‘പാമ്പിന്റെ കടിയേൽക്കുന്നില്ലല്ലോ എന്നുപോലും വിഷമിച്ചിട്ടുണ്ട്; തോറ്റുപോയേക്കാം, പക്ഷേ പോരാടും’

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡന ആരോപണമുന്നയിച്ച കന്യാസ്ത്രീ മാതൃഭൂമിയോട് ഒരു അതിജീവിതയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. കോട്ടയത്തെ വിചാരണക്കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്ക് ജനുവരി 14-ന് നാലുവർഷമാകും. അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ കേസിന്റെ വിശദാംശങ്ങൾ ഒഴിവാക്കുന്നു.
* കന്യാസ്ത്രീയാകാൻ തീരുമാനിച്ചത് എപ്പോഴാണ്?
നാലാം ക്ലാസ് മുതൽത്തന്നെ ആഗ്രഹമുണ്ടായി. സിസ്റ്റർമാരെ കണ്ടാണ് അങ്ങനെയൊരു തോന്നൽ വന്നത്. ആദ്യകുർബാനയ്ക്കും മറ്റും അവർ പള്ളിയിൽ പൂക്കൾ അറേഞ്ച് ചെയ്യുന്നതുമൊക്കെ കണ്ടപ്പോൾ കുഞ്ഞുമനസ്സിൽ ഒരിഷ്ടം തോന്നി. വീട്ടിൽ പെറ്റിക്കോട്ട് ഇട്ടു നടക്കുന്ന കാലത്തും തോർത്ത് തലയിൽ ചുറ്റി കന്യാസ്ത്രീകളെപ്പോലെ നടക്കുമായിരുന്നു. ഇതുകണ്ട് ആളുകൾ കന്യാസ്ത്രീക്കുട്ടി എന്നു വിളിച്ചുതുടങ്ങി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മച്ചിക്ക് കാൻസർ ബാധിച്ചു. അതിന്റെ ചികിത്സയും അമ്മച്ചിയുടെ തലമുടി കൊഴിയുന്നതുമൊക്കെ നേരിട്ടു കണ്ടു. സന്ധ്യാപ്രാർഥന വീട്ടിൽ പതിവായിരുന്നു. ഞാനും മൂത്ത ചേച്ചിയും അമ്മച്ചിക്കായി കൂടുതലായി പ്രാർഥിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല. അതിനാൽ എപ്പോഴും ഒരുമിച്ചായിരുന്നു നടപ്പ്. ഞങ്ങളുടേത് അത്യാവശ്യം ചുറ്റുപാടുള്ള കുടുംബമായിരുന്നു. നെല്ലും തേങ്ങയുമൊക്കെയുണ്ടായിരുന്നു. നെല്ലുപുഴുങ്ങാനും കുത്താനും അമ്മച്ചി പോകുമ്പോഴൊക്കെ ഞങ്ങളും കൂടെപ്പോകും. ഞങ്ങൾ അഞ്ചു മക്കളാണ്. നാലു പെണ്ണും ഒരാണും. സന്ധ്യാപ്രാർഥന മുക്കാൽ മണിക്കൂറൊക്കെയുണ്ടാകും. അമ്മച്ചിയുടെ ചില ദിവസത്തെ അവസ്ഥ കാണുമ്പോൾ മരിച്ചുപോകുമോയെന്ന പേടിയായി. ഒരുദിവസം അമ്മച്ചിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി കൊണ്ടുവരികയാണെന്ന് അറിഞ്ഞു. പക്ഷേ ഇനിയൊന്നും ചെയ്യാനില്ലാത്തതിനാലാണ് തിരിച്ചുകൊണ്ടുവന്നത്.
അമ്മച്ചി മരിച്ചതോടെ ദൈവമില്ലെന്ന് എനിക്കു തോന്നിത്തുടങ്ങി. മുട്ടുകുത്തിനിന്ന് പ്രാർഥിച്ചിട്ടും ദൈവം കേട്ടില്ലല്ലോ എന്നായി ചിന്ത. എന്റെ അപ്പച്ചന്റെ ചേട്ടന്റെ മകൻ പഞ്ചാബിൽ വൈദികനായിരുന്നു. അമ്മച്ചിയുടെ മരണത്തോടെ എനിക്കു വീട്ടിൽ നിൽക്കാൻ വലിയ ബുദ്ധിമുട്ടായി. ആ വർഷം ഞാൻ പത്താം ക്ലാസിൽ തോറ്റു. പിതാവ് പട്ടാളത്തിലായിരുന്നു. പത്താംക്ലാസ് ജയിച്ചേ പറ്റൂവെന്ന് അപ്പച്ചൻ പറഞ്ഞു. രണ്ടുമാസത്തെ ഇടവേളയിൽ തയ്യലും ഷോർട്ട്ഹാൻഡും പഠിക്കാൻവിട്ടു. അടുത്തവർഷം പത്തു പാസായി. അപ്പോൾ ചേട്ടൻ പഞ്ചാബിലേക്കു വിളിച്ചു. കുറച്ചുനാൾ അവിടെനിന്ന് മനസ്സൊക്കെ മാറിയിട്ട് പ്രീഡിഗ്രിക്കു ചേരാൻ പറഞ്ഞു. അങ്ങനെ ഞാൻ അങ്ങോട്ടുപോയി. അവിടെച്ചെന്നും ടൈപ്പും ഷോർട്ട്ഹാൻഡും പഠിച്ചു. ഹിന്ദി പഠിക്കാൻ തുടങ്ങി. അതോടെ എഫ്.സി.സി. സിസ്റ്റേഴ്‌സിന്റെ കൂടെ നഴ്‌സറിയിൽ പോയിത്തുടങ്ങാൻ ചേട്ടൻ പറഞ്ഞു. അത്യാവശ്യം ഇംഗ്ലീഷൊക്കെ സിസ്റ്റർമാർ പഠിപ്പിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കന്യാസ്ത്രീയാകണമെന്ന മോഹം വീണ്ടുമുണ്ടായി. എല്ലാ വ്യാഴാഴ്ചയും സെമിനാരിയിൽനിന്ന് ചേട്ടൻ വരും. ഒരുദിവസം ചേട്ടനോട് ഞാൻ മഠത്തിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞു. 'വെറുതെ ചാടിക്കയറി തീരുമാനിക്കേണ്ട, നന്നായി ആലോചിച്ചിട്ടുമതി' എന്നു ചേട്ടൻ പറഞ്ഞു. ഞാൻ ഉറച്ചുനിന്നതോടെ ബിഷപ്പ് സിംഫോറിയൻ കീപ്രത്ത് ഒരു സഭ തുടങ്ങിയിട്ടുണ്ടെന്നും അതിൽ ചേരാനും ചേട്ടൻ പറഞ്ഞു. ആദ്യ ബാച്ചു കഴിഞ്ഞിരുന്നു. 1994-ൽ, അടുത്ത ബാച്ചിൽ മിഷനറീസ് ഓഫ് ജസിൽ(എം.ജെ.) ഞാൻ ചേർന്നു.
