‘മാനദണ്ഡംവെച്ച് മുഖ്യമന്ത്രിയാകേണ്ടത് ചെന്നിത്തല, ഇത് ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’

#ന്യൂസ് ഡെസ്ക്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജി. സുകുമാരൻ നായർ | Photo: മാതൃഭൂമി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജി. സുകുമാരൻ നായർ | Photo: മാതൃഭൂമി

കോട്ടയം: വി.ഡി. സതീശന് മുഖ്യമന്ത്രിസ്ഥാനം നൽകിയതിൽ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിൽ കീഴ്വഴക്കങ്ങളോ ജനാധിപത്യ രീതിയോ സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

ജനാധിപത്യ ധ്വംസനമാണ് നടന്നിരിക്കുന്നത്. എക്സ് ഓർ വൈ, അത് ആരായാലും എല്ലാത്തരത്തിലും മുന്നിൽ നിൽക്കുന്ന, മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആളെ വേണമായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ. ലീഗ് നടത്തിയ സമ്മർദ്ദം ഒരിക്കലും ശരിയായില്ല. മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലും ഇതുണ്ടാകും, ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

നല്ല നാളേക്കുവേണ്ടി വി.ഡി. സതീശൻ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ വിശ്വാസമായിരിക്കും. ഞങ്ങളുടെ ആരുടേയും വിശ്വാസം അതല്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

ജനങ്ങൾ എന്നുപറയുന്നവരെ ആര് കൗണ്ട് ചെയ്തു? വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന എത്ര ജനങ്ങളുണ്ട്, ആര് കണക്കെടുത്തു. അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോൺഗ്രസിന്റെ കീഴ്വഴക്കങ്ങൾ തെറ്റിച്ചതുകൊണ്ടാണ് എൻഎസ്എസ് പറഞ്ഞത്. ഇടതുപക്ഷം കീഴ്വഴക്കങ്ങൾ തെറ്റിക്കുന്നില്ല. അവരുടേതായ രീതിയിൽ പോകുന്നു.

ഭരണത്തിൽ സാമൂഹികനീതി നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. വർഗീയത അതിന്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്. മാനദണ്ഡങ്ങൾവെച്ച് നോക്കുമ്പോൾ ചെന്നിത്തലയായിരുന്നു മുന്നിൽ നിൽക്കുന്നത്, സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ലീഗിന് ആഗ്രഹങ്ങൾ പറയാം. നിലപാട് പറയാനുള്ള യോഗ്യതയില്ല. ഘടകകക്ഷികളായി നിന്ന് ജയിച്ചവരാരും അവരുടെ വർഗത്തിന്റെ വോട്ട് വാങ്ങി ജയിച്ചവരല്ല, അദ്ദേഹം പറഞ്ഞു.

Content Highlights: NSS General Secretary alleges violation of democratic norms in CM selection., Claims Muslim League is exerting undue pressure on state administration., Questions the public mandate behind VD Satheesan's leadership selection., Advocates for Ramesh Chennithala as a more suitable candidate based on established norms., Warns of rising communalism due to current political shifts.