‘ഞാൻ സ്വതന്ത്ര എംഎൽഎ’; കൈയടിച്ച ഭരണപക്ഷത്തോട് ജി.സുധാകരൻ, ബുദ്ധിജീവികൾ കാലുനക്കികളെന്നും പരാമർശം

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ | Photo: Mathrubhumi
ജി. സുധാകരൻ | Photo: Mathrubhumi

തിരുവനന്തപുരം: നിയമസഭയിൽ തന്റെ പ്രസംഗത്തെ അനുകൂലിച്ച് കൈയടിച്ച ഭരണപക്ഷത്തോട് താൻ സ്വതന്ത്ര എംഎൽഎ എന്ന് ഓർമിപ്പിച്ച്  ജി. സുധാകരൻ. കൈയടിക്ക് വേണ്ടി പറയുകയല്ലെന്നും താൻ ഒരു സ്വതന്ത്ര എംഎൽഎ ആണെന്നും ജി. സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ജനങ്ങൾ അറിയട്ടെ എന്നും ജി. സുധാകരൻ സഭയിൽ പറഞ്ഞു.

ജി. സുധാകരനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗത്തിന് വിളിച്ച ശേഷം പോയിന്റ് ഓഫ് ഓർഡറിനായി പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. ഇതേത്തുടർന്ന് ജി. സുധാകരന് മൂന്ന് തവണ എഴുന്നേൽക്കുകയും ഇരിക്കേണ്ടിയും വന്നു. ഇതേത്തുടർന്നാണ് അദ്ദേഹം, 'ഇതേത് വകുപ്പ് പ്രകാരമെന്ന്' ചോദിച്ചത്. ചോദ്യം ഉയർന്നതോടെ ഭരണപക്ഷത്ത് നിന്ന് കൈയടി ഉയർന്നു. ഇതോടെയാണ് ജി. സുധാകരൻ 'കൈകൊട്ടലിന് വേണ്ടി പറയുകയല്ല. ഞാൻ സ്വതന്ത്രനായ ജനകീയ എംഎൽഎ ആണ്' എന്ന് മറുപടി പറഞ്ഞത്.

മഞ്ഞക്കുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതുകൊണ്ടാണ് രണ്ടടി പുറകോട്ട് വെക്കേണ്ടി വന്നത്. ലെനിന്റെ അടവ് നയം സിപിഎം മനസ്സിലാക്കിയിരുന്നെങ്കിൽ ആ മഞ്ഞക്കുറ്റി അപ്പോൾ തന്നെ അവർ ഊരുമായിരുന്നു. മഞ്ഞക്കുറ്റി ഇപ്പോൾ നാട്ടുകാർ ഊരിയില്ലേ? ആലോചിക്കാതെ കാണിച്ച വേണ്ടാതീനമാണ് അത്. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നെവെന്നും ജി. സുധാകരൻ പറഞ്ഞു.

സാംസ്കാരിക നായകന്മാർക്കെതിരെ പ്രസംഗത്തിൽ ജി. സുധാകരന് രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. കേരളത്തിലെ ബുദ്ധിജീവികളിൽ ഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടികളുടെ കാലുനക്കികളാണെന്നും എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവും ചരസുമടിച്ച് യുവജനങ്ങളിൽ ഒരുവിഭാഗം നശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: G. Sudhakaran asserts his position as an independent MLA in the assembly., Demands a White Paper on the state's financial status., Criticizes the ruling party's past policies, specifically the K-Rail yellow pole project., Accuses Kerala intellectuals of being political sycophants., Expresses concerns over drug abuse among the youth.