* എപ്പോഴാണ് തിരുവസ്ത്രം അണിഞ്ഞത്
1999-ൽ തിരുവസ്ത്രമണിഞ്ഞു. ആ വർഷം ഈസ്റ്ററിനു പുലർച്ചെ എനിക്ക് എല്ലാ പിന്തുണയുമായിരുന്ന അച്ചൻചേട്ടൻ അവിടെ അപകടത്തിൽ മരിച്ചു. പുലർച്ചെയുള്ള കുർബാന കഴിഞ്ഞു വരുമ്പോൾ ഉറങ്ങിപ്പോയി. കാർ മരത്തിലിടിച്ചായിരുന്നു അപകടം. ദൈവം ഇല്ലെന്ന് വീണ്ടും എനിക്കു തോന്നി. എനിക്കു ദൈവവിളി ഇല്ലെന്നും തോന്നി. സംസ്‌കാരത്തിന് എല്ലാവരും നാട്ടിൽനിന്നു അങ്ങോട്ടുവന്നു. അതിൽ കസിനായ ഷിജോയും ഉണ്ടായിരുന്നു. അവനെന്നോട് വൈദികനാകാൻ ആഗ്രഹം പറഞ്ഞു. ഞാൻ മഠം വിടാൻ ആലോചിക്കുകയാണെന്ന് അവനോട് എങ്ങനെ പറയുമെന്നായി ചിന്ത. അതോടെ എന്റെ തീരുമാനം മാറ്റി. പിന്നീട് നാട്ടിൽവന്നപ്പോൾ ഇളയ സഹോദരിയും കന്യാസ്ത്രീയാകാൻ തീരുമാനിച്ചകാര്യം പറഞ്ഞു. അങ്ങനെ അവളും എം.ജെ.യിൽ ചേർന്നു. എന്റെ നിത്യവ്രത ചടങ്ങ് നടന്നത് 2004 മേയ് നാലിന് കുറവിലങ്ങാട്ടെ മഠത്തിൽവെച്ചാണ്. തൊട്ടടുത്ത മാസം എന്നെ ജനറാളായി തിരഞ്ഞെടുത്തു.
* അത്ര പെട്ടെന്ന് ജനറാളമ്മയായോ?
ആ സമയത്ത് ഞങ്ങളാകെ 11 പേരേയുള്ളൂ സഭയിൽ. അക്കാലത്ത് എം.ജെ. ഒരു പയസ് യൂണിയൻ മാത്രമാണ്. പിന്നീടത് രൂപതാ സന്യാസഭയാകണം. അതിനുശേഷം പൊന്തിഫിക്കലാകണം. അങ്ങനെ കുറെ കാര്യങ്ങൾ ബാക്കിയുണ്ട്. നിത്യവ്രതം കഴിഞ്ഞ 11 പേർ, കഴിയാത്ത കുറച്ചുപേർ, പഠിക്കുന്ന കുറച്ചാളുകൾ എന്നിവരെ ഉൾപ്പെടുത്തി ജനറലേറ്റ് രൂപവത്ക്കരിച്ചു. രൂപതാ സന്യാസസഭയാക്കുന്നതിന്റെ ഭാഗമായി പല രൂപതകൾക്കു കീഴിൽ മഠങ്ങൾ തുടങ്ങി. അവിടെയൊക്കെ രണ്ടോമൂന്നോ പേരേ ഉണ്ടായിരുന്നുള്ളൂ. 2007-ൽ ഞങ്ങൾ രൂപതാ സന്യാസസഭയായി. അപ്പോഴേക്കും സിംഫോറിയൻ പിതാവ് മാറി ബിഷപ്പ് അനിൽ കൂട്ടോ ജലന്ധറിൽ ചുമതലയേറ്റു. സൊസൈറ്റി രൂപവത്കരണത്തിന്റെ നടപടികളുടെ ഭാഗമായി കുറെ രേഖകളിൽ ഒപ്പിടണമായിരുന്നു. എല്ലാം ഇംഗ്ലീഷിൽ. എനിക്കാണെങ്കിൽ വലിയ പിടിയില്ല. സെക്രട്ടറി, പ്രസിഡന്റ് എന്നിവരൊക്കെ വേണം. നിർമ്മാണങ്ങളൊക്കെ നടക്കുമ്പോൾ ഞങ്ങളുതന്നെ ചെലവുകൾ നോക്കണം. ജനറാളമ്മ എന്ന നിലയിൽ ചെക്ക് ബുക്ക് മുഴുവൻ ഒപ്പിട്ട് രൂപതയുടെ പ്രൊക്യുറേറ്ററായ അച്ചനെ എൽപ്പിക്കണം. എല്ലാമാസവും അച്ചനെ ചെന്നുകണ്ട് പണത്തിന്റെ ആവശ്യം ബോധിപ്പിക്കണം. അദ്ദേഹത്തിനു തിരക്കാണെങ്കിൽ കാത്തിരിക്കണം. അദ്ദേഹമാണ് ചെക്ക്ബുക്കിൽ പണമെഴുതിത്തരിക.
* അധികാരങ്ങളില്ലാത്ത ജനറാളമ്മയായിരുന്നോ?
അങ്ങനെ പറയാം. ഒരുദാഹരണം പറയാം. ജനറാളമ്മയായിക്കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞുകാണും. ഒരുദിവസം പിതാവിന്റെ പഴയ ക്വാളിസ് വണ്ടി ഞങ്ങൾക്കു തന്നു. അമൃത്സറിൽ ഞങ്ങളുടെ തന്നെ സ്‌കൂളിൽ ഒരു ചടങ്ങുണ്ടായിരുന്നു. ജലന്ധറിൽ നിന്ന് ബൊക്കെ കൊണ്ടുവരണമെന്ന് അവിടുത്തെ സിസ്റ്റർമാർ വിളിച്ചുപറഞ്ഞു. അതിരാവിലെ പുറപ്പെട്ടു. ചീഫ് ജസ്റ്റിസാണ് മുഖ്യാതിഥി. അദ്ദേഹം വരുന്നതിനു മുമ്പ് എത്തണമല്ലോ. വണ്ടി അതിവേഗം ഓടിച്ചുപോയി. തിരിച്ചെത്തിയപ്പോൾ അച്ചൻ വിളിച്ചു. പ്രോട്ടോക്കോൾ എന്താണെന്ന് അറിയാമോയെന്ന് ചോദിച്ചു. 'കത്തീഡ്രലിന്റെ വികാരിയായ എന്റെ വണ്ടിക്കു മുമ്പിൽ നിങ്ങൾ ഓടിച്ചുകയറ്റി പോയി. അതു പ്രോട്ടോക്കോൾ ലംഘനമാണ്. അറിയാമോ?' ഞാൻ പരുങ്ങി.
