനെതിരേ, അധ്യാപകർ ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേവാങ്ങി സർവീസിൽ തുടർന്നു.
ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ട്രിബ്യൂണലിലെ കേസിൽ കക്ഷിചേരാനായിരുന്നു നിർദേശം. നിലവിൽ 44 പേരാണ് ഡെപ്യൂട്ടേഷനിലുള്ളത്. എൽ.ഡി.എഫ്. ഭരണകാലത്ത് ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു.
Content Highlights: General education department faces controversy as deputation lecturers seek permanent positions, affecting 2,000 candidates awaiting appointments in Kerala.