ജനരോഷം ശക്തമായി; ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ഏക്നാഥ് ഷിന്‍ഡെയാണ് ശ്രീകാന്തിന് നല്കിയ അംഗത്വം റദ്ദാക്കിയത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാർക്കറിന് പാര്‍ട്ടി അംഗത്വം നല്‍കിയത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു,
കഴിഞ്ഞ വെള്ളിയാഴ്ച ശിവസേന നേതാവും മുന്‍ മന്ത്രിയുമായ അര്ജുന് ഖോട്കറിന്റെ സാന്നിധ്യത്തിലാണ് ശ്രീകാന്ത് പങ്കാർക്കറിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്. ജല്‍ന നിയമസഭ മണ്ഡലത്തിലെ പ്രചാരണ തലവനായും ഇയാളെ നിയമിച്ചിരുന്നു. നേരത്തെ തന്നെ ശിവസേന അംഗമായിരുന്ന പങ്കാർക്കര്‍ 2011 മുതല്‍ 2018 വരെ സജീവമായിരുന്നില്ല. എന്നാല്‍ അര്ജുന് ഖോട്കറിന്റെ അടുത്ത അനുയായിയായ ഇയാള്‍ ഈ സമയങ്ങളിലും ശിവസേനയുടെ ആഭ്യന്തര കാര്യങ്ങളിലെല്ലാം ഇടപെട്ടിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും ഇപ്പോള്‍ ലഭിച്ച ചുമതല 2014 മുതല്‍ പാര്‍ട്ടിയില്‍ കൈകാര്യം ചെയ്യുന്നത് താന്‍ തന്നെയാണെന്നും പങ്കാർക്കര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
2018ലാണ് കര്‍ണാടക എസ്.ഐ.ടി ഇയാളെ ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ബെംഗളൂരുവിലെ ഗൗരി ലങ്കേഷിന്റെ വസതിക്ക് മുന്പില് വെച്ചായിരുന്നു കൊലപാതകം. പ്രത്യേക അന്വഷണ സംഘം നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി അമോല്‍ കാലെയുടെ അനുയായിയാണ് പങ്കാർക്കര്‍ എന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. ഈ വര്‍ഷം സെപ്തംബര്‍ നാലാം തീയതിയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
Content Highlights: gauri lankesh murder accused removed from Shiv Sena