ഈ കേസൊക്കെ വന്നപ്പോൾ ജനറാളമ്മയായിരുന്നയാൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് പലരും ചോദിച്ചിരുന്നു. ഇതായിരുന്നു സ്ഥിതി.
ഞങ്ങൾക്കന്ന് അഞ്ച് സ്‌കൂളുണ്ടായിരുന്നു. അതിന്റെ ഡയറക്ടർമാർ രൂപതയിലെ അച്ചൻമാരായിരുന്നു. സ്‌കൂളുകളിൽ ചില അച്ചൻമാർ തന്നെ പോയി പ്രശ്‌നമുണ്ടാക്കും. പണത്തിന്റെ കാര്യമാണെങ്കിൽ സിസ്റ്റർമാർ അക്കൗണ്ട് ചോദിക്കും. അപ്പോൾ ജനറാളമ്മയെ വിളിക്കാൻ അച്ചൻ പറയും. അച്ചൻമാർ അവരുടെ മേൽക്കോയ്മ കാണിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുക. 'നിങ്ങളൊക്കെ ഇന്നലെ പാവാടയിട്ടു വന്നവരല്ലേ'യെന്ന് പരിഹസിക്കും. ഇങ്ങനെ പ്രശ്‌നപരിഹാരത്തിനായി ജലന്ധർ-അമൃത്സർ-ലുധിയാന യാത്ര പതിവായി. മറ്റു സന്യാസസഭകളിലെപ്പോലെയല്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ബിഷപ്പും അച്ചൻമാരും പറയുന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഞങ്ങൾ വല്ലാതെ മടുത്തു. 2010-ൽ എക്‌സ്ട്രാ ഓർഡിനറി ജനറൽ ചാപ്റ്റർ വിളിച്ചുകൂട്ടി ആറു സ്ഥാപനങ്ങൾ ഞങ്ങൾ തിരിച്ച് രൂപതയ്ക്കു കൊടുത്തു. കേരളത്തിൽ കുറവിലങ്ങാട്, കണ്ണൂർ, പരിയാരം എന്നിവിടങ്ങളിലെ മൂന്നു മിഷൻ ഹൗസുകൾ കൈയിൽവെച്ചു. ഇതിനിടെ മടുത്തിട്ട് ചില കന്യാസ്ത്രീകൾ മഠം വിട്ടുപോയി. ഒമ്പതുവർഷം ഞാൻ ജനറാളമ്മയായിരുന്നു.
* എപ്പോഴാണ് നാട്ടിലേക്കു മടങ്ങിയത്?
2012-ൽ എന്റെ ചേച്ചിയുടെ ഭർത്താവിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ചേച്ചിയാണ് കരൾ കൊടുത്തത്. പക്ഷേ ചേട്ടൻ മരിച്ചു. സംസ്‌കാരത്തിന് നാട്ടിൽവന്ന് തിരിച്ചുചെന്നപ്പോൾ അപ്പോഴത്തെ ജനറാളമ്മയോട് ഞാൻ കുറവിലങ്ങാടിന് ട്രാൻസ്ഫർ ചോദിച്ചു. ചേച്ചിയുടെ അടുത്ത് ഇടയ്ക്കിടെ പോകാമല്ലോ എന്നു കരുതി. 2013 ജൂണിൽ ഞാൻ കുറവിലങ്ങാട്ടെത്തി. അന്ന് ഞങ്ങൾ മൂന്നുപേരേ ഹൗസിലുള്ളൂ. വൃദ്ധസദനത്തിൽ മൂന്നുപേരുണ്ടായിരുന്നു. ലേഡീസ് ഹോസ്റ്റലിൽ കുറച്ചു കോളേജ് വിദ്യാർഥികളുമുണ്ടായിരുന്നു. വൃദ്ധസദനവും ഹോസ്റ്റലും പിൽക്കാലത്ത് നിർത്തി.
കന്യാസ്ത്രീയാകാനുള്ള അഞ്ചുവർഷത്തെ ഫോർമേഷൻ സമയത്ത് ഒരിക്കൽ ഞാൻ തിരിച്ചുപോരാൻ ആലോചിച്ചിരുന്നു. രണ്ടും മൂന്നും ബാച്ചുകാർ തമ്മിൽ ചെറിയ പ്രശ്‌നമുണ്ടായി. മൂന്നാംബാച്ചുകാരുടെ തുണികൾ ആരോ പിഞ്ചിക്കീറുന്നുവെന്നായിരുന്നു പരാതി. ഞങ്ങൾ രണ്ടാംബാച്ചുകാരാണ് അതിനു പിന്നിൽ എന്നായിരുന്നു ആരോപണം. ഞങ്ങൾ 12 പേർക്ക് ശിക്ഷതന്നു. മാലിന്യമിടാൻ കുഴികുത്തണം. മൂന്നുമാസം കൊണ്ട് വലിയൊരു കുഴി ഞങ്ങൾ കുത്തി. അപ്പോഴും ആരാണ് യഥാർഥപ്രതി എന്നു കണ്ടെത്തിയില്ല. ഒരുദിവസം അച്ചൻ വിളിച്ചു. പ്രതിയെ കിട്ടിയില്ലെന്നും ആർക്കെങ്കിലും മഠം വിട്ടുപോകണമെങ്കിൽ കൈ പൊക്കാനും പറഞ്ഞു. എന്തോ എന്റെയുൾപ്പെടെ ആറുപേരുടെ കൈപൊങ്ങിയില്ല. കൈപൊക്കിയവരെയെല്ലാം തിരിച്ചു വീട്ടിലേക്കു വിട്ടു.
* സിസ്റ്റർ കുറവിലങ്ങാട്ട് എത്തിയ ശേഷമല്ലേ ബിഷപ്പായി ഫ്രാങ്കോ ജലന്ധറിലെത്തിയത്?
അതെ. ഞാൻ 2013 ജൂണിൽ ഇവിടെയെത്തി. ഓഗസ്റ്റിൽ ഫ്രാങ്കോ ജലന്ധർ ബിഷപ്പായി.
* നേരത്തെ പരിചയമുണ്ടോ?
കണ്ടിട്ടുണ്ട്. ജലന്ധർ രൂപതയുടെ അച്ചൻമാരിലൊരാളായി പല ചടങ്ങുകളിലും കണ്ടിട്ടുണ്ട്. അത്രയും പരിചയമേയുള്ളൂ.
* അക്കാലത്ത് സന്യാസസഭയുടെ സാമ്പത്തിക സ്രോതസ് എന്താണ്?
സ്‌കൂളുകളിൽനിന്നുള്ള ഫീസ്. ഞങ്ങളുടെ സ്ഥലവും സ്ഥാപനങ്ങളുമെല്ലാം രൂപതയുടെ പേരിലായിരുന്നു. ഞാൻ ജനറാളമ്മയായിരുന്നപ്പോൾ പത്തു സെന്റോളം വാങ്ങിയിരുന്നു. അതാണ് എം.ജെ.യുടെ പേരിൽ ആകെയുള്ളത്. ഇപ്പോൾ കൂടുതലുണ്ടാകും. എനിക്കറിയില്ല. 2017 മുതൽ ഒരു സർക്കുലറോ അറിയിപ്പുകളോ ഞങ്ങൾക്ക് അയയ്ക്കാറില്ല. ഞങ്ങളോട് സഭ വിട്ടുപോകണമെന്നു പറയുന്ന കത്തു മാത്രമേ വരാറുള്ളൂ.
* എം.ജെ.യിൽനിന്ന് ഇതുവരെ എത്രപേർ വീട്ടിലേക്കു തിരിച്ചുപോയിട്ടുണ്ടാകും?
ഞാൻ ജനറാളമ്മയായിരിക്കുന്ന ഒമ്പതുവർഷത്തിനിടെ ഒമ്പതുപേർ പോയി. പിന്നീട് ഫ്രാങ്കോ വന്നശേഷം മൂന്നുവർഷത്തിനിടെ 23 പേർ പോയി. ആകെ 86 പേരായിരുന്നു. ആർക്കും ഒരു അസ്വാഭാവികതയും തോന്നിയില്ല.
* നിങ്ങളിപ്പോൾ താമസിക്കുന്ന കുറവിലങ്ങാട് ഹൗസ് ആരുടെ പേരിലാണ്?
ജലന്ധർ രൂപതയുടെ പേരിലാണ്. ഞങ്ങൾക്കിത് ഉപയോഗിക്കാം എന്നേയുള്ളൂ.
*എപ്പോഴാണ് ഫ്രാങ്കോ ഇവിടെ ആദ്യമായി വന്നത്?
2014-ലാണ്. ഇവിടുത്തെ അടുക്കളയുടെ നവീകരണം തുടങ്ങിയിരുന്നു. അത് 2013 നവംബറിൽ ജലന്ധറിൽനിന്ന് ഫ്രാങ്കോ വിളിച്ച് നിർത്തിവെപ്പിച്ചു. കാരണം ചോദിച്ചപ്പോൾ 'ഐ സേ സ്റ്റോപ്പ് ദി വർക്ക്' എന്നു പറഞ്ഞു. ഞാനൊരു കമ്മിഷനെ അന്വേഷണത്തിന് അയയ്ക്കുമെന്ന് പറഞ്ഞു. പിന്നീടൊരു ദിവസം ഞങ്ങളെ അറിയിക്കാതെയാണ് ആദ്യം ഒരു അച്ചന്റെ കൂടെ ഫ്രാങ്കോ വന്നത്.
* പണി നിർത്തിവെക്കാൻ എന്തെങ്കിലും കാരണം പറഞ്ഞിരുന്നോ?
അപ്പോഴാണ് ഞങ്ങൾക്ക് ഇടപെടലുകൾ മനസ്സിലായത്. അനിൽ കൂട്ടോ ബിഷപ്പായിരുന്നപ്പോൾ ഞങ്ങൾക്ക് കുറെക്കൂടി സ്വാതന്ത്ര്യം തന്നിരുന്നു. ഫ്രാങ്കോ എല്ലാം നിയന്ത്രണത്തിലാക്കി. ചെറിയ ആവശ്യങ്ങൾക്കുപോലും അനുമതി വാങ്ങേണ്ടിവന്നു. 2014 മേയ് മാസത്തിലാണ് ഫ്രാങ്കോ ആദ്യമായി ഒറ്റയ്ക്കിവിടെ വന്നത്. ആദ്യമായി ഇവിടെ താമസിച്ചതും അപ്പോഴാണ്. കേസുകളുടെ തുടക്കം അവിടെനിന്നാണ്. പിന്നീട് സഭ വിട്ടുപോയ മറ്റു രണ്ടു കന്യാസ്ത്രീകളാണ് (ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലെ സമരത്തിൽ പങ്കെടുത്തവരല്ല)അപ്പോൾ എനിക്കൊപ്പം ഇവിടെയുണ്ടായിരുന്നത്.
*ഫ്രാങ്കോയ്‌ക്കെതിരേ സിസ്റ്റർ ആരോപണമുന്നയിച്ചത് പണത്തിനു വേണ്ടിയാണ് എന്നായിരുന്നു എതിർപക്ഷം തുടക്കം മുതൽ ആരോപിക്കുന്നത്?
എന്റെ അപ്പച്ചൻ ഒരു സൈനികനായിരുന്നു. 27 വർഷത്തെ സേവനത്തിനുശേഷം വിആർഎസ്. എടുത്താണ് വന്നത്. അമ്മച്ചി മരിക്കുന്നതിന് രണ്ടുവർഷം മുമ്പാണത്. അപ്പച്ചൻ ഞങ്ങളെ എങ്ങനെയാണ് വളർത്തിയതെന്ന് ആരോപണമുന്നയിക്കുന്നവർക്ക് അറിയില്ല. എന്റെ ആങ്ങള വീടു പണിതതിനെക്കുറിച്ചും എന്റെ ചേച്ചി ഷോപ്പിങ് കോംപ്ലക്‌സ് പണിതതിനെക്കുറിച്ചും വരെ ഒരു രാഷ്ട്രീയനേതാവ് മോശമായി പറഞ്ഞു. എന്റെ അമ്മച്ചിക്ക് വല്യപ്പച്ചൻ വാങ്ങിച്ചുകൊടുത്ത സ്ഥലമാണത്. 1974-ൽ. ഞാൻ ജനിച്ചത് 1975-ലാണ്. ഞാൻ ജനറാളമ്മയായിരുന്നപ്പോഴാണ് ഈ സ്ഥലം വാങ്ങിച്ചതെന്നായിരുന്നു ആക്ഷേപം. എനിക്കു തന്നുകൊണ്ടിരുന്ന കാശു കിട്ടാതെയായപ്പോഴാണ് ഞാൻ വ്യാജ ആരോപണം ഉന്നയിച്ചതെന്നാണ് ഒരുസംഘം ആളുകൾ പറഞ്ഞിരുന്നത്.
* ഈ സംഭവത്തിനു ശേഷം സഭ വിട്ടുപോകാൻ ആലോചിച്ചിരുന്നോ?
ആലോചിച്ചിരുന്നു. ഒന്നും ആരോടും പറയാതെ പോകാനാണ് ശ്രമിച്ചത്. കന്യകാത്വം ഇല്ലാത്ത ഒരാൾ കന്യാസ്ത്രീയെന്ന് എങ്ങനെ പറയും? എന്റെ കൂടെയുള്ളവർ ജൂനിയേഴ്‌സായിരുന്നു. അവരോട് പറയാൻ പറ്റുമോ? ഞാൻ എന്റെ സഭയെ അത്രമാത്രം സ്‌നേഹിച്ചിരുന്നു. വീട്ടിലേക്കു പോകാൻ കഴിയില്ലായിരുന്നു. ഭർത്താവ് മരിച്ച ചേച്ചി വീട്ടിലുണ്ട്. ഞാനും ചെന്നാൽ എന്റെ അനിയത്തിയായ കന്യാസ്ത്രീയും വിട്ടുപോരും. മൂന്നുപെണ്ണുങ്ങൾ വീട്ടിലാകുന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. മഠംചാടിയ കന്യാസ്ത്രീ എന്ന പേരും വീഴും. സഭ വിട്ട് സംസ്ഥാനത്തിനു പുറത്തെവിടെയെങ്കിലും പോയി പഠിപ്പിക്കാം. ആരും ഒന്നും അറിയേണ്ട എന്നു വിചാരിച്ചു. പക്ഷേ സഭ വിടാൻ ചേച്ചി ഒട്ടും സമ്മതിച്ചില്ല. അതോടെ ഇതിനുള്ളിൽനിന്നു തന്നെ അധികൃതരെ അറിയിക്കാൻ തീരുമാനിച്ചു. ആദ്യം കുറവിലങ്ങാട് പള്ളിയിലെ അച്ചനോടാണ് കാര്യം പറഞ്ഞത്. പിന്നീടാണ് ബിഷപ്പുമാരെ കണ്ടത്്. ആ വർഷം ഒക്ടോബറിൽ നുൺഷ്യോ വരാപ്പുഴയിൽ വരുന്നുണ്ടെന്നും നേരിട്ടു കാണാമെന്നും ഒരു പിതാവ് പറഞ്ഞു. പക്ഷേ നുൺഷ്യോ വന്നുപോയതാണ് പിന്നീടറിഞ്ഞത്. പിന്നീട് റോമിലേക്കും ഡൽഹിയിൽ നുൺഷ്യോയ്ക്കും കത്തെഴുതി. പക്ഷേ അനുകൂലമായ ഒരു വിവരവും എങ്ങുനിന്നും കിട്ടിയില്ല. വിവരം മേലധികാരികൾ അറിഞ്ഞതോടെ ജലന്ധർ രൂപത ഉപദ്രവിക്കൽ തുടങ്ങി. 'ഞങ്ങൾ കുറവിലങ്ങാട്ടെ സുപ്പീരിയറിനെ തല്ലി, അനുസരിക്കുന്നില്ല' തുടങ്ങിയ ആരോപണങ്ങളുന്നയിച്ചു കത്തുവന്നു. പരാതി സുപ്പീരിയറിന്റെ കൈയിൽനിന്ന് എഴുതിവാങ്ങുകയായിരുന്നു. അന്നുതന്നെ പോലീസ് പഞ്ചാബിൽനിന്നു വിളിച്ചു. അടുത്തമാസം ഞങ്ങളെ അങ്ങോട്ടുവിളിച്ചു. ഞങ്ങൾ പോലീസ് സ്റ്റേഷനിലെത്തി. സിസ്റ്റർമാരായ ആൽഫി, അനുപമ, നീന റോസ്, ലിസി എന്നിവരാണ് കൂടെയുണ്ടായിരുന്നത്. അവിടെ ചോദിച്ചപ്പോൾ അവർക്കു ഇതെക്കുറിച്ച് വിവരമൊന്നുമില്ല. ഏതോ പോലീസുകാരനെക്കൊണ്ട് പേടിപ്പിക്കാൻ വിളിച്ചതായിരുന്നു.
പിന്നീടെന്തുണ്ടായി?
ഇതെല്ലാം നടക്കുന്നത് 2017 നവംബർ-ഡിസംബർ സമയത്താണ്. അതുകഴിഞ്ഞ് എന്റെ സഹോദരനെതിരേ പഞ്ചാബ് പോലീസിൽ പരാതി കിട്ടി. ആങ്ങളയെ അങ്ങോട്ടു വിളിപ്പിച്ചു. ഭയം തോന്നിയതിനാൽ പോയില്ല. ഞങ്ങൾ ആറുപേർക്കെതിരേ പ്രതികാര നടപടികൾ തുടങ്ങിയെന്ന് മനസ്സിലായി. വീട്ടുകാർക്കെതിരേയും പോലീസിൽ പരാതികളായി. ബിഷപ്പ് ഫ്രാങ്കോയെ ഞങ്ങൾ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ചോദ്യം ചെയ്യാനായി എന്റെ സഹോദരനെ കുറവിലങ്ങാട് പോലീസ് വിളിപ്പിച്ചു. കുടുക്കുകയാണെന്ന് മനസ്സിലായി. ആ സമയത്താണ് പീഡനം സംബന്ധിച്ച് ഞാൻ സഭാധികാരികൾക്ക് നേരത്തേ എഴുതിയ കത്ത് പോലീസിനു കൊടുക്കേണ്ടിവന്നത്. ഒരിക്കലും പോലീസിൽ പരാതി നല്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല. എന്റെ ആങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ചെയ്യേണ്ടിവരികയായിരുന്നു. തുടർന്ന് സംഭവം പരാതിയായി കോട്ടയം എസ്.പി.ക്കു നൽകി. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒരുകാലഘട്ടം വരെ അഞ്ചു സിസ്റ്റർമാർ എന്റെ മുഖവും കൈയുംകാലുമൊക്കെയായി പ്രവർത്തിച്ചു. വീഴാൻ അവർ അനുവദിച്ചില്ല. ഒറ്റപ്പെടൽ മടുത്തിട്ട് മൂന്നുപേർ സഭ വിട്ടുപോയി. ഇനി രണ്ടുപേർ കൂടെയുണ്ട്. അവരോടും ഞാൻ പറഞ്ഞിട്ടുണ്ട്, എപ്പോൾ പോകണമെന്നു തോന്നിയാലും പോകണമെന്ന്. 'നിൽക്കാനറിയാമെങ്കിൽ പോകാനുമറിയാം. ഉപദേശമൊന്നും വേണ്ടെ'ന്ന് അവർ വഴക്കു പറയും. ഇനി കേസ് തീരുന്നതുവരെ എന്തു സഹിക്കേണ്ടിവന്നാലും ഞാൻ ഉറച്ചുനിൽക്കും. വിചാരണക്കോടതി വിധിയിൽ ഞങ്ങൾ തോറ്റുപോയെങ്കിലും ഞങ്ങളെ പിന്തുണയ്ക്കുന്ന വലിയൊരു സമൂഹം പുറത്തുണ്ട്. ഞങ്ങളെ അറിയാത്ത എത്രയോ ആയിരങ്ങൾ പിന്തുണയ്ക്കുന്നു.
*ഇപ്പോൾ ഇതെല്ലാം തുറന്നുപറയാൻ എന്താണ് കാരണം?
നടിക്കെതിരേയുണ്ടായ കേസ് വിധിയാണ് കാരണം. 13 തവണ പീഡനത്തിനിരയായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും പണം കിട്ടാതായപ്പോൾ പരാതി നൽകിയെന്നുമാണല്ലോ ഒരുവിഭാഗമാളുകൾ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. ഒരു തവണ ആക്രമണത്തിനിരയായ നടിയുടെ കേസിലും വിധി അവർക്കെതിരായിരുന്നല്ലോ. അവർ അന്നുതന്നെ പോലീസിൽ പറഞ്ഞതല്ലേ?
*വിചാരണഘട്ടം എങ്ങനെ നേരിട്ടു?
വളരെ കഠിനമാണ്. 13 ദിവസം ക്രോസ് വിസ്താരമുണ്ടായിരുന്നു. കോടതിയുടെ മുമ്പാകെ ഇരിക്കുന്ന കേസായതിനാൽ അതെക്കുറിച്ച് കൂടുതൽ പറയുന്നില്ല. വിചാരണദിവസങ്ങളിൽ രാത്രി ഉറക്കമില്ല. രാവിലെ മൈഗ്രേനുള്ള ഗുളിക കഴിച്ചാണ് പോയിരുന്നത്.
*പീഡനം നേരിട്ടത് ആരോടും പറയാനാകാതെ അനുഭവിച്ച മാനസികസംഘർഷം എങ്ങനെയാണ് നേരിട്ടത്?
കരച്ചിൽ മാത്രമായിരുന്നു. എനിക്ക് വിട്ടുമാറാത്ത ജലദോഷമുണ്ടായിരുന്നു. ഞാൻ മുറിയിലിരുന്ന് കരഞ്ഞിട്ടുവന്നാലും ജലദോഷത്തിന്റെയാണെന്നേ മറ്റു സിസ്റ്റർമാർ വിചാരിക്കൂ. എനിക്കൊരു പ്രശ്‌നവുമില്ല, ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിക്കാൻ ഞാൻ അനുഭവിച്ച വേദനയാണ് എന്റെ ഏറ്റവും വലിയ വേദന. ലിസി വടക്കേൽ എന്ന കന്യാസ്ത്രീയായിരുന്നു വലിയൊരു ആശ്വാസം. അമ്മ ഇടയ്ക്കിടെ വരുമായിരുന്നു. ഒരുസമയത്ത് ഞാൻ വല്ലാതെ മടുത്തു. ഇവിടെ മുറിയിലും കുളിമുറിയിലുമൊക്കെ പലതവണ പാമ്പുകയറിയിട്ടുണ്ട്. ആരെങ്കിലും കാണും. തല്ലിക്കൊല്ലും. ഒരെണ്ണംപോലും എന്നെ കടിക്കുന്നില്ലല്ലോ എന്നു വിഷമിച്ചിട്ടുണ്ട്. ആ മനസ്സൊക്കെ ഇപ്പോൾ മാറി.
* 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് കേസ്. സ്വാഭാവികമായും ആദ്യംതന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യം വരില്ലേ?
മുപ്പതിനായിരം തവണ സംഭവിച്ചാലും പുറത്തുപറയാൻ കഴിയില്ല. അതാണ് സംവിധാനം. കന്യാസ്ത്രീക്ക് ഏറ്റവും വേണ്ടത് കന്യാവ്രതമാണ്. അത് നഷ്ടപ്പെട്ടുവെന്ന് എങ്ങനെ പുറത്തുപറയും? അതും അധികാരിയിൽനിന്ന്. എന്റെ ജൂനിയറായ കന്യാസ്ത്രീകളോട് ഞാനിതെങ്ങനെ പറയും? ഞാൻ പറഞ്ഞല്ലോ നിവൃത്തികേടു കൊണ്ടാണ് പിന്നീട് പറയേണ്ടിവന്നത്. അതോടെ ഫ്രാങ്കോയെ ഇങ്ങോട്ടുവരാൻ ഞങ്ങൾ സമ്മതിക്കാതായി. അപ്പോഴാണ് ഇവിടുത്തെ എന്റെ സുപ്പീരിയർഷിപ്പ് മാറ്റി മറ്റൊരാളെ വെച്ചത്. അപ്പോൾ എന്നെ അറിയിക്കാതെ ഫ്രാങ്കോയ്ക്കു വരാമെന്നായി. 2017 മേയ് മാസം സന്യാസസഭ വിട്ടുപോകാൻ ഞാൻ കത്തു നൽകിയിരുന്നു. ഇതറിഞ്ഞ് 16 പേരോളം കൂടെപ്പോരാൻ തുടങ്ങി. അതുകൊണ്ട് ഞാൻതന്നെ കത്തു പിൻവലിച്ചു. സിസ്റ്റർമാർക്ക് സഭ വിട്ടുപോകുകയെന്ന് ഒട്ടും എളുപ്പമല്ല, അച്ചൻമാർ സെമിനാരി വിടുന്നതുപോലെയല്ല അത്. ഒന്നുകിൽ പ്രായംകഴിഞ്ഞുകാണും. മാതാപിതാക്കൾ മരിച്ചുകാണും. എങ്ങോട്ടുപോകും? മികച്ചരീതിയിൽ നടക്കുന്ന എത്രയോ സന്യാസസഭകളുണ്ട്. അവർക്ക് ഞാൻ പറയുന്നതിന്റെ ഗൗരവം മനസ്സിലാകാത്തത് സംവിധാനങ്ങളിലെ വ്യത്യാസം കൊണ്ടാവും. അതിനാൽ അവരെയൊന്നും കുറ്റം പറയാൻ കഴിയില്ല.
* ആദ്യ ബലാൽസംഗം നടന്നതിനു പിറ്റേന്ന് ഫ്രാങ്കോയുടെ കൂടെ യാത്ര ചെയ്തു. ഒരു ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുത്തുവെന്ന് എതിർഭാഗം ചൂണ്ടിക്കാട്ടിയിരുന്നല്ലോ? എന്തായിരുന്നു സാഹചര്യം?
എന്റെ ചേച്ചിക്ക് മകനുണ്ടാകുന്നത് വിവാഹം കഴിഞ്ഞ് ഒമ്പതു വർഷം കഴിഞ്ഞാണ്. ആദ്യ കുർബാനയ്ക്ക് ഒരു ബിഷപ്പിനെ കിട്ടിയാൽ നല്ലതാണെന്ന് എന്റെ കസിൻ വൈദികനായ സെബാസ്റ്റ്യനാണ് പറഞ്ഞത്. മേയ് മാസത്തിൽ ഫ്രാങ്കോ നാട്ടിൽ വരുന്ന സമയമാണ്. സെബാസ്റ്റ്യനാണ് അപ്പോയ്ന്റ്‌മെന്റ് എടുത്തതും. ആദ്യ കുർബാനയ്ക്കു തലേന്നാണ് ഇവിടെവെച്ച് ആ സംഭവമുണ്ടാകുന്നത്. പിറ്റേന്ന് ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ എനിക്കു കഴിയുകയുമില്ല. പിതാവ് പങ്കെടുക്കണമെന്ന് അവർ ഒത്തിരി ആഗ്രഹിച്ചതല്ലേ. അവരോട് എനിക്കിതു പറയാൻ പറ്റുമോ? എല്ലാ വേദനയും ഉള്ളിലൊതുക്കി പങ്കെടുക്കേണ്ടിവന്നു.
*കുറവിലങ്ങാട് ഹൗസിലുണ്ടായിരുന്ന സിസ്റ്റർമാർ പിന്നീട് രണ്ടുവിഭാഗമായി മാറിയില്ലേ? സിസ്റ്റർക്കൊപ്പമുള്ളവരും അല്ലാത്തവരുമായി?
അതെ. എനിക്കൊപ്പം അഞ്ചുപേർ. ഒരു സെപ്റ്റംബർ എട്ടിന് ആരോ ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നു. ഇവിടെനിന്ന് ഓർഡർ നൽകിയത് ഞങ്ങൾക്കറിയില്ലായിരുന്നു. സുപ്പീരിയർ വന്നു പറഞ്ഞു 'ഇന്നു ഞങ്ങളുടെ കോൺഗ്രിഗേഷൻ ഡേയാണ്. ഞങ്ങൾക്കുള്ള ഭക്ഷണമാണെ'ന്ന്. തകർന്നുപോയി. ഞങ്ങളും ആ കോൺഗ്രിഗേഷനല്ലേ. അവരന്ന് 12 പേരോളം ഇവിടെയുണ്ട്. ഞങ്ങൾ ഉച്ചയ്ക്കത്തെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചു. ആ സമയത്ത് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ലായിരുന്നു. വെറുതെയിരുന്നു. രാവിലെ എന്തിന് എഴുന്നേൽക്കണമെന്നു തോന്നിത്തുടങ്ങി. ഒന്നും ചെയ്യാനില്ലല്ലോ. ആ സമയത്ത് സിസ്റ്റേഴ്‌സ് ഇൻ സോളിഡാരിറ്റി(എസ്.ഐ.എസ്.) എന്ന സംഘം ഞങ്ങളെ സഹായിച്ചു. ഇടയ്ക്കു വരും, വിളിക്കും. ഞങ്ങളെ വീഴാതെ കാത്തു. ആ സമയത്തെല്ലാം സർക്കാരിന്റെ ഷെൽറ്റർ ഹോമിലേക്കു മാറാൻ രൂപതയിൽനിന്ന് സമ്മർദ്ദമുണ്ടായിരുന്നു. 2022-ൽ കേസിലെ വിധി വന്നുകഴിഞ്ഞ് ഞങ്ങളോട് ലീവെടുക്കാൻ ആവശ്യപ്പെട്ടു. കേസെല്ലാം തോറ്റല്ലോ എന്നാണ് പറഞ്ഞത്. ഒരിക്കൽ ഇവിടെനിന്ന് ഇറങ്ങിയാൽ തിരികെ വരാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. ഈ അവഗണനകളാണ് ഞങ്ങളെ കരുത്തരാക്കിയത്. അതിന് അവരോട് നന്ദി പറയണം. കേസിന്റെ വിചാരണവേളയിൽ കേസിന്റെ ആവശ്യത്തിനായി ഈ മഠത്തിന്റെ കരമടച്ച രസീതിന്റെ ഒരു കോപ്പി ഞാൻ ചോദിച്ചിട്ട് അലമാരയിലുണ്ടായിട്ടും തരാത്തയാളുണ്ട്. ഞാൻ നുൺഷ്യോയ്ക്ക് കത്തുകൊടുത്തത് കിട്ടിയെന്ന് എന്നോട് പറയണമെന്ന് അദ്ദേഹം ഒരു സിസ്റ്ററിനോട് പറഞ്ഞിരുന്നു. എന്നോടു പറഞ്ഞു. പക്ഷേ, കേസിന് വിലപ്പെട്ട രേഖയായതിനാൽ അദ്ദേഹത്തിന്റെ കത്തിന്റെ ഒരു കോപ്പി ഞാൻ ചോദിച്ചിട്ടും തന്നില്ല.
2023 മേയ് 16-ന് ഞങ്ങളൊഴികെ മറ്റുള്ളവരെല്ലാം പോയി. ഇവിടിരുന്ന വിറകുപോലും കൊണ്ടുപോയി. പഴയ ഒരു സ്‌കൂട്ടി മാത്രം ഞങ്ങൾ ചോദിച്ചുവാങ്ങി. ഈ മഠംതന്നെ തിരിച്ചു രൂപതയ്ക്കു കൊടുത്താണ് പോയത്. റോഡിലുണ്ടായിരുന്ന ബോർഡുപോലും ഭാഗികമായി മായിച്ചു. അതൊക്കെ അവരെക്കൊണ്ട് ചെയ്യിച്ചതാവാനേ സാധ്യതയുള്ളൂ. ഞങ്ങൾ അത്രയ്ക്കു സ്‌നേഹിച്ചവരാണ്.
*നിങ്ങൾക്കുള്ള അലവൻസുകൾ നിർത്തിയിട്ട് എത്ര നാളായി?
ഈ നവംബർ വരുമ്പോൾ മൂന്നുവർഷമാകും. അയ്യായിരം രൂപയായിരുന്നു ഒരാളുടെ മാസ അലവൻസ്. ലീവെടുത്തു പോകാൻ പറഞ്ഞിട്ട് കൂട്ടാക്കാത്തതു കൊണ്ടാണ് എല്ലാ അലവൻസുകളും നിർത്തിയത്.
*പിന്നീട് എങ്ങനെ ജീവിക്കുന്നു?
വീട്ടുകാരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഞങ്ങൾ എന്നേ വീണുപോയേനെ. സഹായിക്കുന്ന കുറെപ്പേരുണ്ട്. ഞങ്ങൾ 28 കോഴിയെയും 32 താറാവിനെയും വളർത്തുന്നുണ്ട്. അതിന്റെ മുട്ട വിൽക്കും. അഭ്യുദയകാംക്ഷികൾ ചേർന്ന് ഒരു പശുവിനെ വാങ്ങിത്തന്നു. മൂന്നരലിറ്റർ പാൽ കിട്ടുന്നുണ്ട്. അതു വിൽക്കാം. തയ്യൽ മെഷീൻ വാങ്ങിച്ചുതന്നവരുണ്ട്. മഠത്തിന് അടുത്തുള്ള ലത്തീൻപള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കുപോകും. അവരൊക്കെ നല്ല സഹകരണമാണ്. ഇടദിവസങ്ങളിൽ മഠത്തിലെ ചാപ്പലിൽത്തന്നെ പ്രാർഥന. രാവിലെ 5.45-ന് ഞങ്ങൾ മൂന്നുപേരും ചാപ്പലിലെത്തും.
* പകലൊക്കെ എന്തുചെയ്യും?
ഞങ്ങൾക്ക് ഒട്ടും സമയമില്ല. ഒരാൾ കൃഷിയിലാണ്. തിരിച്ചുവന്നാൽ എംബ്രോയിഡറി വർക്ക് ചെയ്യും. തയ്ച്ചു കൊടുക്കുന്നുണ്ട്. എസ്.ഐ.എസ്. ഗ്രൂപ്പുകാർ അവരുടെ പരിപാടികൾക്ക് ബാഗുകൾ തയ്ച്ചു വാങ്ങാറുണ്ട്. അതെല്ലാം യുട്യൂബ് നോക്കി പഠിച്ചതാണ്. എസ്.ഐ.എസുകാർ നിരന്തരം വിളിച്ച് ഓരോ ജോലികൾ ഏൽപ്പിക്കും. അങ്കമാലിയിൽ ജയശ്രീ എന്നൊരു ടീച്ചറുടെ അടുത്തുപോയി ബംഗാളി രീതിയിൽ സാരിയിൽ ബാത്തിക് പ്രിന്റുകൾ ചെയ്യുന്നത് പഠിച്ചു. അതിപ്പോൾ ചെയ്തു കൊടുക്കുന്നുണ്ട്. ജീവിക്കാനുള്ള തത്രപ്പാടുകൾ.
*അപ്പീൽ ഹൈക്കോടതിയിൽ നടത്താൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നോ?
ഉവ്വ്. ആദ്യം കോട്ടയം ജില്ലാ പോലീസ് മേധാവിയെയാണ് സമീപിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ നവംബർ 12-ന് മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു. അഡ്വ. ബി.ജി. ഹരീന്ദ്രനാഥിന്റെ പേരു നൽകിയിട്ടുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നടിയുടെ കേസുവന്നപ്പോൾ എല്ലാവരും 'അവൾക്കൊപ്പം' എന്നൊക്കെ പറയുന്നതു കണ്ടു. പക്ഷേ ഫലത്തിൽ പലപ്പോഴും അതൊന്നും കാണാറില്ല. ആദ്യംതന്നെ തുറന്നുപറയാൻ തയ്യാറായ നടിക്കെങ്കിലും നീതി കിട്ടുമെന്ന് വിചാരിച്ചു. അതും ഉണ്ടാകാഞ്ഞപ്പോഴാണ് ഞാനും സംസാരിക്കാൻ തീരുമാനിച്ചത്.
* യൂറോപ്പിലെ വലിയൊരു ഫൗണ്ടേഷനിൽനിന്ന് ഒരു ഓഫർ വന്നിരുന്നല്ലോ. അവരുടെ പിൻഗാമിയാക്കാമെന്നു പറഞ്ഞുവെന്ന് കേട്ടു. എന്താണ് നിരസിച്ചത്?
ഞാൻ പറഞ്ഞല്ലോ ഞങ്ങളറിയാതെ ഞങ്ങളെ സ്‌നേഹിക്കുന്ന, പിന്തുണയ്ക്കുന്ന ഒരുപാടു പേരുണ്ട്. അവർക്കായി നീതിക്കായുള്ള പോരാട്ടം തുടരണമെന്നു തോന്നി. ഒരുപാട് രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന വലിയൊരു ഫൗണ്ടേഷനാണത്. ഒരാളെ അതിന്റെ മേലധികാരിയാക്കാമെന്നും എല്ലാവരേയും കൊണ്ടുപോകാമെന്നുമായിരുന്നു ഓഫർ. അതുപോലും തിരസ്‌കരിച്ചത് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരണമെന്നതു കൊണ്ടാണ്. അതിൽ തോറ്റുപോയേക്കാം. പക്ഷേ പോരാടുകതന്നെ ചെയ്യും. ഞാനാകെ 17 വർഷമെ വീട്ടിൽ ജീവിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മഠത്തിലാണ്. ഞാൻ എങ്ങോട്ട് ഇറങ്ങിപ്പോകാനാണ്? മരിക്കേണ്ടിവന്നാലും ഇവിടെത്തന്നെ.
* മാധ്യമങ്ങളിൽ വാർത്ത വന്നാൽ കൂടുതൽ പ്രതികാരനടപടികൾ ഉണ്ടാകുമെന്ന് പേടിയുണ്ടോ?
ഇതിൽക്കൂടുതൽ എന്തു വരാനാണ്? ഭക്ഷണം, വസ്ത്രം, മരുന്ന് ഇവയൊന്നും തരുന്നില്ല. പാർപ്പിടം മാത്രമേയുള്ളൂ. ഇനിയൊന്നും നിഷേധിക്കാനില്ലല്ലോ.
Content Highlights: franco mulakkal nun rape case survivor interview